
പ്രൗഢഗംഭീരമായ ഒരു ചടങ്ങായിരുന്നു അത്. മലയാളസാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ കളത്തിൽ ലക്ഷ്മണന്റെ വീട് സർക്കാർ ഏറ്റെടുത്തു. ഇനിയത് ലക്ഷ്മണന്റെ ശാശ്വതസ്മാരകമായിരിക്കും. ഇക്കാര്യത്തിൽ കുറെ അസ്വാഭാവികതയുണ്ട് എന്നത് നേര് തന്നെ. സാധാരണയായി സാഹിത്യകാരന്മാർ മരിച്ചു വർഷങ്ങളേറെ കഴിയുമ്പോഴാണ് അവരുടെ വസതികൾ സർക്കാർ ഏറ്റെടുക്കാറുള്ളത്.അവ സ്മാരകങ്ങളായി മാറുന്നു.സ്മാരകമാവാനുള്ള യോഗ്യത സാഹിത്യകാരന്റെ വസതിക്കുണ്ടാവണമെങ്കിൽ അയാളുടെ മഹിമ കാലം തെളിയിച്ചിരിക്കണം എന്ന നിഷ്കർഷ സർക്കാറിനുണ്ടാവാം. എന്നിട്ടുമെന്തുകൊണ്ട് മരണം കഴിഞ്ഞു ആറുമാസത്തിനുള്ളിൽ സർക്കാർ ലക്ഷ്മണന്റെ വീട് ഏറ്റെടുത്തു? കാലത്തിന്റെ അകലം കുറച്ചുകൊണ്ടുവരാൻ സർക്കാർതലത്തിൽ ശ്രമം നടക്കുന്നതുകൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്. ഒരു കൊല്ലം മുൻപ് പാതയോരത്ത് വീണു കിടന്നിരുന്ന ലക്ഷ്മണന്റെ ചുറ്റും കുറേപ്പേർ കൂടി.
''വേഗം ആശുപത്രിയിൽ കൊണ്ടുപോകാം.""
കൂട്ടത്തിലൊരു ചെറുപ്പക്കാരൻ പരിഭ്രമത്തോടെ പറഞ്ഞു. പ്രകാശനായിരുന്നു അത്.
അത് കേട്ട് ചിലർ ഉറക്കെ ചിരിച്ചു.
''എന്താ ഇവിടത്തുകാരനല്ലേ?""
ചോദ്യം കേട്ട് കാര്യം മനസിലാക്കാതെ പ്രകാശൻ ചോദ്യകർത്താവിനെ നോക്കി.
''എടോ , ഇതിയാളുടെ സ്ഥിരം പരിപാടിയാ. മൂക്കറ്റം കുടിച്ചുവന്നിട്ട് എവിടെങ്കിലും വീണു കിടക്കും. കൊറേക്കഴിഞ്ഞു ബോധം വരുമ്പോ പയ്യെ എഴുന്നേറ്റങ്ങു പൊയ്ക്കൊള്ളും.""
ഒരു വലിയ തമാശ കേട്ട പോലെ കൂടി നിന്നവർ പൊട്ടിച്ചിരിച്ചു. പിന്നെ ഓരോരുത്തരായി പിരിഞ്ഞു പോകാൻ തുടങ്ങി.
''ആള് വലിയ പ്രസിദ്ധനാണെന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം? ലക്കില്ലെങ്കിപ്പിന്നെ മനുഷ്യനെക്കൊണ്ടെന്തു കാര്യം?""
പോകുന്ന പോക്കിൽ ഒരുത്തൻ ആരോടെന്നില്ലാതെ പറഞ്ഞു.
