
റായ്പുർ: ട്രാൻസ്‌ജെൻഡർമാരെ സംസ്ഥാന പൊലീസ് സേനയിൽ ഉൾപ്പെടുത്തി ഛത്തീസ്ഗഢ് സർക്കാർ. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും അവരോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ മാറ്റം കൊണ്ടുവരുന്നതിനുമാണ് പൊലീസ് സേനയിൽ ഇവർക്ക് അവസരം നൽകിയിരിക്കുന്നത്. ആദ്യമായാണ് ഛത്തീസ്ഗഢ് പൊലീസ് സേനയിൽ ട്രാൻസ്‌ജെൻഡറുകൾ ഭാഗമാകുന്നെതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പതിമൂന്ന് ട്രാൻസ്‌ജെൻഡർമാരെയാണ് കോൺസ്റ്റബിൾമാരായി നിയമിച്ചിരിക്കുന്നത്. മെരിറ്റ് അടിസ്ഥാനത്തിലാണ് നിയമനം. രണ്ടുപേർ സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഛത്തീസ്ഗഡ് ഡി.ജി.പി ഡി.എം അവാസ്തി പറഞ്ഞു. എല്ലാവരെയും പൊലീസ് സേനയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാവിയിൽ കൂടുതൽ ട്രാൻസ്‌ജെൻഡർ വ്യക്തിത്വങ്ങൾ പൊലീസ് സേനയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവാസ്തി കൂട്ടിച്ചേർത്തു.
പതിമൂന്ന് പേരിൽ എട്ടുപേർ റായ്പുർ സ്വദേശികളും രണ്ടുപേർ രാജ്നന്ദ്‌ഗോൺ സ്വദേശികളുമാണ്. ബാക്കിയുളള മൂന്ന് പേർ ബിലാസ്പുർ, കോർബ, സുർഗുജ എന്നിവിടങ്ങളിൽ നിന്നുളളവരാണ്. 2017-18 കാലയളവിലായിരുന്നു ഇവർക്കുളള പരീക്ഷ നടന്നത്. മാർച്ച് ഒന്നിന് പരീക്ഷ ഫലം പ്രഖ്യാപിച്ചതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.