
സാഹിത്യത്തിനും ഭാഷാഗവേഷണത്തിനും നിസ്തുലസംഭാവന നൽകിയഡോ. പുതുശ്ശേരി രാമചന്ദ്രന്റെ വിയോഗത്തിന്റെ ഒരാണ്ടാണ് ഇന്ന്.സ്നേഹനിധിയായ അച്ഛനെക്കുറിച്ച് മകന്റെ ഓർമ്മകൾ...
''കറുത്തതാണെങ്കിലും ഇവിടെയും ഒരാൺകൊച്ചനുണ്ടായി ഓപ്പോളേ..."" അമ്മവീട്ടിലെ കുടുംബസദസിൽ എന്റെ ബാല്യകാലം പരാമർശിക്കുമ്പോൾ അച്ഛൻ ഓർത്തെടുക്കാറുള്ള ഒരു വാചകമാണത്. നാലു പെൺമക്കളുടെ അമ്മയായ എന്റെ അമ്മൂമ്മയുടെ മൂത്ത മകൾ രാജമ്മയ്ക്ക് ആദ്യമായുണ്ടായതും പെൺകുഞ്ഞായിരുന്നു, എന്റെ ചേച്ചി ഗീത. എന്റെ ജനനത്തോടുകൂടി കുടുംബത്തിൽ ഒരാൺതരിയെ കിട്ടിയപ്പോഴുള്ള ആഹ്ലാദം വല്യമ്മാവൻ വെട്ടുകുളഞ്ഞയിൽ ഗോപിനാഥപിള്ള തന്റെ മൂത്ത സഹോദരി കുഞ്ഞിനെ കാണാൻ വന്നപ്പോൾ പറഞ്ഞതാണത്. എല്ലാവരുടെയും സന്തോഷത്തിന് അധികകാലം ആയുസുണ്ടായില്ല. എന്റെ പിറവിയോടുകൂടി അമ്മ രോഗാതുരയായി ദീർഘകാലം മരണത്തോടു മല്ലടിച്ചു ചികിത്സയിലുമായി. അമ്മ ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും എന്നെ ഏറ്റെടുത്തത് അമ്മൂമ്മയും കുഞ്ഞമ്മമാരുമായിരുന്നു. ആൺമക്കളില്ലാത്ത അമ്മൂമ്മയ്ക്ക് ദത്തുപുത്രനായി ഞാൻ അമ്മവീട്ടിൽ തന്നെ വളർന്നു, പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നതുവരെ. എന്നെ അച്ഛനമ്മമാർ ഒപ്പം കൂട്ടുന്നത് വേനലവധിയ്ക്കും ഓണത്തിനും മാത്രമായി.
കൊല്ലം എസ്.എൻ. കോളേജിൽ അദ്ധ്യാപകനായിരുന്ന അച്ഛൻ അക്കാലത്ത് കൃത്യമായി നാട്ടിൽ വരുന്ന മറ്റൊരു സന്ദർഭം അപ്പൂപ്പന്റെ ആണ്ടുബലിയായിരുന്നു. അമ്മവീട്ടിൽ നിന്ന് എന്നെയും സൈക്കിളിന്റെ മുന്നിൽ ഇരുത്തി ബലിയിടാൻ പുതുശ്ശേരിൽ കൊണ്ടുപോകും. അന്നു രാത്രി അച്ഛനെ കെട്ടിപ്പിടിച്ച് ചന്ദനമണമുള്ള ദേഹഗന്ധം നുണഞ്ഞ് കിടന്നുറങ്ങും. ദീർഘകാലമായി പണിപ്പുരയിൽ കഴിഞ്ഞ ഗവേഷണപ്രബന്ധം പൂർത്തിയാക്കി അച്ഛൻ അമ്മൂമ്മയുടെ ഷഷ്ടിപൂർത്തി ആഘോഷദിവസം വളരെ വൈകാരികമായി അമ്മൂമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നത് എന്റെ ഓർമ്മയിൽ ഇപ്പോഴുമുണ്ട്. 1971 ൽ ഞാൻ ആറാംക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് അച്ഛന് പിഎച്ച്ഡി അവാർഡ് ചെയ്യുന്നത്. അതിന്റെ വാർത്തയും അച്ഛന്റെ പടവും പത്രത്തിൽ കണ്ടു ഞാൻ സന്തോഷിച്ചു. പഠനം മുടങ്ങി കമ്മ്യൂണിസ്റ്റ് പാർട്ടിപ്രവർത്തനത്തിലായിരുന്ന കാലത്ത് വള്ളികുന്നത്തെ കർഷകത്തൊഴിലാളി സംഘടനയുടെ നേതൃത്വം അച്ഛനായിരുന്നു. ഗവേഷണബിരുദം നേടിയ അച്ഛനെ അനുമോദിക്കാൻ നാട്ടിലെ കർഷകത്തൊഴിലാളികൾ മണക്കാട്ട് പഞ്ചായത്താഫീസിന് സമീപം ഒരു സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിന് അച്ഛൻ എന്നെയും കൊണ്ടുപോയി. ആ ദിവസം മീറ്റിംഗിന് അച്ഛൻ ചൊല്ലിയ കവിതയാണ് ഹരിചന്ദനം. അത് എഴുതി മിനുക്കുപണികൾ ചെയ്യുമ്പോൾ ചേർന്നു നിന്ന എന്നെയാണ് അതിലെ വരികൾ ആദ്യം ചൊല്ലിക്കേൾപ്പിച്ചത്. കവിതയിൽ വള്ളികുന്നത്തെ വയലേലയിൽ അലിയും ഞാൻ എന്നവസാനിക്കുന്ന വരി കർഷകത്തൊഴിലാളികൾ തനിയ്ക്കു നൽകിയ സ്നേഹാദരങ്ങളോടുള്ള പ്രതികരണമാണെന്നത് എനിക്കന്നു മനസിലായില്ല. പിൽക്കാലത്ത് ഞാനുണ്ടാക്കിയ എന്റെ സ്വപ്നഭവനത്തിനിട്ട പേരും 'ഹരിചന്ദനം"എന്നായിരുന്നു. കോളേജ് വിദ്യാഭ്യാസകാലത്ത് പാർട്ടി പ്രവർത്തനത്തിൽ മുഴുകി പഠനമുപേക്ഷിച്ച മകനെയോർത്തു അമ്മൂമ്മ കണ്ണീർ പൊഴിച്ചു. മണ്ണെണ്ണ വിളക്കുവെട്ടത്ത് ആ കണ്ണീർച്ചാൽ തിളങ്ങുന്ന അമ്മയുടെ മുഖം കണ്ടത് ആത്മകഥയിൽ അച്ഛൻ വികാരഭരിതമായി പറയുന്നുണ്ട്.

ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കെ ആൺമക്കളിൽ മൂത്തവനായ എന്നെ പല ചുമതലകളും അച്ഛൻ ഏൽപ്പിക്കുമായിരുന്നു. അദ്ധ്യാപനത്തോടൊപ്പം സാഹിത്യ സാംസ്കാരിക സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സമയവും വ്യാപൃതനായിരുന്ന അച്ഛന് വീട്ടുകാര്യങ്ങളിലോ ഞങ്ങളുടെ കാര്യമോ ശ്രദ്ധിക്കാൻ നേരമുണ്ടായിരുന്നില്ല. അമ്മയായ്ക്കായിരുന്നു ആ ചുമതലകളുടെ ഭാരം.
കോളേജ് പഠനകാലത്ത് വീട്ടിലെ അംബാസഡർ കാറിൽ ഡ്രൈവിംഗ് പഠിച്ച് കൈ തെളിയുന്നതിന് മുമ്പെ എനിക്ക് അച്ഛന്റെ സ്ഥിരം സാരഥിയുടെ ചുമതലകൂടി കിട്ടി. ആ സഞ്ചാരത്തിനിടയിൽ ഡോ.ശൂരനാട്ട് കുഞ്ഞൻപിള്ള, പ്രൊഫ. എൻ. കൃഷ്ണപിള്ള, പി. കേശവദേവ്, പ്രൊഫ. എസ്. ഗുപ്തൻനായർ, സി. അച്യുതമേനോൻ, ഇ.എം.എസ്, എൻ.ഇ ബലറാം തുടങ്ങിയ മഹാരഥന്മാരെ കാണാനും പരിചയപ്പെടാനും സാധിച്ചു. ഞാൻ തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിൽ പഠിക്കുമ്പോൾ എട്ടാം ക്ലാസ് കഴിഞ്ഞുള്ള വേനലവധിക്കാലത്ത് കേരളസർവകലാശാല ലിംഗ്വിസ്റ്റിക്സ് വിഭാഗം കുട്ടികൾക്കായി ഒരു മാസത്തെ തെലുങ്ക് കന്നട ഭാഷാ കോഴ്സ് നടത്തുകയുണ്ടായി. ഞാൻ സ്വമേധയാ തെലുങ്ക് കോഴ്സിനു ചേരാൻ പേരു കൊടുത്തു. വീട്ടിൽ വന്നു പറഞ്ഞപ്പോൾ വലിയ സന്തോഷത്തോടെ അച്ഛൻ എന്നെ അഭിനന്ദിച്ചു. അച്ഛന്റെ ഗവേഷണ മാർഗദർശിയായ പ്രഗത്ഭ ഭാഷാശാസ്ത്രജ്ഞനും വകുപ്പു മേധാവിയുമായിരുന്ന ഡോ. വി.