gold-smuggling-case

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ തിരുവനന്തപുരം കരമന സ്വദേശിയായ അഭിഭാഷക ദിവ്യയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. ഫോൺ കോൾ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ദിവ്യയ്ക്ക് കഴിഞ്ഞ ദിവസം കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു.

അതേസമയം തനിക്ക് കള്ളക്കടത്തുമായി ബന്ധമില്ലെന്ന് അഭിഭാഷക പ്രതികരിച്ചു. സിം കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായാനാണ് കസ്റ്റംസ് വിളിപ്പിച്ചതെന്ന് ദിവ്യ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഉപയോഗിക്കുന്ന ഫോണും, സിം കാർഡും ഹാജരാക്കാനും കസ്റ്റംസ് അഭിഭാഷകയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ബാങ്ക് രേഖകളും പാസ്‌പോർട്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കണം.