
അപകടത്തിൽ നെഞ്ചിന് കീഴ്പ്പോട്ട് പൂർണമായും തളർന്ന ഒരാളെ പ്രണയിക്കുക; അതും ഒരു അന്യ മതസ്ഥനെ!. കൂട്ടുകാരും ബന്ധുക്കളുമൊക്കെ പിന്മാറാൻ കഴിവിന്റെ പരമാവധി നിർബന്ധിച്ചു. കാമുകനും നിർബന്ധിക്കാൻ മുൻപന്തിയിലുണ്ടായിരുന്നു. പക്ഷേ, പിന്മാറാൻ അവൾ ഒരുക്കമായിരുന്നില്ല. എന്ത് ന്യൂനതകൾ ഉണ്ടെങ്കിലും ഭാവിജീവിതം താൻ ഇഷ്ടപ്പെടുന്ന ആൾക്കൊപ്പമായിരിക്കുമെന്ന് ശപഥം ചെയ്തു. ഒടുവിൽ അവളുടെ ആഗ്രഹം തന്നെ നടന്നു. എല്ലാം ഇട്ടെറിഞ്ഞ് തന്റെ പ്രാണപ്രിയന് താങ്ങും തണലുമായി അവൾ ഒപ്പംകൂടി. തിരുവനന്തപുരം സ്വദേശിനി ഷഹാനയാണ് താൻ ഇഷ്ടപ്പെടുന്ന തന്നെ ഇഷ്ടപ്പെടുന്ന ആൾക്കുവേണ്ടി എല്ലാം ഉപേക്ഷിച്ചിറങ്ങിയത്.
മുന്നോട്ടുള്ള ജീവിതയാത്ര കല്ലുംമുള്ളും നിറഞ്ഞതാണെന്ന് വ്യക്തമായി മനസിലാക്കിക്കൊണ്ട് പ്രിയപ്പെട്ടവനൊപ്പം ജീവിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നുകഴിഞ്ഞു. നഷ്ടബോധമല്ല, മറിച്ച് പുതിയ ഊർജമാണ് പ്രണവിനൊപ്പം കഴിഞ്ഞ ഒരുകൊല്ലംകൊണ്ട് ലഭിച്ചതെന്നാണ് ഷഹാന പറയുന്നത്.

സിനിമയിൽ പോലും കണ്ടു പരിചയമില്ലാത്ത ഒന്നാണ് പ്രണവിന്റെയും ഷഹാനയുടെയും ഒന്നിക്കൽ. ബികോം പൂർത്തിയായി തുടർ പഠനവും ജോലിയും സ്വപ്നം കണ്ട് നടക്കുന്ന പ്രായത്തിലാണ് ഒരു ബൈക്കപകടം പ്രണവിന്റെ ജീവിതത്തെ തകർത്തെറിഞ്ഞത്. ആ വീഴ്ചയിൽ നിന്ന് പ്രണവിന് എഴുന്നേൽക്കാനായില്ല. പ്രണവിന് പൂർണ പിന്തുണയുമായി കൂട്ടുകാർ ഒപ്പം കൂടി. പ്രണവിനെ പഴയ പ്രണവാക്കാൻ അവർ തങ്ങളാലാവും വിധം ചെയ്തു. കൂട്ടുകാർക്കൊപ്പം വീൽച്ചെയറിൽ ഉത്സവത്തിന് പോയ പ്രണവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ആയിരക്കണക്കിന് മലയാളികളുടെ ഹൃദയത്തിലേക്കാണ് ഈ വീഡിയോയിലൂടെ പ്രണവ് കയറിപ്പറ്റിയത്.
