
കേരളത്തിന്റെ കായിക ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണ് വനിതകൾക്ക്. പി.ടി ഉഷയും കെ.സി ഏലമ്മയും ഷൈനി എബ്രഹാമും എം.ഡി വത്സമ്മയും കെ.എം ബീനാമോളും പ്രീജാ ശ്രീധരനും ഓമനകുമാരിയുമടക്കം എത്രയോ മഹിളാരത്നങ്ങളാണ് നമ്മുടെ നാടിന്റെ അഭിമാനമായി അന്താരാഷ്ട്ര വേദികളിൽ തിളങ്ങിയത്. ഈ വനിതാ ദിനത്തിൽ നമ്മുടെ അഭിമാനമായ ചില വനിതാ കായിക താരങ്ങളെ പരിചയപ്പെടാം. ഇനിവരും കാലങ്ങളിൽ അന്താരാഷ്ട്ര രംഗത്ത് വെന്നിക്കൊടിപാറിക്കാൻ കരുത്തുള്ളവരാണ് ഈ ചെറുപ്പക്കാരികൾ...
ആൻസി സോജൻ
സ്കൂൾ തലം മുതൽ അത്‌ലറ്റിക്സിൽ മികവുകാട്ടുന്ന ഈ നാട്ടികക്കാരി സീനിയർ തലത്തിൽ ഇന്ത്യയുടെ പ്രതീക്ഷയായി മാറേണ്ട താരമാണ്. ലോംഗ് ജമ്പിലും നൂറുമീറ്ററിലും ദേശീയ സബ് ജൂനിയർ ,ജൂനിയർ തലത്തിൽ നിരവധി റെക്കാഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. കലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ കഴിഞ്ഞയാഴ്ച നടന്ന ദേശീയ സൗത്ത് സോൺ മീറ്റിലും റെക്കാഡിന് ഉടമയായിരുന്നു ആൻസി.ശാസ്ത്രീയ അടിത്തറയുള്ള മികച്ച പരിശീലനമാണ് ആൻസിക്ക് വേണ്ടത്.
സയന പി.ഒ
സ്കൂൾ,യൂണിവേഴ്സിറ്റി തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച അത്‌ലറ്റിക്സ് താരമാണ് സയന. കഴിഞ്ഞ വർഷമാണ് പട്യാലയിലെ ഇന്ത്യൻ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 400മീറ്റർ, 400മീറ്റർ ഹർഡിൽസ് ഇനങ്ങളിലാണ് മികവ് കാട്ടുന്നത്.മികച്ച പരിശീലനം ലഭിച്ചാൽ അന്താരാഷ്ട്ര മെഡലുകൾ നേടിയെടുക്കാനാകും.
ലിസ്ബത്ത് കരോളിൻ ജോസഫ്
ചെറുപ്രായത്തിലേ തന്നെ മികവ് പ്രകടിപ്പിച്ച് അമേരിക്കയിലെ വിർജിനിയ ലിബർട്ടി യൂണിവേഴ്സിറ്റിയിൽ നിന്ന് 1.64 കോടി രൂപ സ്കോളർഷിപ്പ് നേടിയെടുത്ത ജമ്പിംഗ് താരം. അമേരിക്കയിലെത്തിയ ശേഷം പങ്കടുത്ത മത്സരങ്ങളിലും മെഡൽ നേടി പ്രതീക്ഷയുണർത്തുന്നു. മലബാർ സ്പോർട്സ് അക്കാദമിയിലൂടെയാണ് കായികരംഗത്തേക്ക് എത്തുന്നത്.
അപർണ റോയ്
സ്കൂൾ തലത്തിൽ കേരള ഫുട്ബാൾ ടീമിന്റെ ക്യാപ്ടനായിരുന്ന അപർണ റോയ് പിന്നീട് അത്‌ലറ്റിക്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സ്പ്രിന്റ് ,ഹർഡിൽസ് ഇനങ്ങളിൽ മികവുകാട്ടുന്ന താരം.ഇക്കഴിഞ്ഞ സൗത്ത് സോൺ ദേശീയ ചാമ്പ്യൻഷിപ്പിലും മികവുറ്റ പ്രകടനമാണ് കാഴ്ചവച്ചത്.
