qq

റിയാദ്: സൗദിയിൽ തടവിൽ കഴിഞ്ഞ 1200 ഇന്ത്യൻ തടവുകാരെക്കൂടി നാട്ടിലേക്ക് അയച്ചു. തൊഴിൽ, വിസാ നിയമ ലംഘനങ്ങൾക്ക് പിടിയിലായി റിയാദിലെയും ദമ്മാമിലെയും നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നവരെയാണ് നാട്ടിലേക്കയച്ചത്. സൗദി എയർലൈൻസ് മുഖേന ഡൽഹിയിലേക്കാണ് ഇവരെ എത്തിച്ചത്..

താമസരേഖ പുതുക്കാതിരിക്കൽ, ഹുറൂബ് കേസ്, തൊഴിൽ നിയമലംഘനം തുടങ്ങിയ കുറ്റങ്ങൾക്ക് പിടിയിലായി ജയിലിലടക്കപ്പെട്ടവരായിരുന്നു ഇവർ. ഉത്തർപ്രദേശിൽ നിന്നുള്ളവരാണ് ഇവരിൽ മഹാഭൂരിപക്ഷം.

കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ബിഹാർ, ബംഗാൾ, രാജസ്ഥാൻ, അസം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലുള്ളവരും ഇതിലുണ്ട്. ഇതോടെ കൊവിഡ് തുടങ്ങിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തിയ ഇന്ത്യൻ തടവുകാരുടെ എണ്ണം 5808 ആയി. റിയാദിലെ ഇന്ത്യൻ എംബസ്സി സെക്കന്‍റ്​ സെക്രട്ടറി സുനിൽ കുമാർ, സഹ ഉദ്യോഗസ്ഥരായ രാജേഷ്, യൂസഫ് കാക്കഞ്ചേരി, അബ്ദുസമദ്, തുഷാർ എന്നിവരാണ് ജയിലിൽ കിടന്നവരെ നാട്ടിലയക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.

കൊവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പൊലീസ് പരിശോധന സൗദിയിൽ ശക്തമായി തുടരുകയാണ്. ഇന്ത്യക്കാരടക്കം നിരവധി വിദേശികളാണ് ദിനംപ്രതി പിടിയിലാകുന്നത്.