
മൊഗാദിഷു: സൊമാലിയയുടെ യാഥാസ്ഥിതിക തലസ്ഥാനത്തെ തെരുവുകളിലെത്തുന്നവർ അതിശയത്തോടെയാണ് സയ്നാബിനെ കാണുന്നത്. ചരിത്രത്തിൽ ആദ്യമായി ഒരു വനിത റിക്ഷാ ഡ്രൈവറായി എത്തുന്നത്. ഇത്രയും നാൾ പുരുഷന്മാർ മാത്രം ചെയ്തിരുന്ന ജോലിയാണ് സയ്നാബ് അബ്ദികരിൻ (28) ചെയ്യുന്നത്. പുരുഷന്മാർക്ക് ചെയ്യാൻ കഴിയുന്ന ഏത് ജോലിയും സ്ത്രീകൾക്കും ചെയ്യാൻകഴിയുമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് സയനാബ് പറഞ്ഞു. അഞ്ചുവയസുള്ള കുട്ടിയെയും സയ്നാബിനെയും 10 മാസം മുൻപ് ഭർത്താവ് ഉപേക്ഷിച്ച് പോയതോടെയാണ് ഈ ജോലി തിരഞ്ഞെടുക്കാൻ സയനാബ് തീരുമാനിച്ചത്. എന്നാൽ മൊഗാദിഷുവിൽ ഒരു റിക്ഷാ ഓടിക്കുന്നത് വളരെ വെല്ലുവിളി നേരിടുന്നതാണ്. ചില പുരുഷന്മാർ പിൻതുണയ്ക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും പറയുന്നത് സ്ത്രീകൾ വീട്ടിലിരിക്കണമെന്നും ജോലിക്ക് പോകരുതെന്നുമാണ്. എന്നാൽ എന്റെ കുട്ടികളെ സംരക്ഷിക്കാൻ ഞാൻ മാത്രമേ ഉള്ളു- സയനാബ് പറഞ്ഞു. അതേസമയം, നഗരത്തിലെ വനിതാ നിവാസികൾ തങ്ങൾക്ക് വിളിക്കാവുന്ന വനിത റിക്ഷാ ഡ്രൈവർമാർ വേണമെന്നത് ദീർഘകാലമായി ആഗ്രഹിക്കുന്ന ഒന്നാണെന്നും സയ്നാബിനെ സ്വാഗതം ചെയ്യുന്നതായും ഇവർ പറഞ്ഞു.
അതേസമയം മൊഗാദിഷുവിലെ സുരക്ഷാ ചെക്ക്പോസ്റ്റുകൾ പതിവായി ലക്ഷ്യമിടുന്ന അൽ-ഷബാബ് സായുധ സംഘത്തിന്റെ ആക്രണങ്ങളിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത് റിക്ഷാ ഡ്രൈവർമാരാണ്. ഇത് ആശങ്ക ഉയർത്തുന്നതാണ്.