എന്നിട്ടും പ്രകാശന് വീണുകിടക്കുന്ന ആളെ വിട്ടുപോകാൻ തോന്നിയില്ല.അയാൾ കുറേനേരം അവിടെത്തന്നെ നിന്നു. പിന്നെ അയാളും അവിടെ നിന്ന് നടന്നു. അരമണിക്കൂർ കഴിഞ്ഞു പ്രകാശൻ തിരിച്ചുവരുമ്പോൾ കുറെ ആളുകൾ ചേർന്ന് അയാളെ ചുമന്നുകൊണ്ടുപോകുന്നത് കണ്ടു. ആകാംക്ഷയോടെ പ്രകാശൻ വേഗത്തിൽ അവരുടെ അടുത്തേക്ക് നടന്നു. അവരുടെയൊപ്പമെത്തിയപ്പോൾ പ്രകാശൻ കൂട്ടത്തിലൊരാളോട് ചോദിച്ചു:
''അയാള് കുടിച്ചു ബോധം കേട്ട് കിടന്നതല്ലേ?""
''അങ്ങനെയാണ് എല്ലാവരും കരുതീത്. പക്ഷേ , അയാള് ശരിക്കും സുഖമില്ലാതെ ബോധം കേട്ട് വീണതാണ്.""
അടുത്തുള്ള ആശുപത്രിയിൽ അയാളെ അഡ്മിറ്റ് ചെയ്തു.
എന്തിനെന്നറിയാതെ, പ്രകാശൻ ഇടയ്ക്കിടെ ആശുപത്രിയിൽ പോകുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ലക്ഷ്മണന്റേത് ഗുരുതരമായ രോഗമാണെന്നും കൂടുതൽ വലിയ ചികിത്സകൾ വേണമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടെന്നും അറിഞ്ഞത്. എന്നാൽ, അതേ ആശുപത്രിയിൽത്തന്നെ അയാൾ കുറേനാൾ കൂടി തുടർന്നു. അതിനിടെ അയാൾ ഒരു വിൽപ്പത്രം തയ്യാറാക്കുകയുണ്ടായി. വർഷങ്ങൾക്ക് മുൻപേ തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയ്ക്കും മക്കൾക്കും കൊടുക്കാനുള്ളതൊക്കെ കൊടുത്തുകഴിഞ്ഞുവെന്നും അതിനാൽ ഇനിയുള്ളത് തനിക്കു മാത്രം അവകാശപ്പെട്ടതാണെന്നും അയാളെഴുതി. പാരമ്പര്യമായി തനിക്കു കിട്ടിയതും താനിപ്പോൾ താമസിക്കുന്നതുമായ തറവാട്ടുവീട് തന്റെ കാലശേഷം തന്റെ സ്മാരകമായി സൂക്ഷിക്കാൻ സർക്കാരിന് വിട്ടുകൊടുക്കുകയാണ് അയാൾ ചെയ്തത്. തന്റെ പുസ്തകങ്ങളുടെ പകർപ്പവകാശം താനുപേക്ഷിക്കുകയാണെന്നും അതാർക്കുവേണമെങ്കിലും പ്രസിദ്ധപ്പെടുത്താമെന്നും അയാൾ രേഖപ്പെടുത്തി. വിൽപ്പത്രത്തിന്റെ കോപ്പി അയാൾ സാംസ്കാരികമന്ത്രിക്ക് നേരിട്ടുനൽകിയെന്നും പറയപ്പെടുന്നു. എന്തായാലും തുടർചികിത്സകൾക്കൊന്നും നിൽകാതെ ലക്ഷ്മണൻ ആശുപത്രിയിൽ നിന്ന് ആരെയും അറിയിക്കാതെ കടന്നു. പിന്നെ മരണം വരെ അയാളെപ്പറ്റി ആർക്കും വിവരമൊന്നുമുണ്ടായില്ല. ലക്ഷ്മണൻ ആശുപത്രിയിൽ കിടക്കുമ്പോൾ പ്രശസ്തരായ വ്യക്തികൾ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുക പ്രകാശന്റെ പതിവായിരുന്നു.