international

വിദേശപഠനം ആഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികൾക്കുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ പരമ്പര. ഹാർവാഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ മലയാളിയും മൈക്രോ സോഫ്‌റ്റിൽ ( ബോസ്‌റ്റൺ )​ ഡേറ്റ സയന്റിസ്‌റ്റുമായ അഭിജിത്ത് അശോക് എഴുതുന്നു.

........................

ഭാഗ്യനിർഭാഗ്യങ്ങളുടെ കടലാണ് നമുക്ക് ജീവിതം. പിന്നിട്ട വഴികളിലേക്ക് നോക്കിയാൽ അവയുടെയൊക്കെ കേന്ദ്രബിന്ദു ഏതെങ്കിലും തരത്തിൽ ഭാഗ്യത്തോടും, നിർഭാഗ്യത്തോടും യാദൃശ്ചികതയോടും ബന്ധപ്പെട്ടേക്കാം. എന്റെ ജീവിതവും അത്തരത്തിലായിരുന്നു. ഞാനൊരു മോശം സ്കൂൾ വിദ്യാർത്ഥിയായിരുന്നില്ല. അറിവിലുപരി മാർക്കിനോടുള്ള ഒരഭിനിവേശത്തിന്മേലായിരുന്നു സ്കൂൾ പഠനം.

2010- ലാണ് ഞാൻ ബിറ്റ്‌സ് പിലാനി ഗോവ ക്യാംപസിൽ എൻജിനിയറിംഗിന് എത്തിയത്. ആദ്യ സെമസ്റ്ററിൽ ഫിസിക്സിന്റെ ആദ്യ പരീക്ഷയിൽ എനിക്ക് ലഭിച്ചത് 50 - ൽ ഒരു മാർക്കായിരുന്നു. നമ്മുടെ നാട്ടിൽ എൻജിനിയറിംഗിന് പഠിക്കുന്ന പലരെയും പോലെ എനിക്കും എൻജിനിയറിംഗിൽ താത്‌പര്യമില്ലെന്ന് മനസിലായി. എനിക്ക് എ ഗ്രേഡ് ലഭിച്ച വിഷയങ്ങൾ മിക്കതും രചനയുമായി ബന്ധപ്പെട്ട, എൻജിനിയറിംഗുമായി ബന്ധമില്ലാത്ത 'ഇലക്‌ടീവ് ' കോഴ്സുകളായിരുന്നു.

എൻജിനിയറിംഗ് വിഷയങ്ങളിൽ എടുത്തുപറയത്തക്ക ഗ്രേഡ് ഇല്ലാതെ നിൽക്കുന്ന സമയത്താണ് മറ്റൊരു വഴിത്തിരിവുണ്ടായത്. 2014 - 2015 - കോളേജ് പഠനത്തിന്റെ അവസാനവർഷം ഇന്റേൺഷിപ്പ് വേണമായിരുന്നു. മുൻഗണനാപ്പട്ടികയിൽ എൻജിനിയറിംഗ് കമ്പനികളല്ലാത്തവ മാത്രം തിരഞ്ഞെടുത്ത എനിക്ക് കോളേജ് നൽകിയത് ബാംഗ്ലൂരിൽ തനി ഇലക്ട്രോണിക്സ് കമ്പനി. ഇന്റർവ്യൂവിൽ അവർക്കു വേണ്ടത് യാതൊന്നും എനിക്കറിയില്ലെന്ന് മനസിലാക്കി അവർ കോളേജ് അധികൃതരോട് എന്നെ അങ്ങോട്ട് അയയ്‌ക്കേണ്ട എന്ന് പറഞ്ഞു. പിന്നീട് ബാംഗ്ലൂരിലെ "മ്യു സിഗ്മ" എന്ന ഡേറ്റ അനലിറ്റിക്സ് കമ്പനിയിലാണ് ചെല്ലേണ്ടതെന്ന വിവരം അവസാന ഇന്റേൺഷിപ്പ് പട്ടികയിലൂടെയാണ് ഞാനറിയുന്നത്.

