
നാലാം ടെസ്റ്റിൽ മൂന്നാം ദിനം വിജയം
അഹമ്മദാബാദ് : മൂന്നാം ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് തീർന്നപ്പോൾ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഒതുക്കാൻ ഇന്ത്യയ്ക്ക് മൂന്ന് ദിവസമേ വേണ്ടിവന്നുള്ളൂ. നാലാം ടെസ്റ്റിൽ സമനില നേടായാൽപ്പോലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് അവസരം ലഭിക്കുമായിരുന്ന ഇന്ത്യ എന്നാൽ ഇന്നിംഗ്സിനും 25റൺസിനും ഗംഭീരവിജയം നേടി രാജകീയമായിത്തന്നെ ഫൈനലിന് ടിക്കറ്റെടുക്കുകയായിരുന്നു.
നഷ്ടപ്പെട്ടുപോയ ടെസ്റ്റിലെ ഒന്നാം സ്ഥാനം ഈ ജയത്തോടെ തിരിച്ചുപിടിക്കാൻ കഴിഞ്ഞത് ഇരട്ടിമധുരമായി.
മൂന്നാം ദിനമായ ഇന്നലെ സ്പിൻ ദ്വയങ്ങളായ അശ്വിനും അക്ഷറും നിറഞ്ഞാടിയപ്പോൾ 160 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിറങ്ങിയ ഇംഗ്ലണ്ട് 135 റൺസിന് ആൾഔട്ടാവുകയായിരുന്നു. വാഷിംഗ്ടൺ സുന്ദറിന് (പുറത്താകാതെ 96) അർഹിച്ച സെഞ്ച്വറി നേടാൻ കഴിയാത്തത് മാത്രമാണ് ഇന്ത്യൻ ക്യാമ്പിലെ ഏക സങ്കടം.
സുന്ദറേ സങ്കടമുണ്ട്
294ന് 7 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്കായി സുന്ദറും അക്ഷറും രാവിലെ നല്ല തുടക്കമാണ് നൽകിയത്. എന്നാൽ ടീം സ്കോർ 365ൽ വച്ച് 114-ാം ഓവറിന്റെ അവസാന പന്തിൽ ഇല്ലാത്ത റൺസിനോടിയ അക്ഷർ പട്ടേൽ റണ്ണൗട്ടായത് ഇന്ത്യയുടെ റണ്ണൊഴുക്കിന് തടയാവുകയായിരുന്നു. 97 പന്ത് നേരിട്ട് 5 ഫോറും 1 സിക്സും ഉൾപ്പെടെ 43 റൺസ് നേടിയാണ് അക്ഷർ മടങ്ങിയത്. അടുത്ത ഓവർ എറിയാനെത്തിയ ബെൻ സ്റ്റോക്സ് ആദ്യ പന്തിൽത്തന്നെ ഇശാന്ത് ശർമ്മയെ (0) വിക്കറ്റിന് മുന്നിൽ കുടുക്കുകയും ലാസ്റ്റ് മാൻ മുഹമ്മദ് സിറാജിനെ നാലാം പന്തിൽ ക്ലീൻ ബൗൾഡാക്കുകയും ചെയ്തതോടെ ഇന്ത്യൻ ഇന്നിംഗ്സിന് തിരശീല വീഴുകയായിരുന്നു.4 റൺസകലെ സെഞ്ച്വറി നഷ്ടമായി സുന്ദർ നോട്ടൗട്ടായി.
മനോഹരമായ ഷോട്ടുകളുമായി ഇന്ത്യൻ ഇന്നിംഗ്സിന് നിർണായക സംഭാവന നൽകിയ സുന്ദർ 174 പന്തിൽ 10 ഫോറും 1 സിക്സും ഉൾപ്പെടെയാണ് 96 റൺസ് നേടിയത്. സിറാജിനെ ഔട്ടാക്കിയ സ്റ്റോക്സിന് പോലും സുന്ദർ സെഞ്ച്വറി പൂർത്തിയാക്കത്തതിൽ നിരാശയുണ്ടായിരുന്നു.
സ്പിൻ കെണി
160 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിറങ്ങിയ ഇംഗ്ലണ്ട് ഒരിക്കൽക്കൂടി ഇന്ത്യ ഒരുക്കിയ സ്പിൻ കെണിയിൽ വീഴുകയായിരുന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ എറിഞ്ഞ 55 ഓവറിൽ 51ഉം സ്പിന്നർമാരാണ് എറിഞ്ഞത്. ഓപ്പണർ സാക്ക് ക്രോളിയെ രഹാനെയുടെ കൈയിൽ എത്തിച്ച് അശ്വിനാണ് ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് തുടക്കിമിട്ടത്. തൊട്ടടുത്ത പന്തിൽ ജോണി ബെയർസ്റ്റോയെ രോഹിത് ശർമ്മയടെ കൈയിൽ എത്തിച്ച് അശ്വിൻ ഹാട്രിക്ക് പ്രതീക്ഷയും സന്ദർശകർക്ക് ഇരട്ട പ്രഹരവും നൽകി. 10/2 എന്ന നിലയിൽ അവർ പ്രതിസന്ധിയിൽ ആയി.
ടീം സ്കോർ 20ൽ എത്തിയപ്പോൾ മറ്റൊരു ഓപ്പണർ ഡോം സിബ്ലിയെ പന്തിന്റെ കൈയിൽ എത്തിച്ച് അക്ഷറും വിക്കറ്റ് വേട്ട തുടങ്ങിയതോടെ ഇംഗ്ലണ്ട് ഇരുട്ടിലായി.
തുടർച്ചയായ ഇടവേളകളിൽ വിക്കററ്റ് നഷ്ടമായിക്കൊണ്ടിരുന്ന ഇംഗ്ലണ്ടിന് ഒരിക്കൽപ്പോലും മത്സരത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ല. 50 റൺസ് നേടിയ ഡാൻ ലോറൻസാണ് അവരുടെ ടോപ് സ്കോറർ. ക്യാപ്ടൻ ജോറൂട്ടും (30) അല്പനേരം പിടിച്ചു നിന്നു. പരമ്പരയിലാകെ 32 വിക്കറ്റുകളും 189 റൺസും നേടിയ അശ്വിനാണ് മാൻ ഓഫ് ദ സീരിസ്. പരമ്പരയിലാകെ 27 വിക്കറ്റ്് സ്വന്തമാക്കിയ അക്ഷർ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർ (പരമാവധി മൂന്ന് മത്സരം) എന്ന റെക്കാഡും ലങ്കൻ സ്പിന്നർ അജന്താ മെൻഡിസിനെ (26,ഇന്ത്യയ്ക്കെതിരെ ) മറികടന്ന് സ്വന്തമാക്കി.