pinarayi-vijayan

ആലപ്പുഴ: ചേർത്തല, ഹരിപ്പാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിനായി സി പി ഐ ആലപ്പുഴ ജില്ലാ നേതൃയോഗങ്ങൾ ഇന്ന് ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കരുത്തനായ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിൽ സി പി ഐയിൽ ആശയക്കുഴപ്പമുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഹരിപ്പാട് മികച്ച സ്ഥാനാർത്ഥി വരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സി പി ഐ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസിന്റെ പേര് സജീവമായി നേതൃത്വം പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹം താത്പര്യം അറിയിച്ചിട്ടില്ല. ജില്ലാ അസിസ്‌റ്റന്റ് സെക്രട്ടറി ജി കൃഷ്ണപ്രസാദ്, ജില്ലാ പഞ്ചായത്തംഗം എ ശോഭ എന്നിവരുടെ പേരും പരിഗണനാ പട്ടികയിലുണ്ട്.

എസ് എൻ ഡി പി വോട്ടുകൾ നിർണായകമാകുന്ന ചേർത്തലയിൽ എ ഐ വൈ എഫ് നേതാവ് ടി ടി ജിസ്‌മോന്റെ പേരിനാണ് മുൻതൂക്കം. എന്നാ‌ൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കൃഷ്‌ണപ്രസാദിനെ ചേർത്തലയിൽ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. ഇന്ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവും കൗൺസിൽ ഹരിപ്പാട്, ചേർത്തല മണ്ഡലങ്ങളിലേക്ക് ഒന്നിലധികം പേരുകൾ ഉൾപ്പെടുത്തിയ പട്ടിക സി പി ഐ സംസ്ഥാന നേതൃത്വത്തിന് കൈമാറും.