ipl

മുംബയ് : ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 14–ാം സീസൺ ഏപ്രിൽ ഒൻപതുമുതൽ ഇന്ത്യയിലെ ആറ് വേദികളിലായി നടക്കും. മേയ് 30–ാണ് ഫൈനൽ. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ യു.എ.ഇയിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഇത്തവണ ആദ്യഘട്ടത്തിൽ കാണികളെ പ്രവേശിപ്പിക്കാതെയാണ് മത്സരങ്ങൾ നടത്തുക. ഒരു ടീമിനും ഹോം മത്സരങ്ങളുണ്ടാകില്ല. സ്ഥിതി മെച്ചപ്പെട്ടാൽ കാണികളെ പിന്നീട് പരിഗണിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചു.

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും വിരാട് കൊഹ്‌ലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിലെ അവസാന മത്സരം അഹമ്മദാബാദിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും തമ്മിലാണ്. അഹമ്മദാബാദ് മൊട്ടേറ സ്റ്റേഡിയത്തിലാണ് പ്ലേഓഫ് മത്സരങ്ങളും ഫൈനലും. സമ്പൂർണ മത്സരക്രമം പുറത്തുവിട്ടെങ്കിലും കൊവിഡ് സാഹചര്യത്തിൽ ചില മാറ്റങ്ങൾ വരുത്തിയേക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു.

ചെന്നൈ, അഹമ്മദാബാദ് ,ബെംഗളുരു, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ഈ സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട് ടൂർണമെന്റ് അവസാനിക്കുന്നതു വരെ പ്രത്യേക ബയോ സെക്യുർ ബബ്ൾ ക്രമീകരിക്കും.

ലീഗ് ഘട്ടത്തിലെ മത്സരങ്ങൾ നാലു വേദികളിലായിട്ടാണ് ക്രമീകരിക്കുന്നത്. ആകെയുള്ള 56 മത്സരങ്ങൾ 10 എണ്ണം വീതം ചെന്നൈ, മുംബൈ, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലായി നടക്കും. അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിൽ എട്ടു മത്സരങ്ങൾ വീതവും നടക്കും.

ലീഗ് ഘട്ടത്തിൽ എല്ലാ ടീമുകളും ആകെയുള്ള ആറിൽ നാലു സ്റ്റേഡിയങ്ങളിലും കളിക്കും. ആറു ദിവസം രണ്ടു മത്സരങ്ങൾ വീതമുണ്ട്. ഈ ദിവസങ്ങളിൽ ആദ്യ മത്സരം വൈകീട്ട് 3.30ന് ആരംഭിക്കും. രാത്രിയിലെ മത്സരം 7.30നാണ് ആരംഭിക്കുക.

കൊവിഡ് വ്യാപന സാദ്ധ്യത മുൻനിറുത്തി അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മത്സരങ്ങൾ നടത്തുക. ഒരു ടീമിന് ലീഗ് ഘട്ടത്തിൽ മൂന്നു തവണ മാത്രമേ വേദി മാറാൻ യാത്ര ചെയ്യേണ്ടി വരൂ.