
ന്യൂഡൽഹി: ബലാത്സംഗ കേസ് പ്രതിയോട് പെൺകുട്ടിയെ വിവാഹം കഴിക്കാമോ എന്നു ചോദിച്ചെന്ന വാർത്ത തെറ്റായി റിപ്പോർട്ട് ചെയ്‌തതാണെന്ന് സുപ്രീം കോടതി. കോടതിക്ക് എപ്പോഴും സ്ത്രീകളോട് ആദരവാണുളളതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു.
പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന നിർദേശം മുന്നോട്ടുവയ്‌ക്കുകയല്ല കോടതി ചെയ്‌തതെന്ന്, ഇന്നു മറ്റൊരു കേസിന്റെ വാദത്തിനിടെയാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോവുകയാണോ എന്ന് ആരായുകയാണ് ചെയ്‌തത്. അതു തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിമർശനമാണ് താൻ നേരിട്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിയുടെ പരാമർശം സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും പറഞ്ഞു.
ബലാത്സംഗ കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത് വലിയ വിവാദമായിരുന്നു. നിയമ രംഗത്തുനിന്ന് ഉൾപ്പടെയുളള ഒട്ടേറെ പേർ പരാമർശത്തിനെതിരെ രംഗത്തുവന്നു. പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ചീഫ് ജസ്റ്റസിന് കത്ത് അയക്കുകയും ചെയ്‌തിരുന്നു.