
കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ നന്ദിഗ്രാമിൽ ബിജെപിയുടെ സവേന്ദു അധികാരി മത്സരിക്കും. നന്ദിഗ്രാമിലേത് ഉൾപ്പെടെ 57 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. ബംഗാളിലെ ഇടതു ഭരണത്തെ തൂത്തെറിയാൻ ഇടയാക്കിയ നന്ദിഗ്രാമിലെ ഭൂസമരകാലത്ത് മമതാബാനർജിയുടെ വലംകൈയും വിശ്വസ്തനുമായിരുന്ന സുവേന്ദു അധികാരിയുടെ സിറ്റിംഗ് സീറ്റാണ് നന്ദിഗ്രാം. സി.പി.എം വിട്ടുവന്ന തപസ്വി മണ്ഡലാണ് ഹൽദിയയിൽ ബി.ജെ.പി സ്ഥാനാർത്ഥി.ദേവ്ര സീറ്റിൽ രണ്ട് ഐ.പി.എസ് ഓഫീസർമാരും ബി.ജെ.പിക്കായി കളത്തിലിറങ്ങും.
ഡിസംബറിലാണ് ഗതാഗത, പരിസ്ഥിതി മന്ത്രിയായിരുന്ന സുവേന്ദു സ്ഥാനം രാജിവച്ച് ബി.ജെ.പിയിൽ ചേർന്നത്. പിന്നാലെ അധികാരിയെ പിന്തുണക്കുന്ന നിരവധി നേതാക്കളും ബിജെപിയിലെത്തി. വെള്ളിയാഴ്ചയാണ് മമതാ ബാനർജി നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് അറിയിച്ചത്. നേരത്തെ രണ്ട് സീറ്റിൽ മത്സരിക്കുമെന്ന് അറിയിച്ച മമത, പിന്നീട് ബി.ജെ.പി വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമിൽ മാത്രം ജനവിധി തേടാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം നന്ദിഗ്രാമിലെ സി.പി.എം - കോൺഗ്രസ്- ഐ.എസ്,എഫ് സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐ.എസ്.എഫ് നേതാവായ അബ്ബാസ് സിദ്ദിഖിയുടെ കുടുംബത്തിലെ ആരെങ്കിലും ഒരാളായിരിക്കും നന്ദിഗ്രാമിൽ ജനവിധി തേടുകയെന്നും സൂചനയുണ്ട്.
മമതയുടെ സിറ്റിംഗ്സീ റ്റായ ഭവാനിപുരിൽ ഊർജമന്ത്രി സൊവൻദേബ് ചക്രബൊർത്തി മത്സരിക്കും. പൂർബ മിഡ്നാപുർ ജില്ലയിൽ അധികാരി കുടുംബത്തിന് വ്യക്തമായ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ബംഗാൾ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമായിരിക്കും ഇവരടേത്. മമതയെ അമ്പതിനായിരം വോട്ടിന് തോൽപ്പിക്കുമെന്നും ഇല്ലെങ്കിൽ രാഷ്ട്രീയം വിടുമെന്നും സുവേന്ദു അധികാരി നേരത്തെ പറഞ്ഞിരുന്നു.