ഡേറ്റാ സയൻസ്

അക്കാലത്ത് ഡേറ്റാ എന്നു പറഞ്ഞാൽ 'ഡേറ്റാ എൻട്രി' മാത്രമാണെന്ന് വിശ്വസിച്ചിരുന്ന എനിക്ക് പുതിയ കാൽവയ്‌പായിരുന്നു അത്. ഡേറ്റ സയൻസിന്റെ സാദ്ധ്യത എന്താണെന്ന് മനസിലാകുന്നത് മ്യു സിഗ്മയിൽ അവിചാരിതമായി വന്നുപെട്ട ആ ഇന്റേൺഷിപ്പിലൂടെയാണ്. പൊതുസമൂഹം ഡേറ്റ സയൻസിനെ എൻജിനിയറിംഗിന്റെ ഭാഗമായിത്തന്നെ കാണുമെങ്കിലും കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയ വിഷയങ്ങളുടെ മിശ്രിതമാണ് ഡേറ്റാ സയൻസ്. കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഇഷ്ടമായിരുന്നെങ്കിലും അതിലെ മത്സരസ്വഭാവം കാരണം അത്തരം കോഴ്സുകൾ കഴിവതും ഒഴിവാക്കിയിരുന്ന ഞാൻ പ്രോഗ്രാമിങ്ങിലൂടെ ഡേറ്റയെ നിരീക്ഷിക്കുന്നതും പഠിക്കുന്നതും ഉത്സാഹത്തോടുകൂടെ ചെയ്യാൻ തുടങ്ങി. ചെറിയ ചെറിയ പരീക്ഷണങ്ങളും അവയുടെ വിജയവും ഗണിതശാസ്ത്രത്തിൽ അധിഷ്‌ഠിതമായ സങ്കീർണമായ ക്രമീകരണങ്ങൾ പോലും സ്വയം മനസിലാക്കിയെടുക്കാൻ കഴിഞ്ഞതുമൊക്കെ കൂടുതൽ ചെയ്യാൻ പ്രേരണതന്നു. ഇന്റേൺഷിപ്പിനിടയ്‌ക്ക് തോന്നിയ ഒരാശയം ഒഴിവുസമയം ഉപയോഗിച്ച് ഗണിതശാസ്ത്രപരമായി ആവിഷ്‌‌കരിച്ചാണ് പിറ്റേവർഷം ജീവിതത്തിലെ ആദ്യത്തെ ഗവേഷണം ഞാൻ അവതരിപ്പിച്ചതും പ്രസിദ്ധീകരിച്ചതും.

'അനലിറ്റിക്സ് ' ഡേറ്റ

ഡേറ്റ സയൻസിൽ എനിക്ക് അഭിരുചിയുണ്ടെന്ന് മനസിലാക്കുമ്പോഴും മറ്റൊരു പ്രശ്നം നിലനിന്നിരുന്നു. ഈ ഇന്റേൺഷിപ്പ് അല്ലാതെ ഡേറ്റ സയൻസിൽ എന്റെ താത്‌പര്യമോ അനുഭവസമ്പത്തോ തെളിയിക്കാൻ യാതൊന്നും എന്റെ കൈയിലില്ലായിരുന്നു. അതിനാൽ അവിടെ മറ്റൊരു വഴി തിരഞ്ഞെടുക്കേണ്ടി വന്നു. ഡേറ്റ സയൻസിന് തൊട്ടുമുൻപുള്ള പടിയായി ഏറെക്കുറെ കണക്കാക്കാവുന്ന കാര്യമാണ് 'അനലിറ്റിക്സ് '. അങ്ങനെ ഒരു വർഷത്തെ ഇന്റേൺഷിപ്പിനു ശേഷം, ബിരുദധാരിയായി ഒരു കൺസൾട്ടൻസിയിൽ 'ബിസിനസ് അനലിസ്റ്റ്' ആയി ജോലി തുടങ്ങി.

