
കൊൽക്കത്ത: ബി.ജെ.പിയിൽ ചേർന്ന ചലചിത്ര നടനും മുൻ രാജ്യസഭാഗവുമായ മിഥുൻ ചക്രബർത്തിക്ക് വിശ്വാസ്യതയോ ജനങ്ങൾക്കിടയിൽ സ്വീകാര്യതയോ ഇപ്പോഴില്ലെന്ന് തൃണമൂൽ എം.പി സൗഗത റോയ്. തൃണമൂലിന്റെ മുൻ രാജ്യസഭാ എം.പിയായ ചക്രബർത്തി നക്സലൈറ്റാണെന്നും നാലുതവണ പാർട്ടി മാറിയ ആളാണെന്നും റോയ് പറഞ്ഞു.
മിഥുൻ ചക്രബർത്തി ഇന്ന് അഭിനേതാവല്ല, അദ്ദേഹം കഴിഞ്ഞകാലത്തെ നടനായിരുന്നു. നാലുതവണ ഇതുവരെ പാർട്ടി മാറിയിട്ടുണ്ട്. ശരിക്കും അയ്യാളൊരു നക്സലൈറ്റാണ്. ആദ്യം സി.പി.എമ്മിൽ ചേർന്നു പിന്നീട് തൃണമൂലിലും. തൃണമൂൽ അയ്യാളെ രാജ്യസഭാ എം.പിയാക്കി. ബി.ജെ.പി കേസുകൾകൊണ്ടും എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റിനെക്കൊണ്ടും പൊറുതിമുട്ടിച്ചതോടെ രാജ്യസഭാഗത്വം ഉപേക്ഷിച്ചു. ഇപ്പോൾ ബി.ജെ.പിയിൽ ചേർന്നെന്നും റോയ് പ്രതികരിച്ചു.
ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുത്ത റാലിയിൽ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു മിഥുൻ ചക്രബർത്തിയുടെ ബി.ജെ.പി പ്രവേശനം. ചക്രബർത്തിയുടെ ആരാധക പിന്തുണ വോട്ടാക്കി മാറ്റാമെന്ന കണക്കുക്കൂട്ടലിലാണ് ബി.ജെ.പി. ഇദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ് ഉയർത്തിക്കാട്ടി ബംഗാൾ പിടിക്കാൻ ബി.ജെ.പിക്ക് പദ്ധതിയുള്ളതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.