
ഇരുട്ടുവീഴാൻ തുടങ്ങി. മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ മുറിയുടെ ജനാലക്കപ്പുറത്ത് മഴ ശക്തിയായി പെയ്തുകൊണ്ടിരുന്നു. കടകളടച്ചു വീടണയാനുള്ള ധൃതിയിലാണ് കച്ചവടക്കാർ. തൂക്കിയിട്ട കുട്ടിക്കുപ്പായങ്ങൾ കോലുകൊണ്ട് കുത്തിയെടുത്ത് ഉള്ളിലേക്കു വയ്ക്കുകയാണ് ഒരാൾ.സൈദാലിയുടെ മുന്നിൽ കൊണ്ടിട്ട കുടക്കെട്ടിനു മുന്നിൽ വിയർത്തുകുളിച്ചു നിൽക്കുന്ന ബാലൻ, ബസ്റ്റാന്റിലെ യാത്രക്കാരെ തള്ളിമാറ്റി അവൻ ഓടുന്നതിനിടയ്ക്കു തിരിഞ്ഞു നോക്കുന്നു.അവനുനേരെ നീട്ടിയ പത്തുരൂപ... ഉണർന്നതും, അതൊരു സ്വപ്നമായിരുന്നു എന്ന് ആശ്വസിച്ച് കുറെ നേരം കണ്ണുതുറന്നു കിടന്നു. ബാപ്പയും ഉമ്മയും പെങ്ങളും എഴുന്നേറ്റതിന്റെ കോലാഹലങ്ങൾ കേൾക്കുന്നുണ്ട്. മെഡിക്കൽ കോളേജിൽ നിന്നും ഏഴാം സെമസ്റ്റർ പരീക്ഷകൾക്കിടയ്ക്കു വീണുകിട്ടിയ രണ്ടേ രണ്ടു ദിവസം കുടുംബത്തിന്റെ കൂടെ ചെലവഴിക്കാമല്ലോ എന്നാഗ്രഹിച്ചാണ് വന്നത്.ഉറക്കം തികയാത്തതിന്റെ നീരസം ഉള്ളിൽ അടക്കിവെച്ചുകൊണ്ട് സ്വീകരണമുറിയിലേക്കു നടക്കുമ്പോൾ വരേണ്ടിയിരുന്നില്ല എന്ന് തോന്നി.
ജീവിതാനുഭവവും ഭാവനയും ഇടകലർന്ന ഈ കുറിപ്പു വായിച്ച് സാഹിത്യതല്പരരായ നിങ്ങളൊന്നും എന്റെ കുടുംബത്തെ ഒറ്റുകൊടുക്കില്ല എന്ന വിശ്വാസം എനിക്കുണ്ട്. ആ ഉറപ്പിന്മേൽ പറയട്ടെ, ജന്മനാകിട്ടിയ കൗശലം ജീവിതത്തിൽ നിസ്സാരമായി പ്രയോഗിക്കുന്ന, ഈ എഴുപത്തഞ്ചു വയസിലും ഊർജസ്വലനായി ജീവിക്കുന്ന ഒരാളാണ് എന്റെ ബാപ്പ. സ്വതഃസിദ്ധമായ പ്രസരിപ്പോടെ ഞങ്ങളോട് കളിതമാശകൾ പറയും. 'വളരെ മൃദുവായി പെരുമാറുന്ന നല്ലൊരു കാരണോർ" എന്നെ കവലയിൽ നിന്ന് നിങ്ങളോട് സംസാരിക്കുമ്പോൾ അദ്ദേഹത്തെ നിങ്ങൾ വിലയിരുത്തൂ. ബാപ്പാക്ക് സ്വന്തം തീരുമാനങ്ങളുണ്ട്. ഒരടി പിന്നോട്ട് വെക്കില്ല. അതുകൊണ്ടുതന്നെ, ചെയ്യുന്ന ബിസിനസ് നമ്മക്ക് പറ്റൂല്ലാന്ന് ഒരുപാടുതവണ മൂപ്പരോട് പറഞ്ഞതാണ്, പക്ഷേങ്കില്, കേൾക്കൂല്ല.
പൂർവകാല ഓർമ്മകൾ ഒരു ഞെട്ടലെന്നവണ്ണം ഒരു എക്സ്റേ ഫിലിമുപോലെ മുന്നിലുണ്ട്. പ്രായത്തിൽ മുതിർന്ന അപരിചിതരായ പുരുഷന്മാരെ കാണുമ്പൊ നെഞ്ചിടുപ്പുകൂടി വെപ്രാളപ്പെട്ട് ഞാനൊരു പരുവത്തിലാകും. ചെറുപ്പം മുതൽക്കേ ഒരു പെൻസിലു പോലും ഉപയോഗിച്ചുതീരാതെ വേറെയൊരെണ്ണം കിട്ടാൻ ബാപ്പാന്റെ മുന്നിൽ കരഞ്ഞു നിന്നിട്ടില്ല. മുന്നിൽ കാണുന്ന ജീവിതനിറപ്പകിട്ടുകളോട് എതിർത്തു നിൽക്കുന്നതുകൊണ്ട് കുടുംബക്കാരൊക്കെ കളിയാക്കും; ഞാനൊരു ചൂടനാണെന്ന്. സ്കൂളും കോളേജും കഴിഞ്ഞു കോഴിക്കോട്ടെ മെഡിക്കൽ കോളേജില് എത്തിയിട്ടും ഇവരുടെയൊക്കെ മുന്നിൽ ഞാൻ ഞാനായി ജീവിക്കുമ്പോൾ എനിക്കെന്തോ പോരായ്മയുണ്ടെന്നാണ് ചുറ്റുമുള്ള മുഖങ്ങളിൽ നിന്നും വായിച്ചെടുക്കാറുണ്ട്. അതെല്ലാം പോട്ടെ. ബാപ്പാക്കും ഉമ്മാക്കും, സൗദിയിലെ ജേഷ്ഠൻ അമീറിനും ഈ കച്ചോടം കാരണം ഒന്നും സംഭവിക്കരുതേ എന്ന് ദിവസം തോറും അള്ളാഹുവിനോട് ദ്വയർക്കാറുണ്ട്. വീട്ടിലെത്തി സുഖമായി ഒരു ദിവസംപോലുമെനിക്ക് ഉറങ്ങാൻ പറ്റിയിട്ടില്ല. സ്വന്തം സുഹൃത്തുക്കൾക്കുപോലും വന്നതെന്തിനാണെന്ന വിശദീകരണം മുന്നിലേക്ക് എടുത്തുനീട്ടാതെ വീട്ടിലേക്കു പ്രവേശനമില്ല എന്നായാലോ? നിങ്ങൾ വരുമ്പോ 'അന്ത്രമാൻ ഹാജി"എന്ന് തേക്കിൻ പലകയിൽ കൊത്തിവെച്ചിട്ടുള്ള വീട് പ്രധാന റോട്ടിൽ നിന്ന് നോക്കിയാലൊന്നും കണ്ണില് പെടൂല. ഒരു ഓട്ടോറിക്ഷക്കുപോലും തട്ടിയും മുട്ടിയുമല്ലാതെ നീങ്ങാൻ കഴിയാത്ത ഇടവഴിയിലൂടെ നൂറുവാര നടന്ന്, ഇടവഴി രണ്ടായിപ്പിരിയുന്നതിന്റെ വലതുഭാഗത്താണ് ഞങ്ങളുടെ ഈ ഇരുനില വീട്. ബാപ്പാക്ക് കുറച്ചു കായ് ചെലവാക്കി ഇടവഴി വീതികൂട്ടേണ്ടതെ ഉണ്ടായിരുന്നുള്ളൂ. പക്ഷേങ്കില് ചെയൂല്ല. ഉയരങ്ങളിലേക്കുള്ള പടികളുള്ള വീടിന്റെ ഗേറ്റിനടുത്തെത്തിയാൽ പുറത്തു സ്വകാര്യമായി സ്ഥാപിച്ചിട്ടുള്ള കാമറയിലൂടെ, ഗേറ്റിനരികിൽ കാത്തു നിൽക്കുന്ന നിങ്ങളെ അദ്ദേഹത്തിന് ബെഡ്റൂമിലെ മോണിറ്ററിൽ കാണാം.
