
തിരുവനന്തപുരം: പോത്തൻകോട് അയിരൂപ്പാറ വാർഡിലെ ശാന്തിപുരത്ത് കുന്നിടിച്ച് തെറ്റിയാർ നീർത്തടത്തിന്റെ ഉത്ഭവസ്ഥാനം നികത്താൻ സ്വകാര്യ വ്യക്തികൾ നടത്തിയ നീക്കം തെറ്റിയാറിനെ വീണ്ടും കൈയേറ്റ ഭീഷണയിലാക്കി. കൈയേറ്റം തൽക്കാലത്തേക്ക് തടയാനായെങ്കിലും കുന്നിടിക്കലിനെ തുടർന്ന് തെറ്റിയാറിനുണ്ടാകുന്ന നാശം ചെറുതൊന്നുമല്ല. ഇതിനോടകം തന്നെ തെറ്റിയാറിന്റെ പല ഭാഗങ്ങളിലെയും നീർത്തടങ്ങൾ കൈയേറ്റത്തെ തുടർന്ന് അടഞ്ഞു പോയിട്ടുണ്ട്. അതിനിടെയാണ് ശാന്തിപുരത്ത് കുന്നിടിച്ച് നീർത്തടത്തിന്റെ ഉത്ഭവസ്ഥാനം നികത്താൻ ശ്രമം നടന്നത്.
അഞ്ചേക്കറോളം കുന്നിൻപ്രദേശമാണ് ജിയോളജി വകുപ്പിന്റെയോ മറ്റ് ബന്ധപ്പെട്ട അധികൃതരുടെയോ അനുമതിയില്ലാതെ സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ ഇടിച്ചത്. പഞ്ചായത്തിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശത്തിന്റെ താഴ്‌വാരത്താണ് തെറ്റിയാർ തോടിന്റെ പോത്തൻകോട് പഞ്ചായത്തിലെ ഉത്ഭവ കേന്ദ്രമായ തെങ്ങനാംകോട് ചിറ. തെങ്ങനാംകോട് ചിറയോട് ചേർന്നാണ് അയിരൂപ്പാറ ഏലയുള്ളത്. തെറ്റിയാറിലൂടെ വരുന്ന ഈ തലക്കുളത്തിലെ ജലമാണ് ഇവിടെ കൃഷിക്ക് ഉപയോഗിക്കുന്നത്. വേനലിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശം കൂടിയാണിത്.
ജില്ലയിലെ മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന തെറ്റിയാർ, കുളത്തൂർ ജംഗ്ഷന് സമീപത്ത് വച്ച് മൂന്നാറ്റുമുക്കിലാണ് സംഗമിക്കുന്നത്. ഇവിടത്തെ ചെറിയ കുന്നുകളും അഞ്ച് ഏക്കറോളം വരുന്ന ഭൂമിയുമാണ് ഒരു സംഘത്തിന്റെ നേതൃത്വത്തിൽ ഇടിച്ചു നികത്തിയത്.ഭൂമി നികത്താനായി പഞ്ചായത്തിൽ നിന്ന് അനുമതിയും വാങ്ങിയിരുന്നില്ല. മണ്ണുമാന്തി യന്ത്രം ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു കുന്നിടിക്കൽ. അനധികൃതമായി കുന്നിടിക്കുന്നത് മനസിലാക്കിയ നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുന്നിടിക്കുന്നത് തടയുകയായിരുന്നു.
ഈ പ്രദേശത്തെ ജനങ്ങൾ കൃഷിക്കും തുണി നനയ്ക്കാനും മറ്റും കാലങ്ങളായി ആശ്രയിക്കുന്നത് തെറ്റിയാർ തോടിന്റെ പോത്തൻകോട് പഞ്ചായത്തിലെ ഉത്ഭവ കേന്ദ്രമായ തെങ്ങനാംകോട് ചിറ ആണ്. 2018ൽ തെറ്റിയാറിന്റെ കൈയേറ്റങ്ങൾ തിരിച്ചുപിടിക്കുന്നതിനായി തെറ്റിയാർ മിഷൻ എന്ന പേരിൽ പദ്ധതി തന്നെ സർക്കാർ ആവിഷ്‌കരിച്ചിരുന്നു. ടെക്നോപാർക്കിനും കഴക്കൂട്ടത്തെ മറ്റ് ഐ.ടി കാമ്പസുകളുടെയും സമീപത്ത് കൂടിയും തെറ്രിയാറിന്റെ നീർത്തടങ്ങൾ ഒഴുകുന്നുണ്ട്. തെറ്റിയാറിന്റെ ഭാഗങ്ങൾ കൈയേറിയതിനൊപ്പം ഇവിടെ വീടുകളിലും സ്ഥാപനങ്ങളിലും നിന്നുള്ള മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളിയിരുന്നു. ഇതോടെ പലയിടത്തും തെറ്റിയാറിന്റെ നീർത്തടങ്ങൾ അടഞ്ഞു. വർഷങ്ങളായുള്ള കൈയേറ്റത്തെ തുടർന്ന് തെറ്റിയാറിന്റെ പോത്തൻകോട് പ്രദേശത്തെ ഭാഗങ്ങൾ ഇപ്പോൾ പൂർണമായും നശിച്ച നിലയിലാണ്. അതിന്റെ തുടർച്ചയായാണ് കുന്നിടിക്കലും ഉണ്ടായത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ മറവിലാണ് ഇപ്പോൾ തെറ്റിയാർ നീർത്തടത്തിന്റെ ഉത്ഭവസ്ഥാനം അടക്കം നികത്താനുള്ള നീക്കമുണ്ടായത്. ഇതിനെതിരെ പ്രദേശവാസികളും പഞ്ചായത്തും രംഗത്ത് വന്നതോടെ പൊലീസെത്തി കുന്നിടിക്കൽ തടഞ്ഞു. കുന്ന് ഇടിക്കാൻ ഉപയോഗിച്ച ജെ.സി.ബി അടക്കം പൊലീസ് കസ്റ്റഡിയിൽ എടുത്തു.