
സൂററ്റ്: നിരോധിത സംഘടനയായ സിമിയുടെ (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഒഫ് ഇന്ത്യ) പ്രവർത്തകരാണെന്നാരോപിച്ച് ഗുജറാത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട 127 പേരെ സൂററ്റ് ചീഫ് മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കി. ആരോപിക്കപ്പെട്ട കുറ്റങ്ങൾ തെളിയിക്കാൻ വാദിഭാഗത്തിന് കഴിയാഞ്ഞതിനെത്തുടർന്ന് 20 വർഷങ്ങൾക്കിപ്പുറമാണ് ഇവർ കുറ്റവിമുക്തരാകുന്നത്. സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അമിത് ദേവാണ് വിധി പ്രഖ്യാപിച്ചത്.
നവ്സരി ബസാർ പ്രദേശത്തെ രാജ്ശ്രീ ഓഡിറ്റോറിയത്തിൽ നിന്നും 2001 ഡിസംബർ 27 നാണ് ഇവരെ യു.എ.പിഎ ചുമത്തി അറസ്റ്റ് ചെയ്തത്. ശേഷം എല്ലാവർക്കും ഒൻപത് മാസത്തോളം ജയിലിൽ കഴിയേണ്ടതായി വന്നു. നിരോധിത സംഘടനയുടെ പ്രവർത്തകരായ ഇവർ യോഗം സംഘടിപ്പിച്ചെന്നും നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നുമായിരുന്നു പൊലീസ് ആരോപിച്ചിരുന്നത്. സിമി സംഘടനയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുളള പ്രമുഖ കേസുകളിൽ ഒന്നായിരുന്നു ഇത്. ഇവരിൽ അഞ്ചുപേർ വിചാരണ കാലയളവിൽ മരണപ്പെട്ടിരുന്നു.
കുറ്റാരോപിതർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും സംഭവസ്ഥലത്തുനിന്നും നിയമവിരുദ്ധ സാഹിത്യരചനകൾ കണ്ടെത്തിയതായും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. കുറ്റം ചുമത്തപ്പെട്ടവർ 20 വർഷമായി ഒരുതെറ്റും ചെയ്യാതെ വേദനാജനകമായ ജീവിതം നയിച്ചുവെന്ന് പ്രതിഭാഗം അഭിഭാഷകൻ എം.എം. ഷെയ്ക് പറഞ്ഞു. നഷ്ടപ്പെട്ട അന്തസിനും വർഷങ്ങളായി അനുഭവിച്ച വേദനയ്ക്കും ആര് നഷ്ടപരിഹാരം നൽകും, ഇവരിൽ ഉന്നത വിദ്യാഭ്യാസം നേടിയവരും ബിസിനസുകാരും ഉൾപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേത്തു.