
ചെന്നൈ: തമിഴ്നാട് സീറ്റ് വിഭജന ചർച്ചകൾ ഡി.എം.കെയും കോൺഗ്രസും പൂർത്തിയാക്കി. 25 നിയമസഭ സീറ്റുകളിലും കന്യാകുമാരി ലോക്സഭ ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസ് മത്സരിക്കും. കഴിഞ്ഞ തവണ 41 സീറ്റുകളിൽ മത്സരിച്ചെങ്കിലും എട്ടു സീറ്റിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. ഇത്തവണ അവർ 35 സീറ്റ് ആവശ്യപ്പെട്ടെങ്കിലും 22 സീറ്റേ നൽകാനാകൂ എന്ന നിലപാടിലായിരുന്നു ഡി.എം.കെ. അതേസമയം, ചർച്ചക്കിടെ മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടിയെ ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിൻ അപമാനിച്ചെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ.എസ്. അഴഗിരി വ്യക്തമാക്കി. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് പ്രതീക്ഷിച്ച വിജയം കഴിയാതിരുന്നത് മൂലം ആർ.ജെ.ഡിക്ക് ഭരണം നഷ്ടമായിരുന്നു. കൂടാതെ, പുതുച്ചേരിയിലടക്കം എം.എൽ.എമാർ രാജിവച്ച് ബി.ജെ.പിയിൽ ചേർന്ന സംഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് ഡി.എം.കെ കടുത്ത നിലപാടെടുത്തത്. ഇതോടെ, സഖ്യം വിട്ട് മത്സരിക്കണമെന്ന് കോൺഗ്രസിലും അഭിപ്രായമുയർന്നു. പിന്നീട്, ഹൈക്കമാൻഡ് ഇടപെട്ട് ഉമ്മൻചാണ്ടിയെ പ്രത്യേക ദൗത്യവുമായി തമിഴ്നാട്ടിലേക്കയക്കുകയായിരുന്നു. സീറ്റ് വിഭജന ചർച്ചക്കിടെ സ്റ്റാലിൻ ഉമ്മൻ ചാണ്ടിയെ അപമാനിച്ചുവെന്നും ഇതേതുടർന്ന് അഴഗിരി പാർട്ടി നേതാക്കൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുവെന്നുമായിരുന്നു റിപ്പോർട്ടുകൾ. വെള്ളിയാഴ്ച കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലായിരുന്നു സംഭവം. സീറ്റിന്റെ എണ്ണത്തേക്കാൾ ഉമ്മൻ ചാണ്ടിയോടുള്ള സ്റ്റാലിന്റെ സമീപനമാണ് തന്നെ വേദനിപ്പിച്ചതെന്ന് സീറ്റ് ചർച്ചയ്ക്ക് ശേഷം അഴഗിരി വ്യക്തമാക്കിയിരുന്നു. ഇതോടെ, രാഹുൽ ഗാന്ധി അഴഗിരിയുമായി ഫോണിൽ ബന്ധപ്പെട്ട്, തരക്കേടില്ലാത്ത സീറ്റുകൾ മുന്നണിയിൽ നിന്ന് വാങ്ങിയെടുക്കണമെന്ന് നിർദ്ദേശം നൽകുകയായിരുന്നു.