സഹായമഭ്യർഥിച്ചുവരുന്ന അയൽവാസികളും പുറംപണിക്കാരും പിന്നിലെ അടുക്കള ഭാഗത്തുള്ള ചെറിയ ഗേറ്റിലൂടെയാണ് ഉള്ളിലേക്കു പ്രവേശിക്കേണ്ടത്. മുൻകൂട്ടിയറിയിക്കാതെ വീട്ടിലേക്കു വന്നാൽ ഇലക്ട്രിക് ഗേറ്റ് നിങ്ങളുടെ മുന്നിൽ അടഞ്ഞുതന്നെ കിടക്കും. മീൻകാരനും പാൽക്കാരനും ഇളവുണ്ട്. പാൽക്കാരന്റെ സൈക്കിൾ ശബ്ദം കേട്ടതും, ആമിന മുറ്റത്തുനിന്നും ഇടവഴിയിലേക്കുള്ള സ്റ്റെപ്പുകളിറങ്ങി പാൽ കൊണ്ടുവന്നു ഫ്രിഡ്ജിൽ വെച്ചു. ഭർത്താവിന്റെ വീട്ടിൽ നിന്നും കുട്ടികൾക്ക് സ്കൂളില്ലാത്ത ദിവസങ്ങളിൽ തറവാട്ടിലേക്കു വിരുന്നു വരുന്നതാണ് ആമിന.
മുറ്റത്തെ ആസ്ബറ്റോസിന് കീഴിലുള്ള കൂട്ടിൽ നിന്ന് പ്രാവുകൾ കുറുകിക്കൊണ്ടിരുന്നു. ആ പ്രാവിൻ കൂട് മുന്നോട്ടുതള്ളിയാൽ ലാഭമായി ബാപ്പ കൊണ്ടുവയ്ക്കുന്ന രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും അടുക്കുനോട്ടുകൾ കൂട്ടിവെയ്ക്കുന്ന രഹസ്യമുറിയാണ്.
ഞാനെപ്പോഴും ആമിനയോടു കളിതമാശ പറയാറുണ്ട്; ഒരിക്കൽ ഞാനാ പ്രാവിൻ കൂട് തുറന്ന് അവയെ സ്വതന്ത്രമാക്കുമെന്ന്. അന്നും സംസാരത്തിനിടയ്ക്ക് 'പ്രാവിൻ കൂട് " എന്ന് പറഞ്ഞതും കട്ടൻ ചായക്കു വേണ്ടി മുന്നിൽ ചെന്നുനിന്ന എന്നെ അവൾ ദേഷ്യത്തോടെ നോക്കി സ്കൂളിൽ പോകാനൊരുങ്ങുന്ന കുട്ടികളുടെ മുന്നിലേക്ക് പ്രാതലെടുത്തു വച്ചു. ഉമ്മയ്ക്ക് അടുക്കളയിൽ നിന്നും കുറച്ചുദിവസത്തേക്ക് അവധിയായിരിക്കുമല്ലോ എന്നുകരുതി ഞാനവളോട് മറുവാദമെറിയാൻ തുനിഞ്ഞില്ല.
