
ന്യൂഡൽഹി: പാർലമെന്റിലെ ബഡ്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ച ആദ്യ ദിനംതന്നെ സഭയിൽ പ്രതിപക്ഷ എം.പിമാരുടെ ശക്തമായ പ്രതിഷേധം. പെട്രോൾ, ഡീസൽ, പാചകവാതക വിലക്കയറ്റത്തിൽ പ്രതിഷേധിച്ചാണ് എംപിമാർ ബഹളമുണ്ടാക്കിയത്. രാജ്യസഭയിൽ ഇന്ധനവിലക്കയറ്റത്തിൽ പ്രത്യേക ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ ബഹളംവച്ചു. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സഭ സമ്മേളിക്കുന്നത് വെട്ടിച്ചുരുക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ഉൾപ്പടെ വിവിധ പാർട്ടികൾ ആവശ്യപ്പെട്ടു.
പെട്രോൾ വില രാജ്യത്ത് പലയിടത്തും നൂറ് കടന്നു. ഡീസൽ 90 രൂപയ്‌ക്കടുത്തായി എൽപിജിയുടെ വില ഉയർന്നു. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായി, നികുതി കുറയ്‌ക്കാൻ തയ്യാറാകാത്ത സർക്കാർ അധികമായി ലഭിക്കുന്ന പണം എങ്ങനെ വിനിയോഗിക്കുമെന്ന് വ്യക്തമാക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാർജ്ജുന ഖർഗെ ആവശ്യപ്പെട്ടു. എന്നാൽ ധനകാര്യബില്ലിൽ ചർച്ച നിശ്ചയിച്ചിട്ടുളളതുകൊണ്ട് ഇക്കാര്യത്തിൽ ചർച്ച സഭാദ്ധ്യക്ഷൻ വെങ്കയ്യ നായിഡു അനുവദിച്ചില്ല. തുടർന്ന് ശക്തമായ പ്രതിപക്ഷ പ്രതിഷേധം മൂലം സഭ നിർത്തിവച്ചു.
ഏപ്രിൽ എട്ട് വരെ നിശ്ചയിച്ചിരിക്കുന്ന ബഡ്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന്റെ ദൈർഘ്യം ഒരാഴ്‌ചയാക്കി കുറയ്‌ക്കണമെന്ന് 145 എംപിമാർ ലോക്‌സഭാ സ്‌പീക്കർക്ക് കത്ത് നൽകി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇന്ധനവില വർദ്ധനയും കർഷക സമരവും ആളിക്കത്തിച്ച് സർക്കാരിനെ പരമാവധി പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ ശ്രമം.