ഷഹാനയും ഈ വീഡിയോ കണ്ടു. പ്രണവിന്റെ കണ്ടമാത്രയിൽ തന്നെ അയാൾക്കുവേണ്ടി ജനിച്ചവളാണ് താൻ എന്ന് ഷഹാനയുടെ മനസ് മന്ത്രിച്ചു. പ്രണവിന്റെ പഴയ പ്രണവാക്കാൻ തന്റെ സാമീപ്യം വേണമെന്ന് അവൾ ഉറപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ തന്റെ പ്രണയം ഷഹാന അറിയിച്ചു. പക്ഷേ, പ്രണവ് അത് കണ്ടതായി നടിച്ചേയില്ല. എന്നാൽ പിന്മാറാൻ ഷഹാന ഒരുക്കമായിരുന്നില്ല. പ്രണവിനെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചത് അദ്ദേഹത്തിന്റെ കൂട്ടുകാരെയായിരുന്നു. അവരും പരമാവധി നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു. ഒടുവിൽ ഷഹാനയുടെ ഉറച്ച തീരുമാനത്തിനുമുന്നിൽ പ്രണവിന് സമ്മതം മൂളേണ്ടി വന്നു.

പ്രണയം പുറത്തറിഞ്ഞതോടെ എങ്ങും എതിർപ്പുകൾ മാത്രമായിരുന്നു. ശരീരം തളർന്ന ഒരു അന്യമതക്കാരനെ വിവാഹം ചെയ്യുക എന്നത് ഷഹാനയുടെ ബന്ധുക്കൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. ഉപദേശങ്ങളും ഭീഷണികളും പ്രലോഫലനങ്ങളുമായി തീരുമാനത്തിൽ നിന്ന് പിന്മാൻ അവർ ഷഹാനയെ നിർബന്ധിച്ചുകൊണ്ടേയിരുന്നു. പ്രണയം ശരീരത്തിലും ജാതിയിലും മതത്തിലുമല്ല മനസിലാണ് കുടിയിരിക്കുന്നതെന്ന് പറഞ്ഞെങ്കിലും അത് ഉൾക്കൊള്ളാൻ അവർക്കായില്ല. എതിർപ്പിന്റെ ശക്തി കൂടിയതോടെ ഷഹാനയുടെ മനസിലെ പ്രണയത്തിന്റെ ശക്തിയും കൂടി. ഒടുവിൽ ഇരുവരും ക്ഷേത്രത്തിൽ വച്ച് താലികെട്ടി ഒന്നായി. 2020 മാർച്ച് നാലിനായിരുന്ന വിവാഹം.
പ്രണവിനോടൊപ്പമുളള ഒരുവർഷത്തെ ജീവിതത്തെക്കുറിച്ച് പിൻതിരിഞ്ഞ് നോക്കുമ്പോൾ പൂർണ തൃപ്തയാണ് താൻ എന്നാണ് ഷഹാന പറയുന്നത്. തന്റെ സാമീപ്യം പ്രണവിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ഷഹാന പറയുന്നു. ഉറക്കത്തിൽ ഉണ്ടായ സമയകൃത്യത തന്നെ ഏറ്റവും നല്ല ഉദാഹരണം. അപകടത്തിനുശേഷം ഏറെ നാൾ വളരെ കുറച്ചുസമയം മാത്രമാണ് പ്രണവ് ഉറങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാം സാധാരണ നിലയിലായി. സമീപഭാവിയിൽ തന്നെ പ്രണവിന്റെ ജീവിതത്തിൽ ഇനിയും ഏറെ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഷഹാന. പഠിച്ച് എത്രയും പെട്ടെന്ന് ഒരു ജോലിനേടി ഇപ്പോഴത്തെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും പ്രണവിന് കൂടുതൽ മികച്ച ലഭ്യമാക്കണമെന്ന ആഗ്രവും ഷഹാനയ്ക്കുണ്ട്. പ്രണവിന്റെ സാമീപ്യം ആഗ്രങ്ങൾ സാധിക്കാനുളള ശക്തി തനിക്ക് നൽകുമെന്നാണ് ഷഹാനയുടെ ഉറച്ച വിശ്വാസം.