
ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രനീക്കത്തിന്റെ ഭാഗമായി ലാഭത്തിലുള്ള ഒരു ഡസനോളം കമ്പനികളും സ്വകാര്യവത്കരിച്ചേക്കും. പൊതുമേഖലാ ഓഹരി വില്പനയിലൂടെ 1.75 ലക്ഷം കോടി രൂപ അടുത്ത സാമ്പത്തികവർഷം കണ്ടെത്തുമെന്നാണ് ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞത്. വിറ്റൊഴിയേണ്ട കമ്പനികളുടെ പട്ടിക തയ്യാറാക്കാൻ നീതി ആയോഗിനെ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടു പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്‌കരിക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.
എയർ ഇന്ത്യ, ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ), ഷിപ്പിംഗ് കോർപ്പറേഷൻ, കണ്ടെയ്‌നർ കോർപ്പറേഷൻ, ഐ.ഡി.ബി.ഐ ബാങ്കിലെ ഓഹരി പങ്കാളിത്തം എന്നീ വൻകിട കമ്പനികൾ വിറ്റൊഴിയാനുള്ള അനുമതി കേന്ദ്രസർക്കാർ നൽകിക്കഴിഞ്ഞു. റിസർവ് ബാങ്കിന്റെ ശിക്ഷാനടപടിയായ പ്രോംപ്‌റ്റ് കറക്‌ടീവ് ആക്‌ഷൻ (പി.സി.എ) ഫ്രെയിംവർക്കിൽ നിന്ന് മുക്തരായ രണ്ടുപൊതുമേഖലാ ബാങ്കുകളാണ് സ്വകാര്യവത്കരണ പട്ടികയിലുള്ളത്. ഇവ ഏതൊക്കെയെന്ന് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
ഒരു ഇൻഷ്വറൻസ് കമ്പനി, സ്‌റ്റീൽ കമ്പനിയായ സെയിലിന്റെ സേലം, ഭദ്രാവതി യൂണിറ്റുകൾ, സെൻട്രൽ ഇലക്‌ട്രോണിക്‌സ്, സിമന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, എൻ.എം.ഡി.സിയുടെ നാഗാർനാർ സ്‌റ്റീൽ പ്ലാന്റ്, ഭാരത് എർത്ത് മൂവേഴ്‌സ് എന്നിവയും വിറ്റൊഴിയൽ പട്ടികയിലുണ്ടെന്നാണ് സൂചനകൾ.