പ്രതീക്ഷിച്ച പലരും എത്തിയില്ലെന്നതാണ് നേര്. അയാളുടെ ഭാര്യയോ മക്കളോ വന്നില്ല. ഒരിക്കൽ സഹോദരനും മകളും അവിടെ വന്നിരുന്നു. ഇനി വരരുതെന്ന് ലക്ഷ്മണൻ അവരോടു പറഞ്ഞു. മരണം കഴിഞ്ഞു ഏറെച്ചെല്ലുംമുമ്പേ വീട് ഏറ്റെടുക്കൽ പരിപാടി നടന്നതിന് പിന്നിൽ ഇങ്ങനെ ചില കാര്യങ്ങളുണ്ടായിരുന്നു.യഥാർത്ഥത്തിൽ ആ വീട് എങ്ങനെ നില നിർത്തണമെന്നോ എന്തൊക്കെ നടപടികളാണ് അവിടെ കൈക്കൊള്ളേണ്ടതെന്നോ യാതൊരു ആശയവും സർക്കാറിനുണ്ടായിരുന്നില്ല.സാഹിത്യ അക്കാഡമിയുടെ തലപ്പത്തുള്ള ചില സാഹിത്യകാരന്മാർ സാംസ്കാരികമന്ത്രിയെ ചെന്നുകാണുകയും ചില ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. സാംസ്കാരികമന്ത്രി മുഖ്യമന്ത്രിയെ സമീപിച്ചു. സാഹിത്യകാരന്മാരുടെ ആശയങ്ങൾ മുഖ്യമന്ത്രിയോടവതരിപ്പിക്കാൻ തുടങ്ങിയപ്പോൾത്തന്നെ അദ്ദേഹം സാംസ്കാരികമന്ത്രിയെ തടഞ്ഞു.
''ആനക്കാര്യത്തിനിടയിലാണോ ചേനക്കാര്യം?"" എന്നാണ് മുഖ്യൻ ചോദിച്ചത്. കള്ളുഷാപ്പുകളുടെ ലേലത്തെസ് സംബന്ധിച്ച ചില കീറാമുട്ടികൾക്കിടയിലായിരുന്നു മുഖ്യൻ. ഈ പ്രശ്നമായിരുന്നു അദ്ദേഹത്തിന്റെ ആനക്കാര്യം.
''ഭാര്യയും രണ്ടു മക്കളുമില്ലേ അയാൾക്ക്?പിന്നെന്തിനാ അയാൾ വീട് സർക്കാരിനെ ഏല്പിക്കുന്നത്?""
എന്ന് അസഹ്യതയോടെ മുഖ്യൻ ചോദിച്ചു.
''പക്ഷേ, അവർ അയാളെ ഉപേക്ഷിച്ചുപോയിരിക്കുകയല്ലേ?""
സാംസ്കാരികമന്ത്രി ലക്ഷ്മണനെ ന്യായീകരിക്കാൻ ശ്രമിച്ചു.
''ഉപേക്ഷിച്ചാലും മക്കൾ മക്കളല്ലാതാവുമോ? ഈ സാഹിത്യകാരന്മാരുടെ ഓരോ വട്ട്! ആട്ടെ,അയാളുടെ ഭാര്യ വേറേ കല്യാണം കഴിച്ചോ?""
''ഇല്ലെന്നു തോന്നുന്നു.""
''പിന്നെയയാൾക്ക് എന്തിന്റെ കേടാ?""
ഒരു നിമിഷം നിർത്തിയ ശേഷം സാംസ്കാരികമന്ത്രിയെ ആശ്വസിപ്പിക്കുന്ന മട്ടിൽ മുഖ്യൻ തുടർന്നു:
''ആട്ടെ, തൽക്കാലം ആ വീട് ഏറ്റെടുക്കുക.സർക്കാരിന്റെ ഭൂമിയും കെട്ടിടങ്ങളുമൊക്കെ മിടുക്കന്മാർ അടിച്ചുമാറ്റിക്കൊണ്ടിരിക്കുകയല്ലേ? ചെറുതായാലും ഒരു കെട്ടിടം കൂടി സർക്കാറിന് കിട്ടുന്നത് നല്ലതാ. ബാക്കി കാര്യങ്ങളൊക്കെ പിന്നീട് തീരുമാനിക്കാം.""
കെട്ടിടം ഏറ്റെടുക്കൽ ചടങ്ങ് നിർവഹിക്കുന്നത് മുഖ്യമന്ത്രിയാണെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ മൂലം മുഖ്യമന്ത്രി ചടങ്ങിനെത്തിയില്ല. സാംസ്കാരികമന്ത്രിയാണ് ആ കൃത്യം നിർവഹിച്ചത്...
