
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്നു. ഇതേ തുടർന്ന് സ്വകാര്യ ആശുപത്രികളിലേയ്‌ക്കുളള വാക്‌സിൻ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. മെഗാ വാക്‌സിൻ ക്യാമ്പുകളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനർഹരെ തിരുകി കയറ്റിയതാണ് വാക്‌സിൻ ക്ഷാമത്തിന് കാരണമെന്നാണ് പ്രധാന ആക്ഷേപം. ഇനി മുതൽ ജില്ലാ ആശുപത്രിയിൽ പ്രതിദിനം 300 പേർക്കും താലൂക്ക് ആശുപത്രികളിൽ 200 പേർക്കും മാത്രമേ വാക്‌സിൻ നൽകുകയുളളൂ.
കഴിഞ്ഞ ദിവസങ്ങളിൽ മുതിർന്ന പൗരന്മാർ ഉൾപ്പടെ വാക്‌സിൻ കിട്ടാതെ മടങ്ങുന്ന കാഴ്ച തിരുവനന്തപുരത്തെ പല ആശുപത്രികളിലും ഉണ്ടായിരുന്നു. ഒാൺലൈൻ രജിസ്ട്രേഷൻ നടത്തിയെത്തിയ പലർക്കും ഒരാഴ്ച കഴിഞ്ഞ് വരാനും നിർദേശം നൽകി വിട്ടു. അർഹരായവർക്ക് നിഷേധിക്കപ്പെട്ടപ്പോൾ ജിമ്മി ജോർജ് സ്റ്റേഡിയത്തിലുൾപ്പടെ നടത്തിയ മെഗാ വാക്‌സിൻ ക്യാമ്പുകളിൽ അനധികൃതമായി കയറിപയറ്റി വാക്‌സിൻ സ്വീകരിച്ചത് നിരവധി പേരാണ്. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട് ജില്ലയിലും വാക്‌സിൻ ക്ഷാമം രൂക്ഷമാണ്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടേയും വി ഐ പി ഡ്യൂട്ടിയുടേയുമൊക്കെ പേരു പറഞ്ഞാണ് പലരും കുത്തിവയ്പെടുത്തത്. ശുപാർശകളുമായെത്തിയവർക്ക് നേരെ അധികൃതർ കണ്ണടയ്‌ക്കുകയായിരുന്നു. തലസ്ഥാനത്ത് ഇനി പതിനായിരം പേർക്കുളള വാക്‌സിൻ മാത്രമാണ് മിച്ചമുളളത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരിമിതമായ രീതിൽ മാത്രമേ വാക്‌സിൻ നൽകാനാകൂ. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മുപ്പതിനായിരം പേർ മാത്രമേ ഉളളൂവെന്നിരിക്കെ അറുപതിനായിരത്തോളം പേരാണ് കഴിഞ്ഞ ദിവസം ഈ പേരിൽ വാക്‌സിൻ സ്വീകരിച്ചതെന്നാണ് വിവരം.