ഇടവഴിക്കപ്പുറത്ത് മദ്രസയുടെ മതിലിനു ചേർന്ന് നിറുത്തിയിട്ടിരിക്കുന്ന ബൈക്കുകൾക്കരികിൽ മിന്നാമിനുങ്ങളെ പോലെ സിഗരെറ്റെരിഞ്ഞുകൊണ്ടിരുന്നു. സിഗ്നൽ കിട്ടിയാലുടൻ ആ ചെറുപ്പക്കാർ ഇരുട്ടുമാറാൻ വിമുഖതകാണിക്കുന്ന ഇടവഴിയിലൂടെ മൊബൈൽ ഫോണിന്റെ വെളിച്ചം വീശി കാഷ് ഏറ്റെടുക്കാൻ അകത്തേക്കു വരും. പകുതി തുറന്നുവെച്ച ഗേറ്റിലൂടെ വെള്ളഷർട്ടും മുണ്ടും ധരിച്ച ഒരജ്ഞാതൻ ധൃതിയിൽ ഉമ്മയിരിക്കുന്ന മേശമേൽ ഒരു ചാക്ക് നിറയെ നോട്ടുകൾ കൊണ്ടുവന്നു വെയ്ക്കും. ഹോസ്റ്റൽ റൂമിലെ കംപ്യൂട്ടറിൽ വെബ്ബിൽ കറങ്ങിനടക്കുന്ന സമയത്ത് 'നന്മവൃക്ഷം" എന്നറിയപ്പെടുന്ന അയാളെ കുറിച്ച് ഞാൻ കണ്ടെത്തിയ അറിവൊന്നും വീട്ടുകാരോട് പങ്കുവച്ചിരുന്നില്ല. ആ പുലർകാല സന്ദർശകനെ അജ്ഞാതനായി കാണാനാണ് എന്തുകൊണ്ടോ എനിക്കും തോന്നിയത്. നോട്ടുകളെണ്ണി മലബാറിലെ പലഭാഗങ്ങളിൽ കിടക്കുന്ന മുപ്പതും നാല്പതും വീടുകളിലെത്തിക്കാൻ വേണ്ടിയാണ് ദിവസക്കൂലിക്ക് ഇതിനായി തയ്യാറായി നിൽക്കുന്ന ചെറുപ്പക്കാർ നേരെത്തെയെഴുന്നേറ്റു മദ്രസയുടെ മതിൽ ചാരി കാത്തുനിൽക്കുന്നത്. ഗൾഫിൽ ജോലിചെയ്യുന്ന ആളുകളുടെ വീടുകളിൽ കാഷ് സമയത്തിനു കൊണ്ടെത്തിക്കണം. അതാണ് 'ഹുണ്ടി" എന്ന് ഞങ്ങളുടെ നാട്ടിൽ അറിയപ്പെടുന്ന 'ഹവാല." സുബഹ് നിസ്കാരം കഴിഞ്ഞു മുസല്ലയിൽ നിന്നുമെഴുന്നേറ്റ ഉപ്പയുടെ വെളുത്ത താടി നനഞ്ഞുതന്നെ കിടന്നു. ഉറക്കച്ചടവോടെ കണ്ണുകൾ തുറക്കാൻ പ്രയാസപ്പെട്ട എന്റെ നിരുത്സാഹതയിലേക്ക് ആമിന ചായഗ്ലാസ് നീട്ടി. 'ഇജ്ജെന്താ എണീറ്റ് നടക്കണത്? പോയി കിടക്ക്."ഓരോന്നാലോചിച്ചു പുറത്തേക്കു നോക്കിനിൽക്കുന്ന എന്നെ കണ്ട് ഉമ്മ തുടർന്നു, 'സമയം കുറേയായല്ലോ? അയാളെ ഇതുവരെയും കാണാനില്ല. ഈയിടെയായി താമസിച്ചാണ് വരണത്." കർട്ടൻ വകഞ്ഞുമാറ്റി ഉമ്മ ഇടവഴിയിലേക്ക് നോക്കി.
'ഒരു പാട് സ്ഥലത്തു കായ് നേരം ബെളുക്കന്നുതിന് മുൻപ് എത്തിക്കണ്ടതല്ലേ?"ആമിന പറഞ്ഞു: 'ഇന്നലെ ചായ വേണോ എന്ന് ചോയ്ച്ചപ്പോ മുണ്ടാതെ ചാക്കു കെട്ട് മേശമേൽ വെച്ചിട്ട് സ്ഥലം വിട്ട്." മേശക്കരികിൽ വന്നിരുന്ന ഉമ്മാനോട് അവളോരോന്നു പറയുന്നതിനിടയ്ക്കു പൂച്ചയെപ്പോലെ മുൻവാതിൽ തള്ളിമാറ്റി അയാൾ ചാക്കുകെട്ട് മേശമേൽ കൊണ്ടുവന്നു വെച്ച് ധൃതിയോടെ പുറത്തേക്കു കടന്നു. ചായഗ്ലാസ്സുകൾ എടുത്തുമാറ്റി ഉമ്മ മേശമേൽ സാരി വിരിച്ചു.
ഓപ്പറേഷൻ ആരംഭിച്ചു. മേശപ്പുറത്ത് മുഷിഞ്ഞതും കറപുരണ്ടതുമടക്കമുള്ള നോട്ടുകൾ അവരുടെ വിരൽത്തുമ്പുകൂടെ സ്പർശമേൽക്കാൻ വേണ്ടി അലക്ഷ്യമായി കിടന്നു. ബാങ്കുസീലുകളുള്ളതും പിന്നടിച്ചതുമായ നോട്ടുകെട്ടുകൾ അവരുടെ ജോലി എളുപ്പമാക്കി. സംശയം തോന്നിയ ഒരുലക്ഷത്തിന്റെ കെട്ടിലെ രണ്ടായിരത്തിന്റെ നോട്ടുകൾ ഉമ്മയും ആമിനയും എണ്ണിത്തിട്ടപ്പെടുത്താൻ തുടങ്ങി. ആമിന നോട്ടുകൾ ഒരു ബാങ്ക് കൗണ്ടറിലെ ജീവനക്കാരിയെപോലെ ബൾബിന്റെ വെളിച്ചത്തിനുനേരെ പിടിച്ച് എണ്ണുകയും വീണ്ടും കെട്ടുകളിലേക്കു കൂട്ടിവെയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. നേർത്ത ഷീറ്റുകൾ ഫാക്സ് മെഷീനിൽ നിന്നും ആ പുലർകാലത്തിലേക്ക് ചുരുണ്ടുവീണതും ഉപ്പ, ഡെലിവറി ചെയ്യേണ്ട അഡ്രസുകൾ റൂട്ടുകൾ കണക്കാക്കി പത്രക്കടലാസുകളിൽ പൊതിഞ്ഞ നോട്ടുകെട്ടുകൾക്കു മുകളിൽ സ്റ്റേപ്പിൾ ചെയ്തു വെച്ചു. റിയാദിൽ നിന്നും വരുന്ന, ഡെലിവറി ചെയ്യേണ്ട അഡ്രസുകളാണ് അതിൽ. എഫ്.ബി മെസ്സഞ്ചറോ വാട്സാപ്പോ ഉപ്പാക്ക് ഇതുവരെയും സംതൃപ്തി നല്കിയിട്ടില്ല. റിയാലായി തുടങ്ങി, സ്വർണമായി പിന്നീട് ഇന്ത്യൻ രൂപയിലേക്കുമാറുന്ന മനോഹരമായ പ്രക്രിയ കഴിഞ്ഞു മേശപ്പുറത്തു വന്നു വീഴുന്ന നോട്ടുകൾ! റിയാദിലെ ഫാക്ടറിയേരിയകളിലും കടകളിലും രാപ്പകൽ ജോലി ചെയ്യുന്ന പ്രവാസികളുടെ വിയർപ്പൊട്ടൽ ആ നോട്ടുകളിലുണ്ട്. ഭാര്യമാരുടെ പ്രസവത്തിന്…മകളുടെ വിവാഹത്തിന്…
