ck-janu

തിരുവനന്തപുരം: ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു വീണ്ടും എൻഡിഎയുടെ ഭാഗമാകുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ തിരുവനന്തപുരം ശംഖുമുഖത്തെ സമാപന സമ്മേളനത്തില്‍ സി കെ ജാനുവും പങ്കെടുക്കുമെന്നാണ് വിവരം.

തങ്ങളെ ഇടത് വലത് മുന്നണികള്‍ അവഗണിച്ചെന്ന് സി കെ ജാനു ആരോപിച്ചു. 2018ല്‍ എന്‍ഡിഎ വിട്ട് ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എല്‍ഡിഎഫിയില്‍ എത്തിയിരുന്നു. എന്നാല്‍ തന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ എല്‍ഡിഎഫ് വഞ്ചിച്ചുവെന്ന് ജാനു പിന്നീട് ആരോപണമുയർത്തി.

ബോര്‍ഡ് ചെയര്‍മാന്‍ ഉൾപ്പെടെയുള്ള സ്ഥാനങ്ങള്‍ അവർക്ക് വാഗ്ദാനം ചെയ്‌തെങ്കിലും നൽകിയില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം വേണ്ട രീതിയില്‍ പരിഗണിച്ചില്ല. എല്‍ഡിഎഫിനൊപ്പം തുടര്‍ന്നും പ്രവര്‍ത്തിക്കാനാകില്ല എന്നും മറ്റും മാസങ്ങള്‍ക്ക് മുന്‍പ് ജാനു പറഞ്ഞിരുന്നു. ഇതിനൊക്കെ ശേഷമാണ് ജാനു വീണ്ടും എന്‍ഡിഎ പാളയത്തിലേക്ക് തിരിച്ചെത്തിയത്.