nandini

ദേഹാദ്ധ്വാനവും സാധനയും വളരെയധികം വേണ്ടുന്ന ഒന്നാണ് കേരളത്തിന്റെ ഓരോ ക്ഷേത്രകലകളും. ഇവയിൽ പ്രധാന പങ്ക് വഹിക്കുന്നതാണ് വാദ്യോപകരണങ്ങൾ. അതിൽ തന്നെ വളരെയധികം പ്രധാനമായൊരു വാദ്യോപകരണമാണ് അസുരവാദ്യമെന്ന് പറയപ്പെടുന്ന ചെണ്ട. പൊതുവിൽ പുരുഷന്മാർ മാത്രം കൈകാര്യം ചെയ്യുന്ന ചെണ്ടയിൽ ഇഷ്‌ടം തോന്നി നന്ദിനി വർമ്മ ചെണ്ട പഠിക്കാനാരംഭിച്ചത് പതിനാലാമത്തെ വയസിലാണ്. ഇതിന് പ്രോത്‌സാഹിപ്പിച്ചത് വല്യച്ഛനായ കേരളവർമ്മ കൊച്ചപ്പൻ തമ്പുരാനായിരുന്നു.

ക്ഷേത്ര നഗരമായ തൃപ്പൂണിത്തുറയിലെ പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവങ്ങളും കഥകളിയും മേളങ്ങളും കൂത്ത് പോലെയുള‌ള കലാരൂപങ്ങളും തന്റെ കുട്ടിക്കാലത്ത് നന്ദിനിയിൽ ചെണ്ട എന്ന വാദ്യോപകരണത്തിലും സംസ്‌കൃത ഭാഷയിലും താൽപര്യം ജനിപ്പിച്ചു.

അത് പിന്നീട് കലാ ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും നന്ദിനിക്ക് തുണയായി. ഒൻപതാം ക്ളാസുമുതൽ ആരംഭിച്ച ചെണ്ട പഠനത്തോടൊപ്പം സ്‌കൂൾ കാലത്തിന് ശേഷം ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിൽ നിന്ന് ബിരുദം നേടി. ഇപ്പോൾ മേളങ്ങൾക്ക് പങ്കെടുക്കുന്നതോടൊപ്പം തൃപ്പൂണിത്തുറയിൽ ആരംഭിച്ച 'പാലാഴി ആയുർവേദ ചികിത്സാലയ'ത്തിൽ ചീഫ് ഫിസിഷ്യനായി ജോലി നോക്കുകയും ചെയ്യുന്നുണ്ട് ഡോ.നന്ദിനി വർമ്മ.

ഗുരുക്കന്മാർ

തൃപ്പൂണിത്തുറ ഗോപീകൃഷ്‌ണൻ തമ്പുരാനാണ് നന്ദിനിയുടെ ചെണ്ട പഠനത്തിലെ ഗുരു. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ തായമ്പക, കേളി അരങ്ങേ‌റ്റത്തിന് ശേഷം ശങ്കരൻ കുളങ്ങര രാധാകൃഷ്‌ണൻ, പോരൂർ ഉണ്ണികൃഷ്ണ മാരാർ എന്നിവർക്ക് കീഴിൽ ചിട്ടയായ പഠനം. ഒരു ചെണ്ട കലാകാരൻ തീർച്ചയായും അനുവർത്തിക്കേണ്ട സാധകം പോരൂർ ഉണ്ണികൃഷ്ണൻ ആശാന്റെ വീട്ടിൽ താമസിച്ച് അഭ്യസിച്ചു തുടങ്ങി.

സാധകത്തിന്റെ ചിട്ട

പുലർച്ചെ 3.30ന് ആരംഭിച്ച് 6.30 വരെയും പിന്നീട് 10മുതൽ 2 വരെയും വൈകിട്ട് 4 മുതൽ 6 വരെയും രാത്രി 8.30 മുതൽ ഏതാണ്ട് ഒരു മണിക്കൂർ നേരവും ആണ് സാധകം ചെയ്‌തിരുന്നത്. വർഷത്തിൽ രണ്ട് മാസമാണ് ഇത്തരത്തിൽ മുറതെ‌റ്റാതെ സാധകം ചെയ്‌തിരുന്നത്. ആദ്യകാലത്ത് കല്ലിൽ പുളിമുട്ടികൊണ്ട് കൊട്ടിയാണ് പഠിക്കുക. ഈ സമയം കൈ പൊട്ടും. പക്ഷെ ആ ബുദ്ധിമുട്ടിനെ തന്റെ കലയോടുള‌ള താൽപര്യം ഉപയോഗിച്ച് നന്ദിനി മറികടന്നു.

