
തിരുവനന്തപുരം: കോൺഗ്രസ് നേതാവായ പന്തളം പ്രതാപന്റെ അപ്രതീക്ഷിതമായ ബി ജെ പി പ്രവേശനം കോൺഗ്രസ് ക്യാമ്പിനെയാകെ ഇന്നലെ ഞെട്ടിച്ചിരുന്നു. കെ സുരേന്ദ്രൻ നയിച്ച വിജയയാത്രയുടെ സമാപന വേദിയിൽ വച്ചാണ് അമിത്‌ഷാ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചത്. ഇത്തവണ അടൂരിലേക്ക് യു ഡി എഫ് പരിഗണിച്ച സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു പ്രതാപൻ. മുൻ മന്ത്രി പന്തളം സുധാകരന്റെ സഹോദരൻ കൂടിയായ പ്രതാപൻ മുൻ കെ പി സി സി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
സഹോദരന്റെ ബി ജെ പി പ്രവേശനത്തെപ്പറ്റി ഹൃദയ വേദനയോടെയാണ് പന്തളം സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇപ്പോൾ പന്തളം പ്രതാപന്റെ ഫേസ്‌ബുക്കിലാകെ കോൺഗ്രസ് പ്രവർത്തകരുടെ അമർഷമാണ്. കോമഡി ട്രോളുകളും വിമർശനങ്ങളുമായാണ് അദ്ദേഹത്തിനെതിരെ കോൺഗ്രസുകാർ രംഗത്തെത്തിയിരിക്കുന്നത്.
പത്ത് ദിവസം മുമ്പാണ് രാഹുൽഗാന്ധിയുടെ കൊല്ലം സന്ദർശനത്തിനിടയിലെ ചിത്രം പ്രതാപൻ ഫേസ്‌ബുക്ക് പ്രൊഫൈൽ ചിത്രമാക്കിയത്. പുതുച്ചേരിയിലെ ഒരു വിദ്യാർത്ഥിനിയ്‌ക്കൊപ്പം രാഹുൽ ഫോട്ടോയെടുക്കുന്ന വൈറൽ വീഡിയോ ഉൾപ്പടെ രാഹുൽ ഗാന്ധിയുടെ ഓരോ നീക്കങ്ങളും പ്രതിഫലിക്കുന്നതായിരുന്നു പ്രതാപന്റെ ഫേസ്ബുക്ക് പ്രൊഫൈൽ. ഇത്ര കടുത്ത രാഹുൽ ഗാന്ധി ആരാധകനായ ഒരാൾ പെട്ടെന്ന് എങ്ങനെ മറുകണ്ടം ചാടി എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
അടൂർ മണ്ഡലത്തിലെ കോൺഗ്രസിന്റെ വിവിധ യോഗങ്ങളിലും പ്രതാപൻ സജീവമായിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹം എവിടേക്കോ പോകാനായി ഒരുങ്ങുന്നതാണ് കണ്ടത്. എങ്ങോട്ടേക്കാണെന്ന് ചോദിച്ചപ്പോൾ തിരുവനന്തപുരം വരെ പോകേണ്ട ആവശ്യമുണ്ടെന്നായിരുന്നു മറുപടി. എന്നാൽ വൈകുന്നേരം ആയപ്പോഴേക്കും പ്രതാപൻ ബി ജെ പി വേദിയിലെത്തുകയായിരുന്നു.