ബാങ്കിൽ പോകാനോ അവിടെ വരിയിൽ നിന്ന് അറിയാത്ത ഭാഷയിൽ സംസാരിക്കാനോ കഴിയാത്ത പ്രവാസികൾ മുന്നിൽ വന്ന് ആ നോട്ടുകളിലേക്കു നോക്കിനിൽക്കുന്നതുപോലെ തോന്നി. റിയാദിലെ ജേഷ്ഠൻ, അമീർ ഓഫർ ചെയ്യുന്നത് ബാങ്ക് കൊടുക്കുന്നതിനേക്കാൾ കുറച്ചധികമാണ് എന്നതായിരുന്നു നാട്ടിലേക്ക് പണമയക്കുന്നവരെ ആകർഷിച്ചിരുന്നത്. അവർ അമീറിന്റെ ഓഫിസിലേക്കു വിളിക്കും, റേറ്റ് അറിയാൻ വേണ്ടി, നാട്ടിലെ അഡ്രസ് കൊടുക്കാൻ വേണ്ടി, അല്ലെങ്കിൽ കാഷ് വന്നു പിക്ക് ചെയ്യാനുള്ള സമയമറിയാൻ വേണ്ടി. അങ്ങനെ സ്വരൂപിക്കുന്ന റിയാലുകൊണ്ട് സ്വർണം വാങ്ങി നാട്ടിൽ പോകുന്നവരെ ഏൽപ്പിക്കും. നാട്ടിലെ ഏജന്റിന്റെ കയ്യിലെത്തുന്ന സ്വർണം മാർവാടികൾക്കു വിറ്റുകിട്ടുന്ന പണമാണ് പുലർച്ചെ ആ ഇടനിലക്കാരൻ വീട്ടിലെത്തിക്കുന്നത്. നോട്ടുകൾ എണ്ണിക്കഴിഞ്ഞതും, ചാറ്റൽ മഴയുടെ മൂടലിനിടയിലൂടെ മദ്രസ്സയുടെ മതിൽ ചാരിനിന്നിരുന്ന ചെറുപ്പക്കാർ ഉപ്പയുടെ സിഗ്നൽ കിട്ടി വീടിനുള്ളിലേക്ക് പ്രവേശിച്ചു. ഓരോ ഭാഗങ്ങളിലേക്കുള്ള നോട്ടുകെട്ടുകൾ ഓരോരുത്തരെ ഏൽപ്പിച്ച്, ഉപ്പ കിടപ്പുമുറിയിലേക്ക് നീങ്ങി. അവർ പോയിക്കഴിഞ്ഞതും വാതിൽ ചാരി എന്റെയും ആമിനയുടെയും അടുത്തുവന്നിരുന്ന് ഉമ്മ, നീരുവന്ന കാലിൽ സോക്സ് വലിച്ചുകയറ്റി. 'എനിക്ക് സമാധാനമായി ഉറങ്ങാനേ പറ്റുന്നില്ല." ഞാൻ പറഞ്ഞു. 'കുറിഞ്ഞി" ഉമ്മയുടെ മടിയിലേക്കു ചാടിക്കയറിയിരുന്ന് എന്റെ നേരെ നോക്കി. ഉമ്മ അവളുടെ വെളുത്തരോമങ്ങളിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു. 'അന്റെ ഉപ്പാക്ക് പഠിക്കാൻ പറ്റിയിട്ടില്ല. അനക്ക് കോളേജിൽ പോകാൻ പറ്റുന്നതൊക്കെ ഇതുകൊണ്ടൊക്കെയാണ്,റഷീദേ…" പെട്ടെന്നൊരു ആവശ്യത്തിന് വീട്ടിൽ കാശെത്തിക്കാൻ ഹുൻഡി പ്രവാസികൾക്ക് സഹായകമാണ് എന്നത് സത്യംതന്നെ. ഇതിനെ ചുറ്റിപ്പറ്റി നാട്ടിലെ ചെറുപ്പക്കാർക്കും വട്ടകച്ചെലവിനുള്ള തുക കിട്ടുന്നുണ്ട്. എങ്കിലും പേടിയുടെ നിഴലുകൾ എന്നെ വലം വെച്ചുകൊണ്ടിരുന്നു. മുഖം കഴുകിവന്ന് ആമിന മുന്നിലിരുന്നു. 'ഈ ദുനിയാവില് ഒന്നും എളുപ്പമല്ല.' 'നമ്മക്ക് പണ്ടത്തെ പോലെ കഷ്ടപ്പാടൊന്നുമില്ലല്ലോ. വീട്ടിലെ കാര്യങ്ങളെല്ലാം നടന്നുപോകുന്നില്ലേ? ഈയേർപ്പാടു നിറുത്താൻ ഉപ്പാനോട് പറയണം."
ഉമ്മ എന്തോ ഓർത്തുകൊണ്ട് സാരിയുടെ തലപ്പെടുത്തു കണ്ണുതുടച്ച് ചായഗ്ലാസ് ഉള്ളംകയ്യിലിട്ട് തിരിച്ചുകൊണ്ടിരുന്നു. എനിക്കറിയാമായിരുന്നു ഉമ്മയുടെ കണ്ണുനനയിപ്പിച്ചതെന്താണെന്ന്. എന്നെപ്പോലെ ഓർമ്മകളുടെ പിടിയിലാണ് ഉമ്മയും. കല്ല്യാണം കഴിച്ചു കൊണ്ടുവപ്പോൾ ഉമ്മാക്ക് പതിമൂന്നു വയസായിരുന്നു. രാത്രിയിൽ പട്ടിണി സഹിക്കവയ്യാതെ എരവിമംഗലം പഞ്ചായത്തു റോഡ് മുറിച്ചുകടന്ന് ഏലംകുളം മനയ്ക്കലെ വയലിൽ കടന്ന് കപ്പ വേരോടെ പറിച്ചുകൊണ്ടുവന്ന് പട്ടിണി ശമിപ്പിക്കുമായിരുന്നത്രെ ഉമ്മ! ഒരു ദിവസം ആ കോലോത്തെ ചെറുപ്പക്കാരൻ രാത്രി കോരിച്ചൊരിയുന്ന മഴയത്ത് വീടിന്റെ ഇറയത്തേക്ക് കയറിനിന്ന് കുടചോദിച്ചതും, ബാപ്പ അയാളെ കുടക്കീഴിൽ നിറുത്തി ബസ്റ്റോപ്പിലേക്ക് കൊണ്ടുചെന്നാക്കിയതും ഉമ്മ എപ്പോഴും പറയാറുണ്ട്. അന്ന് വിക്കോടെ സംസാരിച്ചിരുന്ന ആ കോലോത്തെ ചെറുപ്പക്കാരൻ എല്ലാം അറിയാം എന്നർത്ഥത്തിൽ വഴിക്കുവെച്ച് ഉമ്മാനെ കാണുമ്പോഴൊക്കെ ചിരിക്കുകമാത്രം ചെയ്തു.
