shyamaladevi

തിരുവനന്തപുരം: ജീവിതകാലം മുഴുവൻ സാമൂഹ്യസേവനത്തിന് മാറ്റിവച്ച ശ്യാമളാദേവി അമ്മയ്ക്ക് മരണശേഷവും മറ്റുള്ളവർക്ക് വെളിച്ചമാകാനായിരുന്നു നിയോഗം. മസ്തിഷ്ക മരണം സംഭവിച്ച പെരുന്താന്നി ടി.സി 36/1104 (4) കണ്വാശ്രമത്തിൽ ശ്യാമളാദേവിഅമ്മയുടെ (67) അവയവങ്ങൾ നാല് പേർക്കാണ് പുതുജീവിതം സമ്മാനിച്ചത്. തലസ്ഥാനത്തെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിലും വൃദ്ധസദനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലുമെല്ലാം സജീവ സാന്നിദ്ധ്യമായിരുന്ന ശ്യാമളാദേവിഅമ്മ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ കരൾ, ത്വക്ക്, നേത്രപടലം എന്നിവ ദാനം ചെയ്തു. അവരുടെ ബന്ധുക്കൾ കുടുംബ സുഹൃത്ത് കൂടിയായ ശ്രീചിത്രയിലെ ഡോ. ഈശ്വറിനെ ബന്ധപ്പെട്ട് അവയവദാനത്തിനുള്ള സന്നദ്ധത അറിയിച്ചു. അദ്ദേഹം കിംസ് ആശുപത്രിയിലെ ട്രാൻസ് പ്ളാന്റ് പൊക്യുവർമെന്റ് മാനേജർ ഡോ. മുരളീധരൻ വഴി മൃതസഞ്ജീവനിയുടെ നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസുമായി ബന്ധപ്പെട്ടാണ് അവയവദാനം പൂർത്തിയാക്കിയത്. നേരത്തേ അവയവദാന പത്രത്തിൽ ഒപ്പു വച്ചിട്ടുള്ളതിനാൽ തുടർനടപടികൾ എളുപ്പമായി. കരൾ കിംസ് ആശുപത്രിയ്ക്കും ത്വക്ക് സ്‌കിൻ ബാങ്കിലും നേത്രപടലം ഗവ. കണ്ണാശുപത്രിക്കുമാണ് നൽകിയത്.

പരേതനായ ദുഷ്യന്തനാണ് ഭർത്താവ്. മക്കൾ: ബിജിലി ഗോപകുമാർ, ബെൻസി ദുഷ്യന്തൻ, ബിലീന ദുഷ്യന്തൻ. മരുമക്കൾ: ഡി.ഗോപകുമാർ, നിമിഷ ബെൻസി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.