മിന്നു മണി
വനിതാക്രിക്കറ്റിൽ കേരളത്തിന്റെ മുത്തുമണിയാണ് മിന്നു മണി.വയനാട്ടിൽ നിന്ന് ക്രിക്കറ്റിലേക്ക് എത്തിയ പ്രതിഭ.ഇടംകൈ ബാറ്റ്സ്‌വുമണും വലംകൈ ഓഫ് സ്പിന്നറും.ഇന്ത്യ എ ടീമിൽ കളിച്ചിട്ടുണ്ട്. സൗത്ത് സോൺ ടീമിലും അംഗമായിരുന്നു. ഇപ്പോൾ കേരള ടീമിനായി ദേശീയ ചാമ്പ്യൻഷിപ്പിൽ കളിക്കാനൊരുങ്ങുന്നു.സീനിയർ തലത്തിൽ ഇന്ത്യൻ കുപ്പായമണിയാനുള്ള മിന്നുവിന്റെ മോഹം സഫലമാക്കാനുള്ള ചുവടുവെയ്പ്പാണിത്.
പ്രണതി പി.നായർ
ടേബിൾ ടെന്നിസിൽ കേരളത്തിന്റെ സുവർണപ്രതീക്ഷയാണ്ഒൻപതാം ക്ളാസുകാരിയായ പ്രണതി. കഴിഞ്ഞ രണ്ട് സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലും സബ് ജൂനിയർ,ജൂനിയർ,യൂത്ത് വിഭാഗങ്ങളിൽ കിരീടം നേടിയ താരം. കേളീ മികവ് കണ്ട് ജർമ്മനിയിൽ പരിശീലിക്കാനുള്ള ഓഫർ പ്രണതിയെത്തേടിയെത്തിയിരുന്നെങ്കിലും കൊവിഡ് വഴിമുടക്കി. എന്നാൽ വരും മത്സരങ്ങളിൽ മികവുകാട്ടി ലക്ഷ്യത്തിലേക്ക് എത്താനുള്ള കഠിന പരിശ്രമത്തിലാണ് പ്രണതി.
മരിയ മാർഗരറ്റ് റെജി
ആയോധനകലയായ തയ്ക്കൊണ്ടോയിൽ കേരളത്തിന്റെ അഭിമാനമുയർത്തുന്ന യുവതാരമാണ് മാർഗരറ്റ്.ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസടക്കം ഒൻപത് അന്താരാഷ്ട്ര മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. സൗത്ത് ഏഷ്യൻ ഗെയിംസുകളിലെ സ്വർണമെഡൽ ജേത്രിയാണ്. ഒളിമ്പിക്സ്,ഏഷ്യൻ ഗെയിംസ് യോഗ്യതാ ടൂർണമെന്റുകളിൽ പങ്കെടുക്കാനായി കഠിന പരിശ്രമത്തിലാണ് ഇപ്പോൾ.
ആൻ മേരി സക്കറിയ
ബാസ്കറ്റ്ബാൾ കോർട്ടിലെ മിന്നും താരമായ ആൻ അമേരിക്കയിലെ എൻ.ബി.എ അക്കാഡമിയുടെ സ്കോളർഷിപ്പ് നേടി അവിടെ അപരിശീലിക്കുകയാണ് ഇപ്പോൾ.ഇന്ത്യയ്ക്ക് വേണ്ടി വിവിധ ഏജ് കാറ്റഗറി ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ്. ബാംഗ്ളൂരിൽ നടന്ന അണ്ടർ-17 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അതിഗംഭീര പ്രകടനം കാഴ്ചവച്ചു. കേരളത്തിന് ദേശീയ ജൂനിയർ,യൂത്ത് കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ ഈ ആറടി രണ്ടിഞ്ചുകാരി പ്രധാന പങ്ക് വഹിച്ചിരുന്നു.