jose-k-mani

കോഴിക്കോട്: കുറ്റ്യാടി മണ്ഡലം ഏറ്റെടുക്കണമെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിൽ ആവശ്യം. തിരുവമ്പാടി ജോസ് കെ മാണിയ്‌ക്ക് നൽകി കുറ്റ്യാടി ഏറ്റെടുക്കണമെന്നാണ് സെക്രട്ടറിയേറ്റിൽ ആവശ്യമുയർന്നത്. ഇതോടെ തിരുവമ്പാടി മണ്ഡലം കേരള കോൺഗ്രസ് എമ്മിന് നൽകുമെന്നാണ് വിവരം.

ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റിയിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. തിരുവമ്പാടിയിൽ ഗിരീഷ് ജോൺ, ലിന്റോ ജോസഫ് എന്നിവരുടെ പേരുകളാണ് സാദ്ധ്യതാ പട്ടികയിൽ ഉണ്ടായിരുന്നത്. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റായ ലിന്റോ ജോസഫിനാണ് കൂടുതൽ പരിഗണന. സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗവും ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ പി കുഞ്ഞമ്മദ് കുട്ടിയെ കുറ്റ്യാടിയിൽ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

സി പി എം ശക്തികേന്ദ്രത്തിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തിന് നൽകാനുളള തീരുമാനം പാർട്ടിക്കുളളിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിയൊരുക്കുമെന്ന് പ്രാദേശികനേതൃത്വം മേൽ കമ്മിറ്റികളെ നേരത്തെ അറിയിച്ചിരുന്നതാണ്.