
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയും യു.ഡി..എഫിനെതിരെയും രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപന സമ്മേളനം ശംഖുംമുഖത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ..
ശബരിമല യുവതീപ്രവേശന വിഷയവും ഡോളർ, സ്വർണക്കടത്ത് കേസുകളിൽ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് അമിത് ഷാ ഉന്നയിച്ചത്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ആരുടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയായിരുന്നില്ലേ, ആ പ്രതിക്ക് മാസം മൂന്ന് ലക്ഷം രൂപ ശമ്പളം കൊടുത്തില്ലേ, സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീക്ക് നിപ്രിൻസിപ്പൾ സെക്രട്ടറി സര്‍ക്കാരിൽ ഉന്നതപദവി നൽകിയില്ലേ ?, നിങ്ങളും പ്രിൻസിപ്പൾ സെക്രട്ടറിയും സര്‍ക്കാര്‍ ചെലവിൽ ഈ പ്രതിയായ സ്ത്രീയെ വിദേശത്ത് കൊണ്ടു പോയില്ലേ, ഈ സ്ത്രീ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിത്യസന്ദര്‍ശകയല്ലേ, വിമാനത്താവളത്തിലെ കള്ളക്കടത്ത് പിടികൂടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് കസ്റ്റംസിന് മേൽ സമ്മര്‍ദ്ദം ചെലുത്തിയില്ലേ, ഈ വിഷയത്തിൽ ഇഡിയും കസ്റ്റംസും നടത്തിയ അന്വേഷണത്തിൽ ഇതൊക്കെ പുറത്തു വന്നില്ലേ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുണ്ടായ സംശയാസ്പദമായ ഒരു മരണത്തെക്കുറിച്ച് നിങ്ങൾ മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണ്?
കേന്ദ്ര ഏജൻസികൾ രാഷ്ട്രീയലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയണം. ഈ രണ്ട് മുന്നണികളുടേയും ആശങ്ക ഈ നാടിനെക്കുറിച്ചല്ല അവരുടെ വോട്ടുബാങ്കിനെ കുറിച്ചാണ്. ഇവിടെ സിപിഎമ്മും കോണ്‍ഗ്രസും വര്‍ഗ്ഗീയ പാര്‍ട്ടികളായ എസ്ഡിപിയുമായും മറ്റും സഖ്യത്തിലാണ്. കോണ്‍ഗ്രസ് മുസ്ലീം ലീഗുമായി സഖ്യത്തിലാണ്. ഇവിടെ കോണ്‍ഗ്രസ് സിപിഎമ്മിനെതിരാണ്. എന്നാൽ ബംഗാളിൽ ചെന്നാൽ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. ബംഗാളിൽ ഷെരീഫിൻ്റെ പാര്‍ട്ടിയുമായി കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. മഹാരാഷ്ട്രയിൽ ചെന്നാൽ ഇവര്‍ ശിവസേനക്കാരുമായി സഖ്യത്തിലാണ്. എന്താണ് നിങ്ങളുടെ നയം. എന്താണ് നിങ്ങളുടെ രാഷ്ട്രീയദിശ. ഡോളർ, സ്വർണക്കടത്ത് കേസുകളിൽ മുഖ്യമന്ത്രി ഉത്തരം പൊതുവേദിയിൽ പറയണം. സ്വർണം പിടിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടോ ഇല്ലയോ എന്ന് മുഖ്യമന്ത്രി തുറന്നുപറയണമെന്നും അമിത് ഷാ പറഞ്ഞു.
അയ്യപ്പ ഭക്തരോട് സർക്കാർ അതിക്രമം കാണിച്ചു. ശബരിമലയിലെ ആചാരം ഭക്തരുടെ താത്പര്യം അനുസരിച്ച് വേണം. സർക്കാരിന്റെ താത്പര്യം അനുസരിച്ചല്ല. സർക്കാർ അതിക്രമം കാണിച്ചപ്പോൾ കോൺഗ്രസ് മൗനം പാലിച്ചെന്നും അമിത് ഷാ ആരോപിച്ചു. സാമൂഹിക പരിഷ്‌കരണത്തിന്റെയും നവോത്ഥാനത്തിന്റെയും ഭൂമിയായിരുന്നു കേരളം. എന്നാൽ ഇന്ന് ഇത് അഴിമതിയുടെ നാടാണ്. യു.ഡി.എഫ് വരുമ്പോൾ സോളാർ ആണെങ്കിൽ എൽ.ഡി.എഫ് വരുമ്പോൾ ഡോളർ കടത്താണ് നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.