mansukh-kiran

മുംബയ്:റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമയായ മൻസുക് ഹിരൺ (45) മരണത്തിനു മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്ത് പുറത്ത്. ദേശീയ അന്വേഷണ ഏജൻസിയ്ക്കും മാദ്ധ്യമങ്ങൾക്കും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് കത്തിൽ മൻസുക് ഉന്നയിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്, മുംബയ് പൊലീസ് കമ്മിഷണർ എന്നിവർക്കും മൻസുക് കത്തയച്ചിരുന്നു.

എന്നാൽ, കാറിന്റെ യഥാർത്ഥ ഉടമ‍ മൻസുക് അല്ലെന്നും ഇന്റീരിയർ ജോലികൾക്കായി ഉടമ അദ്ദേഹത്തെ ഏൽപിച്ചതാണെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് വെളിപ്പെടുത്തിയതോടെ കേസിൽ ദുരൂഹതയേറി. ഇതിനു തൊട്ടുപിന്നാലെയാണ് മൻസുക് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്.

അന്വേഷണ ഏജൻസികൾ ആറുതവണ എന്നെ ചോദ്യം ചെയ്തു. കേസിൽ ഇരയായ തന്നെ ആരോപണ വിധേയനായിട്ടാണ് പൊലീസും മാദ്ധ്യമങ്ങളും കണ്ടത്. മാദ്ധ്യമങ്ങൾ എന്നെ പിന്തുടരുന്നു.പല തവണ പൊലീസ് പീഡനത്തിനെതിരെ പരാതി നൽകിയിട്ടും അധികൃതർ ഗൗനിക്കുന്നില്ല - മൻസുക് കത്തിൽ കുറിച്ചു. മാർച്ച് രണ്ടാം തീയതിയാണ് പൊലീസ് പീഡനത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് മൻസുക് കത്തയച്ചത്.