എന്റെ യുവത്വത്തിന്റെ ദിനങ്ങളിൽ ആ കോലോത്തെ ചെറുപ്പക്കാരനെ കുറിച്ച് ഉമ്മ പറയുമ്പോഴെല്ലാം എനിക്കറിയാമായിരുന്നു അതാരായിരുന്നു എന്ന്. പക്ഷേ, അയാൾ നമ്മുടെ രാജ്യത്തെ വലിയൊരു നേതാവായിരുന്നു എന്ന് പറയുമ്പോൾ ഉമ്മാക്കതൊന്നും കേൾക്കേണ്ട. ആ കോലോത്തെ ചെറുപ്പക്കാരൻ നല്ലോനായിരുന്നു എന്നുമാത്രമേ ഉമ്മ ഇപ്പോഴും പറയൂ. വിശപ്പടക്കാൻ തത്രപ്പാട് പെട്ട ഉമ്മയുടെ ചിത്രം മനസിൽ മായാത്ത കനൽപോലെ ഇന്നുമുണ്ട്. കുട്ടിക്കാലത്ത്, തുന്നൽ പഠിക്കുന്ന ആമിനയുടെ മെഷീനിൽ നിന്നും കത്രിക വലിച്ചോടുന്ന എന്റെ പിറകെ അവളുടെ ശബ്ദം!
'കത്രികകൊണ്ടോടല്ലേ, ഇബടെ കൊണ്ടുവെക്കാനാണ് പറഞ്ഞത്, ഇബ്ലീസേ…" പെട്ടെന്നുള്ള ഓർമ്മയുടെ പിടി വിട്ടതും ഞാൻ ഉമ്മയുടെ തോളിൽ കൈ വെച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു: നീഎന്തിനാ വെറുതെ കാരേണത്? നിങ്ങളെ വിഷമിപ്പിക്കാൻ പറഞ്ഞതല്ലല്ലോ. എല്ലാരും സുരക്ഷിതമായിരിക്കണം എന്നെ കരുതിയുള്ളൂ 'ബിയ്യാത്തുമ്മ…" ഏതോ സ്ത്രീയുടെ വിളി കേട്ടതും കണ്ണുതുടച്ചുകൊണ്ട് ഉമ്മ അടുക്കളചായ്പ്പിലെക്കു നടന്നു. സഹായമഭ്യർഥിച്ച് ആരെങ്കിലും കാണാൻവരൽ പതിവാണ്. അവിടെ കസേരയിൽ ഇരുന്ന് മൂന്നാലു സ്ത്രീകളോട് വർത്താനം പറഞ്ഞിരിക്കുകയാണ് ഉമ്മ. ഇങ്ങനെ സഹായിക്കാൻ നിന്നാൽ അതിനുമാത്രമേ നേരമുണ്ടാകൂ. ഉമ്മയോടത് പറഞ്ഞാൽ കേൾക്കില്ല. അയല്പക്കത്തെ പെൺകുട്ടികളുടെ കല്യാണം, അല്ലെങ്കിൽ ഹോസ്പിറ്റൽകേസുകൾ ദിവസവുമുണ്ടാകും ഉമ്മാക്ക്. മഴയുടെ ശബ്ദവും ആമിനയുടെ അടുക്കളയിൽ നിന്നുമുള്ള ഒച്ചപ്പാടുകളും ശ്രവിച്ച് വിശാലമായ സിറ്റൗട്ടിലേക്കു തുറക്കുന്ന തേക്കിൻതടിയിൽ കടഞ്ഞെടുത്ത വാതിലിന്റെ പടിയിൽ ചെന്നുനിന്ന് ഞാൻ പുറത്തേക്കു കണ്ണോടിച്ചു. മാവിന്റെ കൊമ്പിൽ ആമിനയുടെ മോൾക്കുവേണ്ടി കെട്ടിയ ഊഞ്ഞാലിൽ കാറ്റ് വന്ന് കളിച്ചുകൊണ്ടിരുന്നു.
ലക്ഷ്യസ്ഥലത്തേക്ക് പൈസ കൊണ്ടെത്തിക്കാൻ വേണ്ടി ബൈക്ക് സ്റ്റാർട്ടുചെയ്തു പതുക്കെ ഓടിച്ചുപോകുന്ന ചെറുപ്പക്കാർ. ഉറക്കം വിട്ടുമാറാത്ത കുട്ടിക്കൂട്ടങ്ങളുടെ മുന്നിൽ നിന്നുകൊണ്ട് മദ്രസ്സയുടെ ഗേറ്റ് തുറക്കുന്ന ഉസ്താദ്. രണ്ടു ദിവസം മുൻപാണ് പൊലീസുകാർ വന്നുപോയത്. പിറകിൽ കൈകൾ ചേർത്തുവെച്ചുകൊണ്ട് ഇൻസ്പെക്ടറുടെ പരിശോധനനടക്കുന്ന ഭീതിദമായ നിമിഷങ്ങളെ ലാഘവത്തോടെ ഉപ്പയും, ജന്മനാ നർമം നിറഞ്ഞ, സ്വാഭാവികതയോടെയുള്ള സംസാരം കൊണ്ട് ആമിനയും നേരിട്ടു. സത്യം പറഞ്ഞാൽ, യൂണിഫോം ഇടാൻവേണ്ടി ദൈവം മൈക്കലാഞ്ചലയിലൂടെ ഡേവിഡിനെ ഭൂമിയിലേക്കിറക്കിയപോലെയുള്ള രൂപസൗന്ദര്യമായിരുന്നു എസ്.ഐ. നാസർ ഹുസൈന്റേത്. വെട്ടിയൊതുക്കിയ അയാളുടെ മീശയിൽ വിയർപ്പിന്റെ ഒരു കണിക പൊടിഞ്ഞു വന്നു നിന്നതും, സ്വീകരണമുറിയിലെ മങ്ങിയ വെളിച്ചത്തിൽ അയാളുടെ ബ്രൗൺ നിറത്തിലുള്ള ലെതർഷൂ സർപ്പത്തിന്റെ നാവുപോലെ തിളങ്ങിയതും ഞാനിന്നുമോർക്കുന്നു. ആരാധനയോടെ തലതാഴ്ത്തി ഒതുങ്ങിനിന്നു. 'എന്താ തന്റെ ജോലി ? ഇതുതന്നെ ആയിരിക്കുമല്ലേ, ഹുണ്ടി ? എന്ന് പറഞ്ഞുകൊണ്ട് അയാളെന്നെ കളിയാക്കി. മനസിലപ്പോൾ ഹോസ്പിറ്റലിലെ ദൃശ്യങ്ങൾ ചുറ്റും വന്നു വലയം വെയ്ക്കുകയായിരുന്നു. വയറു തുറന്നു ടേബിളിൽ കിടക്കുന്ന ശവത്തിനു ചുറ്റും ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ കുറിച്ചു വിവരിച്ചുകൊണ്ട് ചുറ്റും നടക്കുന്ന പ്രൊഫസർ, ഓരോ വരിയും നോട്ടുബുക്കിൽ ശ്രദ്ധയോടെ കുറിച്ചിടുന്ന ഞങ്ങൾ മെഡിക്കൽ വിദ്യാർത്ഥികൾ… സീനിയർ വിദ്യാർത്ഥികളൊന്നും അടുത്തില്ല.
