welfare-party

കോഴിക്കോട്: മുക്കത്ത് വെൽഫയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയത് ചോദ്യം ചെയ്തതിനെത്തുടർന്ന് അച്ചടക്ക നടപടി നേരിട്ട കോൺഗ്രസ് പ്രവർത്തകർ നേതൃത്വത്തിനെതിരെ രംഗത്ത്. അച്ചടക്കനടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ കോഴിക്കോട് ഡി.സി.സി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മുക്കം നഗരസഭയിൽ വെൽഫയർ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് നേതൃത്വം എടുത്ത തീരുമാനത്തെ ചില പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. തീരുമാനം നടപ്പാക്കാഞ്ഞ പ്രവർത്തകരെ നേതൃത്വം പുറത്താക്കി. വെൽഫയർ ബന്ധത്തെ എതിർത്ത പ്രാദേശിക നേതാക്കൾ ബൂത്ത് കമ്മിറ്റികൾ പിരിച്ചുവിട്ടിരുന്നു.

പിന്നീട് നടന്ന സംഘടനാ തിരഞ്ഞെടുപ്പിൽ ജയിച്ച് വന്ന മണ്ഡലം ഭാരവാഹികളെ ഡി.സി.സി നേതൃത്വം അംഗീകരിക്കുന്നില്ലെന്നാണ് മുക്കത്തെ കോൺഗ്രസ് പ്രവർത്തകരുടെ പരാതി. പുറത്താക്കിയവരെ തിരിച്ചെടുത്തിട്ടുമില്ല. ഇതിൽ പ്രതിഷേധിച്ചാണ് അമ്പതോളം പ്രവർത്തകർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. മുക്കത്ത് കോൺഗ്രസ് വെൽഫയർ ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്ന് പ്രവർത്തകർ ആരോപിച്ചു.

തിരഞ്ഞെടുപ്പടുത്തിരിക്കെ പ്രവർത്തകർ ഇടഞ്ഞു നിൽക്കുന്നത് ജില്ലാനേതൃത്വത്തിനും യു.ഡി.എഫിനും വെല്ലുവിളിയാണ്. തിരുവമ്പാടി നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് മുക്കം നഗരസഭ. കടുത്ത പോരാട്ടം നടക്കുന്ന തിരുവമ്പാടിയിൽ കോൺഗ്രസിലെ ചോരിപ്പോര് യു.ഡി.എഫിന് തലവേദനയാവുകയാണ്.