ഐ. സുബ്രഹ്മണ്യത്തിന്റെ മേൽനോട്ടത്തിലായിരുന്നു ക്ലാസുകൾ. അദ്ദേഹവും ഡോ. പി. സോമശേഖരൻ നായർ സാറുമായിരുന്നു ക്ലാസെടുത്തിരുന്നത്. ഇതിനിടെ വീട്ടിലെല്ലാവർക്കും ചിക്കൻപോക്സ് പിടിപെട്ടു. എന്റെ ദേഹത്തും ഒന്നുരണ്ടു കുമിളകൾ പ്രത്യക്ഷപ്പെട്ടു. പഠനം നഷ്ടപ്പെടുമെന്ന ആധിയിൽ ഞാൻ മുടങ്ങാതെ ക്ലാസിൽ പോയ്ക്കൊണ്ടിരുന്നു. ഒരു ദിവസം പ്രൊഫസർ ക്ലാസിൽ നിന്ന് എന്നെ വിളിച്ച് അദ്ദേഹത്തിന്റെ ഫിയറ്റ് കാറിൽ കയറ്റി വീട്ടിൽ കൊണ്ടുവന്നാക്കിയിട്ട് അച്ഛനോട് പറഞ്ഞു, തുടർന്നുള്ള പാഠങ്ങൾ വീട്ടിലിരുന്നു പഠിച്ചു പൂർത്തിയാക്കിയാൽ മതിയെന്ന്.ഞാൻ പാഠങ്ങൾ കൃത്യമായി പഠിച്ചു. അച്ഛൻ അദ്ധ്യാപകന്റെ കാർക്കശ്യത്തോടെ പരീക്ഷ നടത്തി ഉത്തരകടലാസുകൾ പ്രൊഫസറെ ഏൽപ്പിക്കുകയും ചെയ്തു. രോഗംകോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു.
''ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ മക്കളായ നിങ്ങൾക്കു എന്തിന്റെയെങ്കിലും കുറവുണ്ടായിട്ടുണ്ടോ?'' ബാല്യകാലത്ത് പിതാവിനെ നഷ്ടപ്പെട്ട് ചെറുപ്രായം മുതൽ കനൽ വഴികളിലൂടെ സഞ്ചരിച്ച കഥകൾ ഞങ്ങൾ മക്കളെ വിളിച്ചിരുത്തി പറയാൻ തുടങ്ങുമ്പോൾ, അച്ഛൻ ചോദിക്കുമായിരുന്നു. നിശ്ചദാർഢ്യവും സ്ഥിരോത്സാഹവും കൊണ്ടുമാത്രം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച അച്ഛന്റെ അനുഭവ സ്മരണകൾ ഞങ്ങൾക്ക് പഠിച്ചുവളരാനും ജീവിതത്തിൽ മുന്നേറാനും പ്രചോദനമായി. കാർഷികസർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഞാൻ ബാങ്കുദ്യോഗം സ്വീകരിച്ചതിൽ അച്ഛന് തീരെ തൃപ്തിയില്ലായിരുന്നു. കണക്കുകൂട്ടലുകളുടെ ലോകം നിനക്കു പറ്റിയതാണോ എന്നു ചോദിക്കുമായിരുന്നു. അക്കാഡമിക്, ഗവേഷണ മേഖല തിരഞ്ഞെടുക്കണമെന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. ആ വഴിയായിരുന്നു നല്ലതെന്ന് എനിയ്ക്കും പലപ്പോഴും തോന്നിയിട്ടുണ്ട്.

അച്ഛൻ റഷ്യൻ-ആഫ്രിക്കൻ കവിതകൾ പരിഭാഷപ്പെടുത്തിയിരുന്ന കാലത്ത് എഴുത്തുമുറിയിൽ ഞാനും ഒപ്പം കൂടും. ഇംഗ്ലീഷിലുള്ള കവിത മലയാള ഗദ്യരൂപത്തിലാക്കാൻ എന്നോടു പറയും. ചിലപ്പോൾ ഞാൻ ചില വരികൾ കാവ്യാത്മകമാക്കാനും ശ്രമിക്കും. അതു കണ്ടുള്ള സന്തോഷത്തിൽ പ്രോത്സാഹനമെന്നോണം ഒരു കവിത സ്വതന്ത്രമായി പരിഭാഷപ്പെടുത്താൻ എന്നോടു പറഞ്ഞു. ബ്രഹ്തിന്റെ 'എബൗട്ട് കമ്മ്യൂണിസം" എന്ന ഒരു കൊച്ചുകവിത ഞാൻ പരിഭാഷപ്പെടുത്തി. എന്റെ പരിഭാഷ ചില്ലറ മിനുക്കി പണി ചെയ്ത് ജനുയുഗം വാരികയ്ക്ക് അച്ഛൻ അയച്ചുകൊടുത്തു. വാരികയുടെ ആദ്യപേജിൽ അതച്ചടിച്ചുവന്നു.