രേണുക ഇതൊന്നും വലിയ കാര്യമല്ല എന്ന ചിന്തയോടെ മാറി നിന്ന് സുമേഷുമായി സംസാരിച്ചു നിൽക്കുകയാണ്. അടുത്ത ദിവസം കോഫീ ഹൗസിൽ മീറ്റുചെയ്യാമെന്ന് അവൻ പറയുന്നു. അവധിദിനങ്ങൾ ഹോസ്റ്റലിൽ തന്നെ ചെലവഴിക്കാമായിരുന്നു എന്ന പാശ്ചാപത്തിൽ ഉടക്കിനിന്ന എന്റെ ചിന്തകളെ നസീർ ഹുസൈൻ മടക്കിക്കൊണ്ടുവന്നു. 'ചോദിച്ചത് കേട്ടോ"
'അന്ത്രമാൻ ഹാജിയുടെ മകനാണ്. മെഡിക്കൽ വിദ്യാർത്ഥിയാണ്."
ആലോചനയിൽ നിന്നുണർന്ന് ഒരിളംചിരിയോടെ ആ കണ്ണുകളിലേക്കുതന്നെ ആരാധനയോടെ നോക്കി.
എണ്ണിത്തീർന്ന് നോട്ടുകെട്ടുകളുമായി പയ്യന്മാർ സ്ഥലംവിട്ടിരുന്നതുകൊണ്ട് അന്ന് നസീർ ഹുസൈന് ഹവാവാല ഇടപാടിന്റെ തുമ്പുകളൊന്നും കണ്ടെത്താനായില്ല. ആരോ ഒറ്റിക്കൊടുത്തതായിരുന്നു. അതാരാണെന്ന് ഉപ്പയ്ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. പരാതിക്കാരന്റെ പേര് സ്റ്റേഷനിൽ ഉണ്ടായിരുന്ന പരിചയക്കാരനായ പോലീസുകാരനിലൂടെ രഹസ്യമായി അറിയുകയായിരുന്നു. അതാരാണെന്നറിഞ്ഞതും ഭൂതകാലത്തിലെ ഇരുണ്ട കയത്തിൽ പാതാളക്കരണ്ടികൊണ്ട് ഉയർത്തിയതുപോലെ ഓർമ്മകൾ സ്മൃതിപഥത്തിലേക്കു പൊങ്ങി വന്നു. പത്താം ക്ലാസ്സിലായിരുന്ന കാലം. പരീക്ഷാഫീസുകൊടുക്കാൻ കാശു ചോദിക്കുമ്പോഴുള്ള ഉമ്മായുടെ ദയനീയമായ മുഖം. ബസ്സ് ചാർജിന് മേശവലിപ്പിൽ കയ്യിടുന്നത് കണ്ട ഉപ്പ സമാവാറിന്റെ ഭാഗത്തുനിന്നും തിരിഞ്ഞുനിന്ന് തവികയ്യിലെടുത്ത് എനിക്കുനേരെ ചൂണ്ടി. 'കടയീല് സഹാഹിക്കാൻ നിൽക്കാതെ പഠിക്കാൻ നടക്കുണു. വൈകിട്ട് നേരെ വന്ന് കടയിൽ വന്ന് നിന്നില്ലെങ്കില് പത്തുപൈസ ഞാൻ തരില്ല.'
ആ ദരിദ്രവാവസ്ഥയ്ക്ക് മേലെയൊരു ചാട്ടുളിപ്രയോഗമായിരുന്നു സൈദാലിയിൽ നിന്നും ഞാൻ നേരിട്ടത്. അയാളാണ് ഒറ്റുകാരൻ എന്നറിഞ്ഞതും മദ്രസ്സയിൽ നിന്ന് കിട്ടുന്ന തിളയ്ക്കുന്ന കുലാവി പായസചെമ്പുപോലെ എന്റെ ഉള്ള് ദേഷ്യം കൊണ്ട് തിളച്ചുകൊണ്ടിരുന്നു. ടൗണിൽ സൈദാലിക്കൊരു കടയുണ്ടായിരുന്നു. ജെട്ടി, ബനിയൻ, തോർത്തുമുണ്ട്, കുടകൾ എന്നിവ വിൽക്കുന്ന ഒരു കട. സ്കൂൾ തുറക്കുന്നതിന് മുൻപായി തൃശൂരിൽ നിന്നും പണിക്കാരെ കൊണ്ടുവന്ന് കുടകൾ നിർമിച്ച് കടയിൽ വിൽക്കും. രാത്രികളിൽ പാഠപുസ്തകമടച്ചു കിടന്നാലും കേൾക്കാമായിരുന്നു മെഷീന്റെ ഒച്ചയും പണിക്കാരുടെ സംസാരവും. ഒരിക്കൽ കുടക്കെട്ടുകൾ കടയിലെത്തിക്കണം എന്നാവശ്യവുമായി ഉമ്മായോട് സഹായമഭ്യർഥിച്ചു കൊണ്ട് സൈദാലി വീട്ടിൽ വന്നു. ഉമ്മയുടെ നിർബന്ധനത്തിനു വഴങ്ങി തലച്ചുമടായി രണ്ടു കിലോമീറ്ററോളം നടന്ന് കടയിലെത്തി. അകത്തേക്കു കടപ്പോൾ അയാൾ പുറകിലെ സ്റ്റോർ മുറിയിൽ ഓർഡർ വന്ന സാധനങ്ങളുടെ കാർഡ്ബോഡു പെട്ടികളഴിച്ച് അടുക്കി വെയ്ക്കുന്ന തിരക്കിലായിരുന്നു. 'ഇവിടെ, ആ മൂലയ്ക്കൽ ഇട്ടൊള്ളൂ." ഒരു വിധം തലയിൽ നിന്നും ഭാരം ഒഴിവാക്കി മാറിനിന്നു. 'ഇതൊക്കെ അടുക്കിവെയ്ക്ക്.' കാർബോഡ് ബോക്സുകൾ തുറന്ന് റാക്കിൽ ജെട്ടികളും ബനിയനുകളും അടുക്കി വെയ്ക്കുമ്പോൾ കൂലിയായി എന്തെങ്കിലും തരുമായിരിക്കും എന്നായിരുന്നു ക്ഷീണിച്ചു നിന്ന എന്റെ പ്രതീക്ഷ. 