ആദ്യ കാലത്തെ ബുദ്ധിമുട്ടുകൾ

പഠനം ആരംഭിച്ച ശേഷം ഏതാണ്ട് 17 വയസുമുതൽ ചെണ്ട പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ബഹുഭൂരിപക്ഷം പുരുഷന്മാർ മാത്രമുള‌ള കാലത്ത് ഉൾപ്രദേശങ്ങളിലെല്ലാം ചെണ്ടമേളം അവതരിപ്പിക്കുന്നതിന് വലിയ പ്രയാസമായിരുന്നു. എന്നാൽ ആ വിഷമങ്ങളെയെല്ലാം തരണം ചെയ്‌ത് കഴിഞ്ഞ 17 വർഷമായി ഡോ.നന്ദിനി കേരളത്തിനകത്തും പുറത്തും വിവിധ നാടുകളിൽ പരിപാടി അവതരിപ്പിക്കുന്നത് തുടരുന്നു.

കുടുംബത്തിന്റെ പിന്തുണ

വിവാഹത്തിനു മുൻപ് അച്ഛൻ മോഹനചന്ദ്ര വർമ്മയും അമ്മ ജയശ്രീയും നല്ല പിന്തുണയാണ് നൽകിയിരുന്നത്. വാദ്യകലാകാരനും കലാമണ്ഡലത്തിലെ അദ്ധ്യാപകനുമായ ഹരീഷിനെ വിവാഹം ചെയ്‌ത ശേഷം അവിടെ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. തൃശൂർ പൂരത്തിന് മഠത്തിൽ വരവിന് പ്രമാണിത്തം വഹിച്ചിരുന്ന കലാമണ്ഡലം പരമേശ്വര മാരാരുടെ (അന്നമനട പരമേശ്വര മാരാർ) മകനാണ് ഹരീഷ്. ഭർത്താവുമൊത്ത് നന്ദിനി 2013ൽ ആരംഭിച്ച 'ദമ്പതി തായമ്പക' ഈ രംഗത്ത് ആദ്യ സംരംഭമായിരുന്നു. ഇപ്പോഴും ഇരുവരുമൊന്നിച്ച് നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ച് കഴിഞ്ഞു.

dambathy-thayambaka

അംഗീകാരങ്ങൾ

2011ൽ കോട്ടയ്‌ക്കൽ കുട്ടൻ മാരാർ ആശാൻ സ്‌മാരക യുവ തായമ്പക കലാകാരിയ്‌ക്കുള‌ള പുരസ്‌കാരം ലഭിച്ചു. 2015ൽ ഭർത്താവ് ഹരീഷ് മാരാരോടൊപ്പം 'ദമ്പതി തായമ്പക'യ്ക്ക് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. തായമ്പകയിലെ ആദ്യ ദമ്പതികൾ എന്നതായിരുന്നു റെക്കോർഡ്. 2016ൽ പ്രൈവ‌റ്റ് ആയുർവേദ മെഡിക്കൽ പ്രാക്‌ടീഷണേഴ്‌സ് അസോസിയേഷന്റെ(പമ്പ) യുവ ഡോക്‌ടർക്കുള‌ള പുരസ്‌കാരവും സ്വന്തമാക്കി

ഇപ്പോൾ ചെണ്ട പഠനത്തിനായി കൂടുതൽ പെൺകുട്ടികൾ തയ്യാറായി വരുന്നത് വളരെയധികം സന്തോഷം തരുന്നതായി നന്ദിനി വർമ്മ പറയുന്നു. പുത്തൻ തലമുറ കലാകാരികളായ രഹിത കൃഷ്ണദാസ്, ശോഭിത കൃഷ്ണദാസ്, ശ്രീപ്രിയ കല്ലാറ്റ് എന്നിവർ ശ്രദ്ധേയരാണ്.

നിലവിൽ ആന ചികിത്സാ രംഗത്തെ താൽപര്യം കൊണ്ട് ഹസ്‌ത്യാദി മൃഗായുർവേദത്തിൽ ഉപരിപഠനം പൂർത്തിയാക്കിയ നന്ദിനി വർമ്മ ഈ രംഗത്തും തന്റേതായ വഴികൾ തേടുകയാണ്. ഒപ്പം ശക്തിയായി ഭർത്താവ് ഹരീഷും മകൾ ത്രയി നാരായണിയും കൂട്ടിനുണ്ട്.