sims

 എട്ടുമണിക്കൂർ നീണ്ട ഹൃദയ ശസ്ത്രക്രിയയിലൂടെ ഒമാൻ പൗരന് പുതുജീവൻ

ചെന്നൈ: ചെന്നൈ വടപളനിയിലെ പ്രമുഖ മൾട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയായ സിംസ് ഹോസ്‌പിറ്റലിൽ നടന്ന എട്ടുമണിക്കൂറോളം നീണ്ട അത്യപൂർവ ഹൃദയശസ്ത്രക്രിയയിലൂടെ ഒമാനി പൗരന് പുതുജീവൻ. മലയാളിയും സിംസ് ഹോസ്‌പിറ്റലിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് കാർഡിയാക് ആൻഡ് ഓർട്ടിക് ഡിസോഡേഴ്‌സ് വിഭാഗം ഡയറക്‌ടറുമായ ഡോ.വി.വി. ബാഷിയുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് 35-കാരന്റെ ജീവൻ രക്ഷിച്ചത്.

അസഹനീയമായ നെഞ്ചുവേദനയെ തുടർന്ന് ഒമാനിൽ നിന്ന് വിമാനത്തിലാണ് രോഗിയെ ചെന്നൈയിൽ എത്തിച്ചത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ അക്യൂട്ട് ടൈപ്പ്-എ ഡിസക്‌ഷനും ഓർട്ടിക് വാൽവിൽ (മഹാധമനി) ചോർച്ചയും കണ്ടെത്തി. ഉടൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. ചീഫ് അനസ്‌തെറ്റിസ്‌റ്റ് ഡോ. അജു ജേക്കബ്, കാർഡിയാക് സർജറി കൺസൾട്ടന്റ് ഡോ.എ. മൊഹമ്മദ് ഇദ്രീസ്, അനസ്‌തെറ്റിസ്‌റ്റ് ഡോ. അരുൺകുമാർ, കാർഡിയാക് സർജൻ ഡോ. മൊഹമ്മദ് ഇബ്രാഹിം എന്നിവരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു. ഓർട്ടിക് രോഗങ്ങൾക്കുള്ള ഇന്ത്യയിലെ ആദ്യ എക്‌സ്‌ക്ളുസീവ് സെന്ററിന് 2019ലാണ് സിംസ് ഹോസ്‌പിറ്റൽ തുടക്കമിട്ടത്.