
റിയോഡി ജനീറോ: കള്ളൻമാരെയും പാപികളെയും നേർവഴിക്ക് നടത്തുന്നവരാണ് പുരോഹിതൻമാർ. എന്നാൽ കളിത്തോക്കുമായി മോഷ്ടിക്കാനിറങ്ങി, കയ്യോടെ പൊലീസിന്റെ പിടിയിലായ പുരോഹിതന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.
ബ്രസീലിലെ എലിസ്യൂ മൊറീറ എന്ന കത്തോലിക്കാ പുരോഹിതനാണ് കളിത്തോക്കുമായി സൂപ്പർ മാർക്കറ്റ് കാഷ്യറെ ഭീഷണിപ്പെടുത്തി പണവുമായി കടന്നു കളഞ്ഞത്. സ്ഥാപനത്തിലെ സി.സി ടി.വിയിൽ പതിഞ്ഞ രംഗങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
28 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ എലിസ്യൂ മൊറീറ സൂപ്പർ മാർക്കറ്റിൽ നിന്നും പല സാധനങ്ങൾ ശേഖരിച്ച ശേഷം കാഷ്യർ ആയ സ്ത്രീയുടെ അടുത്തേക്കെത്തുന്നത് കാണാം. ബിൽ അടിക്കുന്നതും പുരോഹിതൻ പണം നൽകുന്നതും കാണാം. അത് സ്ത്രീ എണ്ണിത്തിട്ടപ്പെടുത്തുമ്പോഴേക്കും അരയിൽ തിരുകിയ കളിത്തോക്ക് പുറത്തെടുത്ത എലിസ്യൂ മൊറീറ, അത് സ്ത്രീക്ക് നേരെ ചൂണ്ടി. പേടിച്ച സ്ത്രീ ഉടനെ ക്യാഷ് ബോക്സിൽ നിന്നും പണം മുഴുവൻ എടുത്തു നല്കി. പണം കൈക്കലാക്കിയ എലിസ്യൂ, താൻ വാങ്ങിയ സാധനങ്ങളുമെടുത്ത് സൂപ്പർമാർക്കറ്റിന് പുറത്തേക്ക് പോകുന്നതും ദൃശ്യത്തിൽ കാണാം.
ഏറ്റവും ശ്രദ്ധേയമായ കാര്യം താൻ പുരോഹിതനായി 18 മാസം തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് എലിസ്യൂ മൊറീറ സൂപ്പർ മാർക്കറ്റ് കൊള്ളയടിച്ചത്. പാസോ ഫണ്ടോ അതിരൂപതയിൽ നിന്ന് ലഭിച്ച വാഹനവുമായി കടന്നു കളഞ്ഞ എലിസ്യൂ മൊറീറയെ പൊലീസ് ചെക്ക് പോയിന്റിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.
27 കാരനായ പുരോഹിതനിൽ നിന്നും വ്യാജ തോക്കും അപഹരിച്ച 249 ഡോളറിൽ 116 ഡോളറും പിടിച്ചെടുത്തു. ഭ്രാന്ത് പിടിച്ച ഏതോ നേരത്താണ് കളിത്തോക്കുമായി സൂപ്പർമാർക്കറ്റിലേക്ക് കയറിച്ചെല്ലാൻ തനിക്ക് തോന്നിയത് എന്ന് മൊറീറ അധികാരികളോട് പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ ഡിയോഗോ ഫെറെയിറ വാർത്താ ഏജൻസിയോട് പറഞ്ഞു.
'അയാൾ കടക്കെണിയിലാണോ എന്ന് ഞങ്ങൾക്ക് അറിയില്ല. അദ്ദേഹം തികച്ചും ശാന്തനായിരുന്നു. അവൻ എന്താണ് ചെയ്തതെന്ന് അവന് മനസിലായില്ലെന്നും അദ്ദേഹം മറ്റേതോ ലോകത്താണെന്നും' പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
പ്രാദേശിക കോടതി പുരോഹിതനെ താത്കാലികമായി തടങ്കലിൽ പാർപ്പിച്ചു. യുവപുരോഹിതന് മാനസികവൈകല്യം ഉള്ളതായി അഭിഭാഷകൻ വെളിപ്പെടുത്തി.