
അമേരിക്കയിൽ സർവകലാശാലാ പ്രവേശനത്തിന് രണ്ട് പരീക്ഷകൾ, ഉപന്യാസങ്ങൾ, റെസ്യുമെ, ശുപാർശക്കത്തുകൾ, ഗവേഷണ മുൻപരിചയമുണ്ടെങ്കിൽ അത് എന്നിവ നിർണയിക്കപ്പെടുന്നു. കോഴ്സ് തുടങ്ങുന്നതിന് 9 - 10 മാസം മുൻപ് അപേക്ഷ സമർപ്പിക്കണം.
ആദ്യഘട്ടം
ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കാൻ TOEFL നിർബന്ധമാണ്. ചില സർവകലാശാലകൾ IELTS പരീക്ഷയും സ്വീകരിക്കും. എൻജിനിയറിംഗ്, കലാരംഗത്തെ കോഴ്സുകൾ, അല്ലെങ്കിൽ ഇവയുമായി ബന്ധപ്പെട്ട കോഴ്സുകൾ എന്നിവയാണെങ്കിൽ GRE യും സർവകലാശാലകൾ നിർബന്ധമാക്കും. എം.ബി.എക്കു പോകാനാണ് താത്‌പര്യമെങ്കിൽ GMAT ആണ് വേണ്ടത്. ഓരോ സർവകലാശാലയ്‌ക്കും മികച്ച സ്കോർ വ്യത്യസ്‌തമായിരിക്കും. ഇതേക്കുറിച്ച് സർവകലാശാലയുടെ വെബ് സൈറ്റിൽ നിന്നോ കോഴ്സ് പഠിച്ചിറങ്ങിയവരിൽ നിന്നോ മനസിലാക്കാം.
325 ന് മേൽ ലഭിച്ചാൽ
GREക്കു 325-ഇന് മുകളിൽ സ്‌കോർ മിക്ക സർവകലാശാലകൾക്കും സ്വീകാര്യമായിരിക്കും. GMATന് 800-ൽ 720-നോ 730-നോ മുകളിലാവണം. ഗണിതശാസ്ത്രത്തിലെയും ഇംഗ്ലീഷിലേയും നൈപുണ്യമാണ് GRE അളക്കുന്നത്. മൂന്ന് വിഭാഗങ്ങളാണുള്ളത് - 'വെർബൽ റീസണിങ്' (ഇംഗ്ലീഷ് പരിജ്ഞാനം), 'ക്വാണ്ടിറ്റേറ്റീവ് റീസണിങ്' (ഗണിതശാസ്ത്ര പരിജ്ഞാനം), 'അനാലിറ്റിക്കൽ റൈറ്റിംഗ്' (ഇംഗ്ലീഷ് ഉപന്യാസം). 170 മാർക്ക് വീതം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ നിറഞ്ഞ ആദ്യ രണ്ട് വിഭാഗങ്ങൾ ചേർന്നാണ് GRE ക്ക് 340 മാർക്കുള്ളത്. ഇതിൽ പെടുന്നില്ലെങ്കിലും അവസാന വിഭാഗ ഉപന്യാസങ്ങൾ ആറ് മാർക്കിലാണ്.
രജിസ്റ്റർ ചെയ്യുക
വളരെ നേരത്തെ തന്നെ GREയുടെ വെബ്‌സൈറ്റിൽ പണമടച്ച് പരീക്ഷയ്‌ക്കുള്ള തീയതിയും നൽകാനുദ്ദേശിക്കുന്ന സ്ഥലവും അവരുടെ പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കണം. ഉദ്ദേശിക്കുന്ന സ്ഥലവും തീയതിയും ലഭിക്കാൻ വളരെ നേരത്തെ തന്നെ രജിസ്റ്റർ ചെയ്യുക. GRE പഠനത്തിനായി പേരുകേട്ട പല പ്രസിദ്ധീകരണങ്ങളുടെയും പുസ്തകങ്ങൾ ലഭ്യമാണ്. പഠനം തുടങ്ങും മുൻപു തന്നെ ഒരു മാതൃകാപരീക്ഷ എഴുതുന്നത് ഗുണം ചെയ്യും.
GRE കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെയാണ് TOEFL പരീക്ഷ. ആകെ 120 മാർക്കുള്ള പരീക്ഷയിൽ 30 മാർക്ക് വീതം സ്പീക്കിംഗ്(സംസാരം), ലിസനിങ്(ശ്രവണം), റീഡിങ്(വായന), റൈറ്റിംഗ്(രചന) എന്നീ വിഭാഗങ്ങൾക്ക് നൽകിയിരിക്കുന്നു. പഠനത്തോടൊപ്പം പ്രൊഫസർമാരെ കോഴ്സ് നടത്തിപ്പിന് സഹായിക്കുന്ന 'ടീച്ചിങ് അസിസ്റ്റന്റ് ' പോലെയുള്ള പാർട്ട്-ടൈം ജോലികൾക്ക് പരിഗണിക്കപ്പെടണമെങ്കിൽ TOEFL സ്പീക്കിങ്ങിനു 30- ൽ 25 മാർക്ക് എങ്കിലും വേണമെന്നൊരു നിബന്ധന ചില സർവകലാശാലകൾ വയ്ക്കാറുണ്ട് . പ്രധാന നഗരങ്ങളിൽ ഈ പരീക്ഷകൾക്കെല്ലാം ക്ലാസുകൾ ലഭ്യമാണ്.
(തുടരും )