shijina-

കുട്ടിക്കാലത്ത് നിന്നും തുടങ്ങി ഇപ്പോഴും കൗതുകത്തോടെ മാത്രം കാണാനാവുന്ന ഒരു വസ്തുവാണ് ബലൂണുകൾ. ഉത്സവങ്ങൾക്കും പൂരപ്പറമ്പിൽ വിവിധ വർണ്ണങ്ങളിൽ കുട്ടികളെ ആകർഷിക്കാൻ അതിന് കഴിയുമായിരുന്നു. കളിപ്പാട്ടമെന്നതിലുപരി ബലൂണുകളിൽ കലയുടെ പുതുമ തേടിയ ഷിജിനയെ നമുക്ക് ഈ വനിതാ ദിനത്തിൽ അറിയാം. ബലൂണിൽ വിസ്മയം വിരിയിപ്പിച്ച് ഏഷ്യാ ബുക്ക് ഓഫ് റിക്കോർഡിൽ വരെ സ്വന്തം പേര് എഴുതി ചേർത്തയാളാണ് ഷിജിന. ബലൂണുകളെ ഒരു കൗതുകത്തിനപ്പുറം ആർട്ടായി കൊണ്ടുവരാനാവും എന്ന് ഷിജിന മനസിലാക്കിയത് വൈകിയാണ്. വിവാഹത്തിന് ശേഷം ഭർത്താവിന്റെ പ്രോത്സാഹനത്തോടെയാണ് ബലൂൺ ആർട്ടിന്റെ വിശാലതയിലേക്ക് ഷിജിന കടക്കുന്നത്. എന്നാൽ വളരെ വേഗത്തിൽ ബലൂണുകളുപയോഗിച്ച് കരവിരുതിന്റെ ഈ കലാരൂപം ഷിജിന പഠിച്ചെടുക്കുകയായിരുന്നു.

shijina-

കണ്ണൂർ അഴീക്കോട് സ്വദേശിനിയായ ഷിജിന മെന്റലിസ്റ്റായ ഭർത്താവ് പ്രീത് അഴീക്കോടിന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തേയ്ക്ക് താമസം മാറുന്നത്. വിവിധ വേദികളിൽ മജീഷ്യനും മെന്റലിസ്റ്റുമായ പ്രീത് അഴീക്കോട് പ്രകടനങ്ങൾ നടത്തുമ്പോൾ അതിന് ഒരു സപ്പോർട്ട് എന്ന നിലയ്ക്കാണ് ബലൂൺ ആർട്ട്സിനെ ഷിജിന കണ്ടിരുന്നത്. എന്നാൽ ക്രമേണ കുട്ടികൾക്ക് ബലൂൺ ആർട്ട്സിലേക്കുള്ള താത്പര്യം തിരിച്ചറിഞ്ഞ് ക്രാഫ്റ്റ് ക്ലാസുകൾ ആരംഭിക്കുകയായിരുന്നു. അപ്രതീക്ഷിതമായി എത്തിയ ലോക്ഡൗണിൽ കുട്ടികൾക്ക് ഓൺലൈനിലൂടെയാണ് ക്ലാസുകൾ എടുത്തത്. അഞ്ച് ബാച്ചുകളായി മുപ്പതോളം കുട്ടികളാണ് ലോക്ഡൗണിൽ ഷിജിനയുടെ ക്രാഫ്റ്റ് ക്ലാസുകളിൽ പങ്കെടുത്തത്. ഇതുകൂടാതെ ലോക്ക്ഡൗൺകാലത്ത് ഓൺലൈനായി ബലൂൺ ആർട്സിൽ എക്സിബിഷനും ഷിജിന ചെയ്തിരുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ച എക്സിബിഷൻ ഫേസ്ബുക്ക് ലൈവിലൂടെ കാൽലക്ഷത്തോളം പേരാണ് കണ്ടത്.