സാഹിത്യത്തോടും ഭാഷാഗവേഷണത്തിനോടുമൊപ്പം അച്ഛനു പ്രിയപ്പെട്ട മറ്റൊരു മേഖല കൃഷിയായിരുന്നു. പൈതൃകമായി വീതം കിട്ടിയ നാട്ടിലെ ഭൂമി പഠനച്ചെലവുകൾക്കായി പണ്ടേ വിൽക്കേണ്ടിവന്നു. അവശേഷിച്ച ബാക്കി ഭൂമി രണ്ടു സഹോദരിമാർക്ക് സ്നേഹസമ്മാനമായി വീതിച്ചു നൽകിയതോടുകൂടി തീർത്തും ഭൂരഹിതനായി. ആദ്യസമ്പാദ്യം 'പുതിയ കൊല്ലനും പുതിയൊരാലയും" പാഠപുസ്തകമായപ്പോൾ കിട്ടിയ പ്രതിഫലം കൊണ്ടു വാങ്ങിയ കൊല്ലത്തെ സ്ഥലവും അതിൽ സർക്കാർ വായ്പയെടുത്തു വെച്ച വീടുമായിരുന്നു. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി വർഷങ്ങൾക്കുശേഷം കുറച്ചുകൃഷിഭൂമി വാങ്ങണമെന്ന ആഗ്രഹം അച്ഛനുണ്ടായി. അമ്മയെയും എന്നെയും കൂട്ടി പല സ്ഥലങ്ങളും കാണാൻ പോയി. എൺപതുകളുടെ ആദ്യം (1982) നഗരാതിർത്തിക്കു പുറത്തുള്ള അവികസിത പ്രദേശത്തെ ദുർഘടം പിടിച്ച കുന്നിൻചരുവിലെ ഭൂമി വാങ്ങാൻ തീരുമാനിച്ചു. അച്ഛന്റെ ദീർഘവീക്ഷണവും നിശ്ചയദാർഢ്യവും ഒന്നിനും തടസമായില്ല. വാങ്ങിയ ഭൂമിയെ നല്ല കൃഷിത്തോട്ടമായി വികസിപ്പിച്ചെടുത്തു. ഒഴിവുസമയങ്ങളിൽ തന്റെ കൃഷിയുടെ സമൃദ്ധി കണ്ടാനന്ദിക്കുന്നതായിരുന്നു അച്ഛന്റെ സംതൃപ്തി. പ്രായാധിക്യത്തിന്റെ അവശതകൾ തുടങ്ങുന്നതുവരെ അച്ഛൻ കൃഷികാര്യങ്ങളിൽ നേരിട്ടു വ്യാപൃതനായിരുന്നു.
അച്ഛന് പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ തുടങ്ങുമ്പോഴാണ് ഞാൻ മുംബയിൽ നിന്നും സ്ഥലംമാറ്റം വാങ്ങി തിരുവനന്തപുരത്ത് വരുന്നത്. അച്ഛന്റെ ശാരീരികാവസ്ഥ കണക്കിലെടുത്ത് ഭാവിയിൽ പ്രമോഷനും അനുബന്ധ ട്രാൻസ്ഫറും ഒഴിവാക്കി നാട്ടിൽത്തന്നെ നിൽക്കാമെന്നു കരുതിയെങ്കിലും രണ്ടുകൊല്ലം കഴിഞ്ഞ് ചെന്നൈയിലേക്ക് അവിചാരിത സ്ഥലംമാറ്റമുണ്ടായത് വലിയ ആഘാതമായി എനിക്ക്. അച്ഛന്റെ ആശുപത്രിവാസവും ചികിത്സയും മറ്റുമായി ഇടയ്ക്കിടെ നാട്ടിൽ വന്നുപോയിക്കൊണ്ടിരുന്നു. കഴിഞ്ഞവർഷം മാർച്ച് 14 ന് അച്ഛൻ വിട്ടുപിരിയുമ്പോൾ അടുത്തുണ്ടാവാൻ സാധിച്ചില്ല. അന്ത്യകർമ്മങ്ങൾ ചെയ്തു ദേഹം ചിതയിലേക്കെടുക്കുമ്പോൾ കർമ്മനിരതവും സഫലവുമായ ഒരു ജീവിതത്തിന്റെ അന്ത്യത്തിനു സാക്ഷിയാവുകയായിരുന്നു ഞാൻ.
(പുതുശ്ശേരി രാമചന്ദ്രന്റെ മൂത്ത മകനാണ് ലേഖകൻ, ഇൻഡ്യൻ ഓവർസീസ് ബാങ്കിൽ അസിസ്റ്റന്റ് ജനറൽ മാനേജർ)