ദൗർഭാഗ്യവശാൽ ഞാൻ കയറിച്ചെന്ന ടീമാകട്ടെ, ഡേറ്റ സയൻസിൽ നിന്ന് ഏറ്റവും വിദൂരതയിൽ നിൽക്കുന്ന ടീമുകളിലൊന്നായിരുന്നു. എല്ലാ ദിവസവും നീണ്ട മണിക്കൂറുകൾ ജോലിക്കായി ചെലവിടുമ്പോഴും ഇതൊന്നും എന്റെ ആവശ്യത്തിന് പര്യാപ്തമല്ലെന്ന തിരിച്ചറിവ് വിഷമകരമായിരുന്നു. ആ കമ്പനിയുടെ ഡേറ്റ സയൻസ് ടീമിലേക്കു മാറാനുള്ള സാദ്ധ്യതയെപ്പറ്റി സംസാരിച്ചപ്പോൾ ആരുമത് ഗൗരവമായെടുത്തില്ല. എന്നാൽ ഞാൻ അവരുടെ ഡേറ്റ സയൻസ് ടീമിനോട് നേരിട്ട് സംസാരിച്ചു. എന്റെ ഒഴിവു സമയം ഉപയോഗിച്ച് പങ്കെടുക്കാൻ പറ്റുന്ന, പഠിക്കാൻ പറ്റുന്ന തരത്തിലുള്ള പ്രോജക്‌ട് ചോദിച്ചു വാങ്ങി. അവർ കമ്പനിക്കുള്ളിൽ നടത്തിയ ഡേറ്റ സയൻസ് മത്സരങ്ങളിൽ ഒഴിവു സമയത്ത് പങ്കെടുത്തു, ഒന്നാം സ്ഥാനത്തെത്തി. കൂടാതെ കമ്പനിക്ക് പുറത്ത് ഡേറ്റ സയൻസിൽ പ്രോജക്‌ടുകൾ കണ്ടുപിടിച്ച് അവ ചെയ്യാനും തുടങ്ങി. ഒരു ഫെമിനിസ്റ്റായ ഞാൻ ,​ ഡേറ്റ സയൻസ് ഉപയോഗിച്ച് ലിംഗ അസമത്വത്തിനെതിരെ പോരാടുന്ന ലാഭേച്ഛയില്ലാത്ത ഒരു സംഘടനയുടെ ഡേറ്റാ ടീം തുടങ്ങുന്നതും ഇങ്ങനെയാണ്. പുതിയ അവസരം വരുമ്പോൾ അതിനുള്ള സമയം എങ്ങനെയെങ്കിലും കണ്ടെത്തുക എന്ന രീതിയാണ് ഈ രണ്ട് വർഷവും ഞാൻ പ്രയോഗിച്ചത്.

ഡേറ്റ സയൻസിലുള്ള വിജ്ഞാനവും ആത്മവിശ്വാസവും വർദ്ധിച്ചു വരുമ്പോഴും ചോദ്യങ്ങൾ ചോദിക്കാനും മാർഗനിർദ്ദേശങ്ങൾ നേടാനും ഒരു ഉപദേഷ്ടാവിന്റെ അഭാവം വലിയ കുറവായിരുന്നു. പഠനത്തെ ദോഷകരമായി ബാധിക്കുന്ന ആ വിടവ് നികത്താനുള്ള ആകാംക്ഷയാണ് 2015 നവംബർ ആയപ്പോൾ അനാലിറ്റിക്‌സിലോ ഡേറ്റ സയൻസിലോ ബിരുദാനന്തരബിരുദം എന്ന തീരുമാനത്തിൽ എന്നെ കൊണ്ടെത്തിച്ചത്.

( നാളെ : അമേരിക്കയിലേക്ക് )