doval

ന്യൂഡൽഹി: ഇന്ത്യയുടെ അഞ്ചാമത് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്. രാജ്യത്തെ പരമോന്നത സൈനിക ബഹുമതികളിലൊന്നായ കീർത്തിചക്ര നേടിയ ആദ്യ പൊലീസ് ഉദ്യോഗസ്ഥൻ. ബഹുമതികളും അപൂർവതകളും പലതാണ് അജിത് കുമാർ ഡോവൽ എന്ന രാജ്യത്തിന്റെ മുഖ്യ സുരക്ഷാ ഉപദേഷ്‌ടാവിന്. 1968ൽ സിവിൽ സർവീസ് നേടി കേരള കേഡറിൽ ഐ‌പിഎസ് ഉദ്യോഗസ്ഥനായി ചേർന്ന ഡോവലിന്റെ ആദ്യ ശ്രദ്ധേയമായ പ്രധാന ദൗത്യം 1971 ഡിസംബർ 28ന് തലശേരി കലാപമായിരുന്നു. അന്ന് തലശേരി എ.എസ്.പിയായ അദ്ദേഹം വളരെയെളുപ്പം കലാപം അടിച്ചമർത്തി ശ്രദ്ധ നേടി. ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരന്റെ ശക്തമായ പിന്തുണ അന്ന് ഡോവലിനുണ്ടായി.

1945ൽ ജനിച്ച അജിത്‌ ഡോവലിന്റെ അച്ഛൻ മേജർ ജി.എൻ ഡോവൽ സൈനിക ഉദ്യോഗസ്ഥനായിരുന്നു. പഠന കാലം വിവിധ റെജിമെന്റുകളിൽ നിന്ന് നേടിയ ചിട്ടയായ ശീലം പിൽക്കാലത്ത് രഹസ്യാന്വേഷണ വിഭാഗത്തിലെ ജോലിയിൽ അദ്ദേഹത്തെ സഹായിച്ചു.

കേരളം വിട്ട് കേന്ദ്ര സർവീസിൽ ഡൽഹിയിൽ എത്തിയ അജിത് ഡോവൽ ഇന്റലിജൻസ് വിഭാഗത്തിൽ ജോലി ആരംഭിച്ചു. മിസോ- നാഷണൽഫ്രണ്ട് കലാപകാലത്ത് മുഖ്യ നേതാക്കന്മാരായ ആറുപേർക്കൊപ്പം ഏഴാമനായി വേഷംമാറിയെത്തി ലാൽഡെൻഗ സംഘത്തിൽ ആറുപേരെയും തറപ‌റ്റിച്ചു. പിന്നീട് ബർമ്മയിലെ അരക്കാനിലും ചൈനീസ് പ്രദേശങ്ങളിലും ഇന്ത്യയ്‌ക്കായി വർഷങ്ങളോളം അണ്ടർഗ്രൗണ്ട് പ്രവർത്തനങ്ങൾ അദ്ദേഹം നടത്തി. 1988ൽ കീർത്തിചക്ര ലഭിച്ച ആ ബഹുമതി നേടിയ ആദ്യ പൊലീസ് ഉദ്യോഗസ്ഥൻ. സ്വതന്ത്ര മിസോ രാജ്യത്തിനായി വാദിച്ച വിഘടനവാദികളെ തറപറ്റിച്ചു. റൊമേനിയയിൽ ഖാലിസ്ഥാൻ തീവ്രവാദികളുടെ കൈയിൽ അകപ്പെട്ട റൊമേനിയൻ നയതന്ത്രജ്ഞനെ ഡോവൽ നേരിട്ടെത്തി മോചിപ്പിച്ചു.

1984ലെ ഓപ്പറേഷൻ ബ്ളൂസ്‌റ്റാറിന് മുൻപ് സുവർണക്ഷേത്രത്തിൽ കയറി ഭിന്ദ്രൻവാലയെ സ്‌പോട്ട് ചെയ്‌തു. 1988ൽ ഓപ്പറേഷൻ ബ്ളാക്‌തണ്ടറിൽ ഖാലിസ്ഥാൻ വിഘടനവാദികൾക്ക് എതിരെ ശക്തമായി പൊരുതി. തുടർച്ചയായി ഏഴ്‌വർഷം പാകിസ്ഥാനിൽ രഹസ്യമായി ചാരപ്രവർത്തനം നടത്തി. തുടർന്ന് അവിടെ ആറ് വർഷം ഇന്ത്യൻ ഹൈക്കമ്മീഷണറുമായി. പാകിസ്ഥാനിലെ ഓരോ വഴികളും അറിയാവുന്ന വ്യക്തിയായ ഡോവൽ തങ്ങളുടെ രാജ്യത്തെ തകർക്കാനും താറുമാറാക്കാനും വിഘടിപ്പിക്കാനും ശ്രമിക്കുന്ന ഒറ്റയാൾ പട്ടാളമാണെന്നായിരുന്നു പാകിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗം മുൻ ഉദ്യോഗസ്ഥർ തന്നെ സൂചിപ്പിച്ചത്.