
മുംബയ് : ടെസ്റ്റ് അരങ്ങേറ്റം നടത്തിയതിന്റെ അമ്പതാം വാർഷികത്തിൽ സോഷ്യൽ മീഡിയയിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരം സുനിൽ ഗാവസ്കർ . ഗാവസ്കർ ഇൻസ്റ്റഗ്രാമിൽ പേജ് തുടങ്ങിയത് മകൻ രോഹൻ ഗാവസ്കറാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താൻ പുതിയൊരു ഇന്നിംഗ്സ് ഓപ്പൺ ചെയ്യുകയാണെന്നായിരുന്നു ഇൻസ്റ്റയിലെ 'സണ്ണി' യുടെ കന്നി പോസ്റ്റ്.
1971 മാർച്ച് 6ന് പോർട്ട് ഓഫ് സ്പെയിൻ ക്വീൻസ് പാർക്ക് ഓവലിൽ ഗാരി സോബേഴ്സ് നയിച്ച വിൻഡീസ് ടീമിനെതിരെയാണ് ഗാവസ്കർ 21-ാം വയസിൽ അരങ്ങേറ്റ ഇന്നിംഗ്സിനിറങ്ങിയത്.
ആദ്യ ഇന്നിംഗ്സിൽ 65 റൺസും രണ്ടാം ഇന്നിംഗ്സിൽ 67 റൺസും നേടി. ആദ്യ ദിനം തന്നെ ഒരോവർ എറിയുകയും ചെയ്തു. ആ പരമ്പരയിലെ നാലു ടെസ്റ്റുകളിൽനിന്ന് നേടിയത് നാലു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയുമടക്കം 774 റൺസ് നേടി ഏറ്റവും കുറഞ്ഞ പ്രായത്തിൽ വിൻഡീസിനെതിരെ ഒരു പരമ്പരയിൽ കൂടുതൽ റൺസ് സ്വന്തമാക്കുന്ന താരമെന്ന റെക്കാഡും നേടി.