
തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും കുറഞ്ഞ കൊവിഡ് വ്യാപന നിരക്കാണ് നിലവിൽ സംസ്ഥാനത്തുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പരമാവധി വേഗത്തിൽ വാക്‌സിനെത്തിക്കാൻ ശ്രമിക്കുകയാണ്. വാക്‌സിനെതിരെ സംസ്ഥാനത്ത് പ്രചാരണം നടക്കുന്നുണ്ട്.
വാക്‌സിനേഷൻ കൊണ്ട് പെട്ടെന്ന് ആശ്വാസം ലഭിക്കില്ല. ആദ്യ ഡോസ് വാക്‌സിനെടുത്ത പകുതി പേർക്കാണ് പ്രതിരോധം ലഭിക്കുക. ഒരാൾക്ക് കൊവിഡിൽ നിന്ന് 70 മുതൽ 80 ശതമാനം വരെ സുരക്ഷ ലഭിക്കണമെങ്കിൽ രണ്ട് ഡോസുമെടുത്ത് 14 ദിവസം കഴിയണം. അതുകൊണ്ട് വാക്‌സിൻ എടുത്തു എന്ന് കരുതി കൊവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്‌ച പാടില്ലെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ സോപ്പുപയോഗിച്ച് ശുചിയാക്കുക മുതലായ രോഗവ്യാപനത്തെ പ്രതിരോധിക്കാനുളള മാർഗ്ഗങ്ങൾ പാലിക്കാൻ ജനങ്ങൾ ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ അഞ്ച് ലക്ഷത്തിൽ പരം ആളുകൾക്ക് വാക്‌സിൻ നൽകി. ആർക്കും കാര്യമായ ആരോഗ്യപ്രശ്‌നമുണ്ടായതായി റിപ്പോർട്ടില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.