'ഞാൻ പോട്ടെ, പഠിക്കാനുണ്ട്.' 'പഠിക്കാനോ? ഇജ്ജെന്താ ഐ.എ. എസിനൊന്നുമല്ലല്ലോ പഠിക്കണത്." പുച്ഛത്തോടെയെയുള്ള ചിരിയോടെ അയാളെന്റെ അടുത്തേക്ക് നീങ്ങി നിന്നു. എന്നെ വലിച്ചുമുറുക്കി ആ ശരീരത്തോടടുപ്പച്ചത് പെട്ടെന്നായിരുന്നു. അയാളുടെ കനത്ത മീശ കവിളിൽ ഉരസാൻ തുടങ്ങിയതും ബലിഷ്ഠമായ ആ ശരീരത്തെ ഉന്തിമാറ്റി ഞാൻ പുറത്തേക്കു പാഞ്ഞു. ബസ് സ്റ്റാൻഡിൽ ബസുകൾ വരുന്നതിന്റെ അനൗൺസ്മെന്റ് കേട്ടതും കാത്തു നിന്നിരുന്ന യാത്രക്കാർ ചലിച്ചു തുടങ്ങി. അവർക്കിടയിലൂടെ ആരെയൊക്കെയോ തള്ളിമാറ്റി ഓടുമ്പോൾ ഒന്നും കൂടി സൈദാലിയുടെ കടയുടെ നേരെ നോക്കി. പത്തുരൂപയുടെ നോട്ട് എനിക്കുനേരെ നീട്ടിക്കൊണ്ടു നിൽക്കുന്ന അയാളുടെ രൂപം കണ്ടതും വീണ്ടും ഓടി. വീട്ടിലെത്തിയിട്ടേ ശ്വാസം വിട്ടുള്ളൂ. ജീവിതം മുഴുവൻ മറക്കുള്ളിൽ പൂഴ്ത്തിവച്ച ഓർമ്മകളായിരുന്നു അതെല്ലാം. ഉമ്മ ഉള്ളിൽ കൊണ്ടുനടക്കുന്ന പട്ടിണിമാറാപ്പിന്റെ ഓർമ്മകൾ പോലെ എന്റെയുള്ളിൻ ആ അനുഭവം വേദനിക്കുന്ന ചൂണ്ടക്കൊളുത്തതായി പഴുത്തുകിടന്നു. നസീർ ഹുസൈനോ ഉപ്പയുടെ ഹവാലായോ ആയിരുന്നില്ല മനസിൽ കുടുങ്ങിനിന്ന നീറുന്ന കരട്. സൈദാലി, അയാളെ കാണുന്ന ചുറ്റുവട്ടത്തിൽ നിന്നും ഞാൻ ഓടിയൊളിച്ചു. ആ മുഖം കാണുമ്പോഴൊക്കെ മൂർച്ചയേറിയ അയാളുടെ മീശയുടെ തുമ്പുകൾ എന്റെ മുഖത്ത് ഓടിനടക്കുന്നതുപോലെ തോന്നും. മീശ വച്ച ആണുങ്ങളെ കാണുമ്പോൾ എനിക്ക് പേടിയാണ്. പറഞ്ഞുവരുന്നത് എവിടെയുമെത്തിയിട്ടില്ല. നസീർ ഹുസൈന്റെ വീട്ടുപരിശോധന കഴിഞ്ഞ ആ ദിവസം രാത്രിയിൽ, ടി.വി കണ്ടുകൊണ്ടിരിക്കുമ്പോൾ ചുറ്റുവട്ടത്തെ പരിചയമുഖങ്ങൾ ഗേറ്റിനരികിൽ വന്ന് ബെല്ലടിക്കുന്നത് മോണിറ്ററിൽ കണ്ട് ബാപ്പ എഴുന്നെറ്റു നിന്നു. എന്റെ നെഞ്ചിന്റെ താളം വർദ്ധിച്ചു. ഇവരെന്തിനാണ് വന്നിരിക്കുന്നത്?
ആഴങ്ങളിലേക്ക് ഊളിയിട്ട് സമുദ്രജലത്തിൽ മുങ്ങിക്കിടക്കുന്ന വലിയൊരു ഐസ് മലയെ ആരോ ഉയർത്തിക്കൊണ്ടുവരുന്നതായി എനിക്കു തോന്നി. ബാപ്പായുടെ മുഖത്തേക്ക് കണ്ണുകൾ ചെന്നു വീണതും അദ്ദേഹം ആശ്വസിപ്പിക്കാനെന്ന മട്ടിൽ എന്റെ ചുമലിൽ തട്ടി. രണ്ടുദിവസം മുൻപ് വീട്ടിൽ നടന്ന പൊലീസുകാരുടെ തിരച്ചിലിനെകുറിച്ചറിഞ്ഞു വന്നതല്ല അവർ. ഇത് വേറെ വിഷയമാണ്. ധൈര്യത്തോടെ ഒരു നിമിഷം മുഖാമുഖം നോക്കി ഞങ്ങൾ പടികളിറങ്ങി ഗേറ്റ് തുറന്നു. നാട്ടിലെ കല്യാണത്തിനല്ലാതെ അയൽക്കാരെ ഒന്നിച്ചു കാണുന്നത് ആദ്യമായിട്ടാണ്. സ്കൂളിൽ ഒന്നിച്ചു പഠിച്ച ബഷീർ സലാം പറഞ്ഞു. അവൻ കഴിഞ്ഞപ്രാവശ്യത്തെ ഹജ്ജ് വാളണ്ടിയറും കേരള സർക്കാരിലെ ഹെൽത്ത് ഓഫിസറുമാണ്. 'അകത്തേക്ക് വരിൻ." വെപ്രാളത്തിനിടയ്ക്ക് ബാപ്പ മറന്നു പോയെങ്കിലും ഞാനവരെ ക്ഷണിച്ചു. 'അതിനൊന്നും സമയമില്ല. ഞങ്ങൾ വന്നത്..." മുഖവുരയായി പറയാൻ തുടങ്ങിയതും ബഷീർ ഒരു നിമിഷം നിറുത്തി റഹീമിക്കാന്റെ മുഖത്തേക്കു നോക്കി. പിന്നെ തുടർന്നു: 'ഞങ്ങള് സംഭാവന ചോദിച്ചുകൊണ്ട് വന്നതുമൊന്നല്ല."
