
കൊച്ചി: തേയില കയറ്റുമതിയിൽ കഴിഞ്ഞവർഷം ഇന്ത്യ രുചിച്ചത് കനത്ത നഷ്‌ടം. 208 ദശലക്ഷം കിലോഗ്രാം തേയിലയാണ് 2020ൽ ഇന്ത്യ കയറ്റുമതി ചെയ്‌തത്. 2019ലെ 252 ദശലക്ഷം കിലോഗ്രാമിനേക്കാൾ 18 ശതമാനമാണ് (44 ദശലക്ഷം കിലോഗ്രാം) കുറവ്. കൊവിഡ് പ്രതിസന്ധിയും കടുപ്പംകൂടിയ ലോക്ക്ഡൗണുമാണ് ഇന്ത്യയ്ക്ക് ക്ഷീണമായത്.
അതേസമയം, വിപണിയിൽ ഇന്ത്യയുടെ ബദ്ധവൈരിയായ കെനിയയ്ക്ക് ഇന്ത്യയുടെ തളർച്ച നേട്ടമായി. അവരുടെ കയറ്റുമതി 22 ദശലക്ഷം കിലോഗ്രാം വർദ്ധിച്ച് 519 ദശലക്ഷം കിലോഗ്രാമായി. പാകിസ്ഥാൻ തേയില വിപണിയുടെ 85 ശതമാനം വിഹിതം കൈയടക്കാനും ഇന്ത്യയുടെ ക്ഷീണംമൂലം കെനിയയ്ക്ക് കഴിഞ്ഞു. കഴിഞ്ഞവർഷം സൗദി അറേബ്യ, പോളണ്ട്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ വിപണിവിഹിതം മെച്ചപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
എന്നാൽ, ഇറാനിലെ വിപണിയിൽ 21 ദശലക്ഷം കിലോഗ്രാമിന്റെയും റഷ്യയിൽ ഒമ്പത് മില്യൺ കിലോഗ്രാമിന്റെയും കുറവ് ഇന്ത്യ രേഖപ്പെടുത്തി. ഇവ രണ്ടും ഇന്ത്യൻ തേയിലയുടെ ഏറ്റവും വലിയ ഉപഭോക്താക്കളാണ്. ലോക്ക്ഡൗണിൽ ഉത്‌പാദനം പത്തുശതമാനത്തോളം കുറഞ്ഞതും ഇന്ത്യൻ തേയിലയ്ക്ക് തിരിച്ചടിയായി.