
കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത സഹായിയും എംഎൽഎയുമായ സോനാലി ഗുഹ ബിജെപിയിലേക്ക്. പശ്ചിമ ബംഗാളിൽ വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് തീരുമാനം.
താൻ ബിജെപിയിലേക്ക് ചേരുമെന്നും, പാർട്ടിയിൽ അംഗത്വമെടുക്കാൻ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയോട് അഭ്യർത്ഥിച്ചതായി സൊനാലി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു ദിവസം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തീരുമാനം എടുക്കാൻ താൻ നിർബന്ധിതയാകുകയായിരുന്നെന്ന് പശ്ചിമ ബംഗാൾ നിയമസഭയുടെ മുൻ ഡെപ്യൂട്ടി സ്പീക്കർ കൂടിയായ സൊനാലി പറഞ്ഞു.തൃണമൂൽ കോൺഗ്രസിൽ തനിക്ക് അർഹതപ്പെട്ട സ്ഥാനം നൽകിയിട്ടില്ലെന്ന് അവർ വിമർശിച്ചു.
' തൃണമൂൽ കോൺഗ്രസിന് വേണ്ടി ഞാൻ കഴിവിന്റെ പരമാവധി പ്രയത്‌നിച്ചു. അത്'' ദിദി '' (മമത ബാനർജി) ഉൾപ്പടെയുള്ളവർക്ക് നന്നായി അറിയാം.' -സൊനാലി പറഞ്ഞു. സത്ഗച്ചിയയിൽ നിന്നുള്ള എംഎൽഎയാണ് സൊനാലി ഗുഹ.
നാല് തവണ എംഎൽഎയായിരുന്നു സൊനാലി. ഇത്തവണ മത്സരിക്കാൻ ടിക്കറ്റ് നൽകുന്നില്ലെന്ന് പാർട്ടി വെള്ളിയാഴ്ച അറിയിച്ചിരുന്നു. പശ്ചിമ ബംഗാളിലെ 294 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളായി നടക്കും. മെയ് 2 നാണ് വോട്ടെണ്ണൽ.