
ബംബോലിം:ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന ഒന്നാം പാദ സെമിയിൽ എടികെ മോഹൻ ബഗാനും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഓരോഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
ഡേവിഡ് വില്യംസിലൂടെ മോഹൻ ബഗാനാണ് ആദ്യം ലീഡെടുത്തത്.എന്നാൽ മത്സരമവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ എദ്രിസ സില്ലയിലൂടെ നോർത്ത് ഈസ്റ്റ് സമനില നേടുകയായിരുന്നു. ഒമ്പതിന് നടക്കുന്നരണ്ടാം പാദ മത്സരത്തിൽ വിജയിക്കുന്ന ടീം ഫൈനൽ ഉറപ്പിക്കും.
മത്സരം തുടങ്ങിയപ്പോൾ മുതൽ ഇരുടീമുകളും ആക്രമണ ഫുട്ബാളാണ് കളിച്ചത്. 34-ാം മിനിട്ടിൽ ആസ്ട്രേലിയൻ താരം ഡേവിഡ് വില്യംസണിലൂടെ ബഗാൻ മുന്നിലെത്തി. റോയ് കൃഷ്ണയുടെ പാസിൽ നിന്നാണ് വില്യംസണിന്റെ ഗോൾ പിറന്നത്. ഗോൾ നേടിയ ശേഷം പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ് ബഗാൻ ശ്രമിച്ചത്. മറുവശത്ത് നോർത്ത് ഗോളിനായി കിണഞ്ഞ് ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ബഗാൻ ഗോളി അരിന്ദം ഭട്ടാചാര്യയുടെ തകർപ്പൻ സേവുകൾ അവർക്ക് വിലങ്ങ് തടിയായി. അദ്യപകുതിയുടെ നോർത്ത് ഈസ്റ്റിന്റെ അശുതോഷിന്റെ ഹെഡ്ഡർ ക്രോസ് ബാറിൽതട്ടിത്തെറിച്ചു. രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് ആക്രമണം ശരിക്കും കടുപ്പിച്ചു. അവസാനം ബഗാൻ വിജയം ഉറപ്പിച്ചിരിക്കെ രണ്ടാം പകുതിയുടെ അധിക സമയത്ത് 94-ാം മിനിട്ടിൽ പരക്കാരനായെത്തിയ എദ്രിസ നോർത്ത് ഈസ്റ്റിന് വിജയത്തിന് തുല്യമായ സമനില നേടിക്കൊടുക്കുകയായിരുന്നു. മഷാഡോയുടെ ക്രോസ് തലകൊണ്ടാണ് എദ്രസ പോസ്റ്റിലേക്ക് തിരിച്ചു വിട്ടത്. ഇന്നലെ നടന്ന ഒന്നാം പാദത്തിൽ മുംബയും ഗോവയും സമനിലയിൽ പിരിഞ്ഞിരുന്നു.