mega-rally-of-modi

കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയെ കണക്കറ്റ് വിമർശിച്ചും ബി. ജെ. പി അധികാരത്തിലേറിയാൽ സോനാർ ബംഗ്ല (സുവർണ ബംഗാൾ)​ സാക്ഷാൽക്കരിക്കുമെന്ന് പ്രഖ്യാപിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്നു. ഇവിടെ ബ്രിഗേഡ് ഗ്രൗണ്ടിൽ നടന്ന മോദിയുടെ മെഗറാലിയിൽ ഏഴ് ലക്ഷം പേർ പങ്കെടുത്തെന്ന് ബി. ജെ. പി അവകാശപ്പെട്ടു.

ബി.ജെ.പിക്ക് അധികാരം ലഭിച്ചാൽ ബംഗാളിന്റെ സുവർണ കാലമായിരിക്കുമെന്ന് വാഗ്ദാനം ചെയ്ത മോദി,​ ബംഗാളിൽ മാറ്റം വരുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ മമത ജനങ്ങളെ വഞ്ചിച്ചെന്ന് പറഞ്ഞു. ജനങ്ങൾ നിങ്ങളെ (മമത) ‘ദീദി’ (മൂത്ത സഹോദരി) ആയാണ് കണ്ടത്. എന്നാൽ നിങ്ങൾ അമ്മായി അമ്മ ആകാനാണ് ശ്രമിച്ചത്. സുവർണ ബംഗാൾ എന്ന സ്വപ്‌നം സാക്ഷാത്കരിക്കും. അടുത്ത 25 വർഷം സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായകമാണ്. 2047ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ബംഗാൾ രാജ്യത്തിന്റെ മുൻപന്തിയിലായിരിക്കും. സംസ്ഥാനത്തിലെ ജനാധിപത്യ വ്യവസ്ഥ താറുമാറായി. ബി.ജെ.പി അത് കരുത്തുറ്റതാക്കും - മോദി പറഞ്ഞു.

ഞാൻ ദാരിദ്ര്യത്തിലാണ് വളർന്നത്. അതുകൊണ്ട്,​ ഇന്ത്യയിലെ പാവപ്പെട്ടവരുടെ അവസ്ഥ ഞാൻ മനസിലാക്കുന്നു. ഞാൻ സുഹൃത്തുക്കൾക്കായി പ്രവർത്തിക്കുന്നു, അത് തുടരും.തൃണമൂൽ, ഇടതുപക്ഷം, കോൺഗ്രസ്, എന്നിങ്ങനെ ബംഗാൾ വിരുദ്ധ മനോഭാവം പുലർത്തുന്നവർ ഒരു ഭാഗത്തും ബംഗാൾ ജനത മറുഭാഗത്തുമാണെന്നും മോദി പറഞ്ഞു.

നന്ദിഗ്രാമിൽ മത്സരിക്കാനുള്ള മമതയുടെ തീരുമാനത്തേയും പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഇലക്ട്രിക് സ്‌കൂട്ടറിൽ സഞ്ചരിച്ചതിനേയും മോദി പരിഹസിച്ചു. സ്‌കൂട്ടറിൽ നിന്ന് വീഴാതിരുന്നത് നന്നായി. ഇല്ലെങ്കിൽ സ്‌കൂട്ടർ നിർമ്മിച്ച സംസ്ഥാനത്തേയും നിങ്ങൾ ശത്രുവായി കാണുമായിരുന്നു. ഭവാനിപൂരിന് പകരം ഇത്തവണ നന്ദിഗ്രാം തിരഞ്ഞെടുത്തിരിക്കുന്നു. എല്ലാവർക്കും ആശംസകൾ, ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല - മോദി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രിയുടെ ആദ്യ ബംഗാൾ സന്ദർശനമാണിത്. ബി.ജെ.പിയിൽ ചേർന്ന നടൻ മിഥുൻ ചക്രവർത്തിയും റാലിയിൽ പങ്കെടുത്തു. എട്ടു ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പു കാലത്ത് ഇരുപതോളം റാലികളിൽ മോദി പങ്കെടുക്കും.

റാലിക്കായി 72 അടി നീളമുള്ള പ്രധാന സ്റ്റേജിനൊപ്പം ടോളിവുഡ് അഭിനേതാക്കൾക്കും മറ്റു പ്രമുഖ വ്യക്തികൾക്കുമായി രണ്ട് വേദികൾ കൂടി ഒരുക്കിയിരുന്നു.സുരക്ഷാ നിരീക്ഷണത്തിനായി 1,500 സി.സി.ടി.വി ക്യാമറകളാണ് നഗരത്തിൽ സ്ഥാപിച്ചത്.