റിക്കോർഡ് കുടുംബം

ഷിജിനയുടെ കുഞ്ഞുകുടുംബത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. കുടുംബത്തിലെ എല്ലാവരും റിക്കോർഡുകൾക്ക് ഉടമകളാണ്. ഇന്ത്യയിലെ ഏറ്റവും വേഗയേറിയ ബലൂൺ ആർട്ടിസ്റ്റ് എന്ന റിക്കോർഡാണ് ഷിജിനയ്ക്കുള്ളത്, ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡിൽ ഒരു മിനിട്ടിൽ 13 മോഡലുകൾ നിർമ്മിച്ചു കൊണ്ടാണ് ഈ കലാകാരി ഇടം പിടിച്ചത്. ഈ വിഭാഗത്തിലെ വേൾഡ് റിക്കോർഡും ഒരു മിനിട്ടിൽ 13 മോഡലുകൾക്കാണ്. അതിനാൽ തന്നെ ഷിജിനയെ സംബന്ധിച്ചിടത്തോളം ഈ റിക്കോർഡും അനായാസം സ്വന്തം പേരിൽ എഴുതി ചേർക്കാനാവും. രജിസ്‌ട്രേഷനും മറ്റുമായി സാമ്പത്തികമായി ചിലവേറെയുണ്ടെങ്കിലും ലോകറിക്കോർഡ് സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ ഷിജിന.

ബലൂൺ ഉപയോഗിച്ചുള്ള ഫാഷൻ വസ്ത്ര നിർമ്മാണം നടത്തിയും ഷിജിന റിക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. രൂപകൽപ്പന ചെയ്ത ബലൂൺ വസ്ത്രങ്ങൾ അണിഞ്ഞു കൊണ്ട് നടത്തിയ ഫാഷൻ ഷോ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലാണ് ഇടം പിടിച്ചത്. എയ്‌റോസിസ് ഏവിയേഷൻ കോളേജിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ വെച്ച് നടന്ന ഈ മേളയിൽ യുവതികളും കുട്ടികളുമടക്കം 117 പേർ ഷിജിന തയ്യാറാക്കിയ ബലൂൺ വസ്ത്രങ്ങളണിഞ്ഞ് പങ്കെടുത്തു. ഷിജിനയുടെ ഭർത്താവും റിക്കോർഡിന് ഉടമയാണ്. ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ മൈൻഡ് റീഡർ എന്ന റെക്കോർഡാണ് പ്രീത് അഴീക്കോട് സ്വന്തമാക്കിയിട്ടുള്ളത്. ഇവരുടെ പൊന്നോമനയായ മകൾ ജ്വാല പ്രീതും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ റെക്കോർഡിലും ഇടംപിടിച്ചിട്ടുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ ബലൂൺ ആർട്ടിസ്റ്റ് എന്ന നേട്ടമാണ് ജ്വാല പ്രീത് സ്വന്തമാക്കിയത്. രണ്ടരവയസുള്ളപ്പോഴായിരുന്നു മകളുടെ റിക്കോർഡ് നേട്ടം. ഒരു കുടുംബത്തിലെ എല്ലാവർക്കും റിക്കോർഡ് എന്ന റിക്കോർഡ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പരിശോധിച്ചാൽ ഇവർക്ക് മാത്രമാവും ഉണ്ടാവുക.

