
ഗാസ: ഗാസ തീരത്തുണ്ടായ സ്ഫോടനത്തിൽ മൂന്ന് പാലസ്തീൻ മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ദുരൂഹതയുണ്ടെന്നും ആക്രമണം നടന്ന സ്ഥത്തുവച്ചുതന്നെ മൂന്നുപേരും മരിച്ചെന്നും വഫാ വാർത്താ ഏജൻസി അറിയിച്ചു. എന്നാൽ ഏതുതരത്തിലാണ് സ്ഫോടനം നടന്നതെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ലെന്ന് ഗാസയിലെ മത്സ്യത്തൊഴിലാളി യൂണിയൻ മേധാവി നിസാർ അയ്യാഷ് പറഞ്ഞു. സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രായേൽ സൈന്യം നിഷേധിച്ചു. എന്നാൽ ഗാസ നഗരത്തിൽ നിന്ന് പോയ പാലസ്തീൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ഇസ്രായേൽ നാവികസേന ഞായറാഴ്ച വെടിവയ്പ്പ് നടത്തിയതായി റിപ്പോർട്ടുകളുണ്ട്. 2007 മുതൽ ഇസ്രയേൽ ഗാസയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഗാസ കടൽത്തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.