'പിന്നെ? മടിക്കാതെ കാര്യം പറയടാ..." പഴയകാല സൗഹൃദത്തിന്റെ സ്വാതന്ത്ര്യമുപയോഗിച്ച് ഞാനവന്റെ തോളിൽ തട്ടി.
'ഒരു ബൈക്ക് ആക്സിഡന്റ്. സൈദാലിക്കാ ഐ. സിയുവിലാണ്. ഒ നെഗറ്റീവ് രക്തം വേണം."
'അതിന്?"
'നിന്റേത്… ഒ നെഗറ്റിവ് ആണല്ലോ."
വീട്ടിൽ പശുക്കളുള്ള, തോർത്തുമുണ്ട് തലയിൽ ചുറ്റിയ റഹീമിക്ക ബാപ്പാനോട് സൈദാലിയുടെ ആക്സിഡന്റിനെ കുറിച്ചും ബോധംകെട്ടുകിടക്കുന്ന അയാളുടെ ആശുപത്രിയിലെ അവസ്ഥയെ കുറിച്ചും വിവരിച്ചുകൊണ്ടിരുന്നു. ഡ്രാക്കുളപോലെ വശങ്ങളിൽ പല്ലൂന്തിയ സൈദാലിയുടെ മൂത്തമകൻ നിരാശ തൂങ്ങിക്കിടക്കുന്ന മുഖവുമായി എന്റെ നേരെ നോക്കി. റഹീമിക്ക പറയുന്നത് മുഴുവൻ കേൾക്കാൻ നിൽക്കാതെ ഞാൻ അകത്തേക്കുള്ള പടികൾ കയറി.
ദേഷ്യമോ സങ്കടമോ എന്നറിയാത്ത വികാരം കൊണ്ട് കട്ടിലിൽ തലതാഴ്ത്തിയിരുന്ന എന്നോട് ബാപ്പ പറഞ്ഞു: 'ഒ നെഗറ്റീവ് നിനക്കുമാത്രമേ ഈ ചുറ്റുവട്ടത്തുള്ളൂ... ഒറ്റിക്കൊടുപ്പുകാരനാണെങ്കിലും ഈയൊരൊരവസരത്തിൽ..."
മനസവിടെ നിന്നും വേറെയെങ്ങോട്ടോ എന്നെ വലിച്ചുകൊണ്ടുപോകുകയായിരുന്നു. ബാപ്പ മുറിയിൽ ഉലാത്തിക്കൊണ്ടിരുന്നു. ഉമ്മയും ആമിനയും ഞങ്ങളുടെ നേരെ നോക്കിക്കൊണ്ട് അപ്പുറത്തുതന്നെയുണ്ട്. നെഞ്ചിൽ നിന്നും ഉയർന്നു പൊങ്ങുന്ന മിന്നാമിങ്ങുകളാണ് ഉത്കണ്ഠയുടെ സ്ഫുരണങ്ങൾ എന്ന് ഞാൻ തിരിച്ചറിഞ്ഞുകൊണ്ടിരുന്നു. ബേജാറാകാനില്ല. മീശയും താടിയും വടിച്ച് ഓപ്പറേഷൻ ടേബിളിൽ കിടക്കുന്ന സൈദാലിയുടെ രൂപം പെട്ടെന്നെന്റെ മനസിലേക്ക് ഓടിവന്നു. കസേരയിൽ താടിക്ക് കൈകൊടുത്തിരിക്കുന്ന എന്നോട് ബാപ്പ പറഞ്ഞു.
'നീ ചെല്ല്, വെറും ചോരയല്ലേ... അത് അന്റെ മേത്ത് ഇനിയും ഉണ്ടാക്കൂല്ലേ..."
ബാപ്പാന്റെ പുറത്ത് 'എക്സ് "ചിഹ്നമിട്ട് തിരിഞ്ഞു നടന്ന സൈദാലിയുടെ മുഖം ഇപ്പോൾ താഴ്ന്നു കിടന്ന് ദയനീയതയോടെ എന്നെ നോക്കുന്നു. വെറും ചോരയുടെ കാര്യം മാത്രമാണോ എന്ന ചോദ്യം ഉള്ളിൽനിന്നും ഉയർന്നെങ്കിലും ചോദിക്കാൻ ധൈര്യപ്പെട്ടില്ല. അതിനു പകരം ഞാൻ പറഞ്ഞു:
'ബാപ്പ ഒരു കാര്യത്തിൽ മാത്രം ഉറപ്പുതന്നാൽ ഞാൻ ചെല്ലാം. ഈ ഹവാല ഇടപാട് ഇന്നന്നെ നിറുത്തണം." ബാപ്പാന്റെ കൈവിരലുകൾ എന്റെ തല മുടിയിലൂടെ ഒഴുകിനടന്നു. തലയുർത്തി ആ മുഖത്തേക്ക് നോക്കിയതും അദ്ദേഹം പറഞ്ഞു: 'നിന്റെ ഇഷ്ടം പോലെ."
അക്ഷമയോടെ ബാപ്പാന്റെ മുറിയുടെ മുന്നിൽ നിൽക്കുന്ന ഉമ്മയുടെയും ആമിനയുടെയും നേരെ ആശ്വാസത്തിന്റെ പുഞ്ചിരിയെറിഞ്ഞുകൊണ്ട് ഞാൻ 'അന്ത്രമാൻ ഹാജി" എന്ന് തേക്കിൻപലകയിൽ കൊത്തിയിട്ട എന്റെ വീടിന്റെ ചവിട്ടുപടികളിറങ്ങി ഗേറ്റിനു മുന്നിൽ ആകാംക്ഷയോടെ നിൽക്കുന്ന കൂട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു.