
ഇന്ത്യയിൽ വനിതാ ശാക്തീകരണത്തിനുള്ള ഏറ്റവും വലിയ ചുവടുവയ്‌പായിരുന്നു 1996ൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ച വനിതാ സംവരണ ബിൽ. രാജ്യത്തിന്റെ ഭരണത്തിൽ നിർണായക പങ്കാളിത്തം വനിതകൾക്ക് നൽകുകയായിരുന്നു ലക്ഷ്യം. അതിനായി, ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യാനുള്ള ഭരണഘടനാ ഭേദഗതിയാണ് ബില്ലിന്റെ കാതൽ.
വനിതാ ശാക്തീകരണത്തെക്കുറിച്ച് വീറോടെ പ്രസംഗിക്കുമ്പോഴും പുരുഷാധിപത്യമുള്ള ഇന്ത്യൻ രാഷ്‌ട്രീയ- ഭരണ വ്യവസ്ഥിതി ബില്ലിനെ പൂർണമായും അംഗീകരിക്കാൻ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് കാൽ നൂറ്റാണ്ടു മുമ്പ് പാർലമെന്റിൽ അവതരിപ്പിച്ച ബില്ല് ഇപ്പോഴും പാസാക്കാനാവാതെ പൊടിപിടിച്ചു കിടക്കുന്നത്. എല്ലാ രംഗങ്ങളിലും വനിതകൾ മുന്നോട്ടു വരുമ്പോഴും തിരഞ്ഞെടുപ്പുകളിൽ അവർക്ക് മതിയായ പ്രാതിനിദ്ധ്യം നൽകാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവുന്നില്ല. വനിതാ സംവരണം നടപ്പാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാഴ്‌വാക്കുകളാവുകയാണ് പതിവ്.
ബി. ജെ. പിയും കോൺഗ്രസും സി.പി.എമ്മും ഉൾപ്പെടെ പല പാർട്ടികളും കാലാകാലങ്ങളിൽ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ കാര്യത്തോടടുക്കുമ്പോൾ മുടന്തൻ കാരണങ്ങളുണ്ടാക്കി ബിൽ മുടക്കുന്നതാണ് അനുഭവം. ആർ.ജെ.ഡിയും സമാജ്‌വാദി പാർട്ടിയും ബില്ലിനെ എതിർത്തിരുന്നു. 2018ൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിക്കെഴുതിയ കത്തിൽ ബില്ലിന് കോൺഗ്രസിന്റെ പിന്തുണ ഉറപ്പു നൽകുകയും ബിൽ പാസാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും ബില്ലിന് ആർ.ജെ.ഡി ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണ നേടാമോ എന്നുമായിരുന്നു ഇതിനോടുള്ള ബി.ജെ.പിയുടെ പ്രതികരണം.
തുടക്കം 1993ൽ
രാജ്യത്തെ തദ്ദേശ സ്ഥാപനങ്ങളിൽ വനിതകൾക്ക് മൂന്നിലൊന്ന് സംവരണം നൽകാനുള്ള ഭരണഘടനാ ഭേദഗതി ബിൽ 1993ൽ പാർലമെന്റ് പാസാക്കി. അതിൽ നിന്നാണ് വനിതകൾക്ക് കൂടുതൽ ഭരണ പങ്കാളിത്തം എന്ന ആശയത്തിന്റെ തുടക്കം. ഈ സംവരണം പാർലമെന്റിലും നിയമസഭകളിലും നടപ്പാക്കുകയായിരുന്നു ലക്ഷ്യം. (കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് സംവരണം 50 ശതമാനം)
1996 സെപ്റ്റംബർ 12 - എച്ച്. ഡി. ദേവഗൗഡയുടെ ഐക്യ മുന്നണി സർക്കാർ ആദ്യമായി വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ബിൽ പാസാക്കാൻ കഴിഞ്ഞില്ല.
1998ൽ വാജ്പേയിയുടെ രണ്ടാം ബി.ജെ.പി സർക്കാർ ബിൽ അവതരിപ്പിച്ചെങ്കിലും പാസാക്കാനായില്ല.
1999, 2003 വർഷങ്ങളിലും ബിൽ അവതരിപ്പിച്ചു
2008 മേയിൽ കോൺഗ്രസിന്റെ ഒന്നാം യു.പി.എ സർക്കാർ ബിൽ വീണ്ടും അവതരിപ്പിച്ചു.
2010 മാർച്ച് 9ന് ബിൽ രാജ്യ സഭ പാസാക്കി.
ലോക്‌സഭയിൽ ബില്ലിൽ വോട്ടെടുപ്പ് നടന്നില്ല.
2014ൽ പതിനഞ്ചാം ലോക്‌സഭയുടെ കാലാവധി കഴിഞ്ഞപ്പോൾ ബിൽ റദ്ദായി.
ലോക്‌സഭയിൽ ലാലുപ്രസാദ് യാദവിന്റെ ആർ.ജെ.ഡിയും മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും ബില്ലിനെ എതിർത്തു. പിന്നാക്ക സമുദായ വനിതകൾക്ക് പ്രത്യേക ക്വാട്ട വേണമെന്നായിരുന്നു ആവശ്യം.
കേന്ദ്രസർക്കാരിന് എപ്പോൾ വേണമെങ്കിലും ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാം. ഭൂരിപക്ഷമുള്ള ഭരണകക്ഷിയായ ബി. ജെ. പിക്ക് ബിൽ അനായാസം പാസാക്കാം. പ്രധാനമന്ത്രി മോദി ഇക്കാര്യത്തിൽ മനസു തുറന്നിട്ടില്ല.
ബില്ലിന്റെ സവിശേഷതകൾ
ലോക്‌സഭയിലും നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ ഭരണഘടനാ ഭേദഗതിയിലൂടെ വനിതകൾക്ക് സംവരണം ചെയ്യുക
ഇതിൽ മൂന്നിലൊന്ന് സീറ്റുകൾ പട്ടിക ജാതി, പട്ടിക വർഗ വനിതകൾക്ക്
മണ്ഡലങ്ങൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ സംവരണം ചെയ്യണം.
സംവരണ മണ്ഡലങ്ങൾ നറുക്കിട്ടെടുക്കണം.
തുടർച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകൾ കൂടുമ്പോൾ സംവരണ മണ്ഡലങ്ങൾ മാറണം.
ഒരു മണ്ഡലത്തിന് 15 വർഷം വനിതാ സംവരണം
ലോക്‌സഭയുടെ അംഗബലം 543 (രണ്ട് നോമിനേറ്റഡ് അംഗങ്ങൾ ഒഴികെ)
ബിൽ നടപ്പാക്കിയാൽ വനിതകൾ 180 (33%)
ഇപ്പോഴത്തെ ലോക്‌സഭയിൽ വനിതകൾ 78 (14%)