shijina-

മലയാളത്തിന്റെ വാനമ്പാടിക്ക് നൽകിയ സർപ്രൈസ്

മലയാളികളുടെ വാനമ്പാടിയായ കെ എസ് ചിത്രയ്ക്ക് ഒരു സർപ്രൈസ് നൽകണമെന്ന് ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ആവശ്യമാണ് ഷിജിനയ്ക്ക് ഇപ്പോഴും മറക്കാനാവാത്ത ഒരു അനുഭവം. രാജ്യത്തിന്റെ അഭിമാനമായ പത്മഭൂഷൺ കിട്ടിയശേഷം തിരുവനന്തപുരത്തെ വീട്ടിലേക്ക് ആദ്യമായി കെ എസ് ചിത്രയെത്തുമ്പോൾ ഒരു സർപ്രൈസ് നൽകണം എന്നാണ് കുടുംബം ആവശ്യപ്പെട്ടത്. ചിത്രയുടെ വീട്ടിൽ ബലൂണിൽ മ്യൂസിക്കുമായി ബന്ധപ്പെട്ട രൂപങ്ങൾ തീർത്താണ് ഷിജിന സർപ്രൈസ് ഒരുക്കിയത്. കുടുംബം ഷിജിനയെ കൊണ്ട് തയ്യാറാക്കിയ സർപ്രൈസ് കണ്ട് മനം നിറയെ സന്തോഷിച്ച ചിത്ര അതവിടെ നിന്നും ഉടനെ മാറ്റരുതെന്നാണ് ആവശ്യപ്പെട്ടത്. കൂടെ കൊവിഡ് പശ്ചാത്തലത്തിൽ പുറത്തുള്ള ആർക്കും കൂടിക്കാഴ്ച അനുവദിക്കാത്ത സമയത്തും നേരിൽ കാണാൻ വീട്ടിലേക്ക് വിളിക്കുകയും അനുമോദിക്കുകയും ചെയ്തു. ഇത് ഇപ്പോഴും മറക്കാനാവാത്ത അനുഭവമാണ്.

shijina-

കളിയല്ല ബലൂണുകൾ
ബലൂണുകൾ കളിയല്ല ഷിജിനയ്ക്ക്, ബലൂണുകളിൽ രൂപം തീർത്ത് കുട്ടികൾക്ക് എളുപ്പത്തിൽ ക്ലാസുകൾ എടുക്കാനും ഇവർ മുന്നിട്ടിറങ്ങുന്നുണ്ട്. സൗരയൂധത്തിന്റെയും, തന്മാത്രകളുടെയും രൂപങ്ങൾ ബലൂണുകളിൽ തയ്യാറാക്കിയെടുക്കുന്ന ക്ലാസുകൾ കുട്ടികൾക്ക് എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിക്കാൻ സഹായിക്കും. ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ വിനോദവിദ്യാഭ്യാസ പരിപാടി ആറു മാസത്തോളം കാലം സർക്കാർ ഉടമസ്ഥതയിലുള്ള വിക്ടേഴ്സ് ചാനലിൽ അവതരിപ്പിച്ചിട്ടുണ്ട്. വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകളിൽ കുട്ടികൾക്ക് പാഠഭാഗം എളുപ്പത്തിൽ മനസിലാക്കാന്നതിനായി ബലൂണുകൾ ഉപയോഗിച്ചുള്ള ആർട് വർക്കുകളും ഷിജിന ചെയ്തു കൊടുക്കുന്നുണ്ട്. ഇതിന് പുറമേ വിവിധ ഇൻസ്റ്റലേഷനുകൾ അവതരിപ്പിച്ചും ഷിജിന കൈയ്യടികൾ നേടിയിട്ടുണ്ട്. വനം വകുപ്പിന് വേണ്ടി ചെയ്ത അത്തരമൊരു ഇൻസ്റ്റലേഷന് ഗവർണറുടെ നേരിട്ടുള്ള അഭിനന്ദനവും ലഭിച്ചിട്ടുണ്ട്. ഇവന്റ് ഗ്രൂപ്പുകളും ഡെക്കറേഷനുകൾക്കായി ഷിജിനയുടെ ബലൂൺ ആർട്ട്സിന്റെ സഹായം തേടാറുണ്ട്. ഈ വനിതാ ദിനത്തിൽ ഷിജിനയ്ക്ക് നൽകാനുള്ളത് സ്വന്തം ജീവിതാനുഭവമാണ്. സ്വന്തം കഴിവ് കണ്ടെത്തി അതിന്റെ പൂർണതയിലേക്ക് പരിശ്രമിച്ചാൽ ആർക്കും ജയിക്കാനാവും എന്ന സന്ദേശമാണത്.