''ബാക്കി കാര്യങ്ങളൊക്കെ പിന്നീട് തീരുമാനിക്കാം.""
എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നതെങ്കിലും അനേകം കാര്യങ്ങൾ തീരുമാനിച്ചുറപ്പിച്ച നിലയിലായിരുന്നു സാംസ്കാരികമന്ത്രിയുടെ പ്രസംഗം. കളത്തിൽ ലക്ഷ്മണന്റെ വീട് ഒരു മ്യൂസിയമാവുമെന്നും അതിന്റെ മുന്നിൽ ലക്ഷ്മണന്റെ അർദ്ധകായമോ പൂർണ്ണകായമോ ആയ ഒരു പ്രതിമയുണ്ടാവുമെന്നും പൂർണ്ണമായും എയർ കണ്ടിഷൻ ചെയ്ത കെട്ടിടത്തിൽ ഗവേഷകർക്കുവേണ്ട സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്മണന്റെ ആരാധകർക്കും ഭാവിയിലെ ആസ്വാദകർക്കും ഒരു തീർത്ഥാടനകേന്ദ്രമായിരിക്കും ഈ കെട്ടിടമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.ലോകത്തെ മഹാന്മാരായ ചിന്തകന്മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും യുക്തിവാദസാഹിത്യത്തിന്റെ പരമാചാര്യനാണദ്ദേഹമെന്നും മന്ത്രി പ്രകീർത്തിച്ചു.യാതനാനിർഭരമായ സ്വജീവിതത്തെ സ്വന്തം സാഹിത്യസൃഷ്ടികളുടെ ഊർജ്ജമാക്കി മാറ്റിയ ലക്ഷ്മണന്റെ കാലടിപ്പാടുകൾ പിന്തുടരാൻ യുവസാഹിത്യകാരന്മാരോട് അദ്ദേഹം ആഹ്വാനം ചെയ്തു.ചടങ്ങിൽ സംബന്ധിച്ച രാഷ്ട്രീയനേതാക്കളും സാഹിത്യകാരന്മാരും ലക്ഷ്മണന്റെ അപദാനങ്ങൾ വിസ്തരിച്ചു.
ചടങ്ങുകൾ കഴിഞ്ഞു. കളത്തിൽ വീട് വിജനമായി.വീടിന്റെ സൂക്ഷിപ്പുകാരനായ അയ്യപ്പൻ വാതിലുകൾ അടച്ചുകൊണ്ടിരിക്കെ ഒരു ചെറുപ്പക്കാരൻ വീട്ടിലേക്കുതന്നെ ഉറ്റുനോക്കി അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നത് കണ്ടു.അയ്യപ്പൻ അയാളുടെ അടുത്തേക്ക് ചെന്നു..ചെറുപ്പക്കാരന്റെ നില്പ് അത്ര പിടിക്കാത്ത മട്ടിൽ അയാൾ ചോദിച്ചു:
''ങും...എന്തരു വേണം?""
ചെറുപ്പക്കാരൻ ഒന്ന് പരുങ്ങി.
''ഞാൻ....വെറുതേ...""
''വെറുതേ എന്ന് പറഞ്ഞാ.....?""
ചെറുപ്പക്കാരൻ ഒന്നും മിണ്ടാതെ നിന്നു.

പെട്ടെന്ന് പിന്നിലെത്തിയ ഒരാൾ അയ്യപ്പനോട് അടക്കം പറഞ്ഞു:
''അത് .. ലക്ഷ്മണൻ സാറിന്റെ മകനാ...""
അയ്യപ്പൻ തിരിഞ്ഞുനോക്കി.പിന്നിൽ നിൽക്കുന്നത് പ്രകാശനാണെന്ന് അയാൾ കണ്ടു.
പ്രകാശനെ അയ്യപ്പനറിയാം. ലക്ഷ്മണനെക്കുറിച്ചുള്ള ഗവേഷണത്തിനുവേണ്ടി ആ കെട്ടിടത്തിലെ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും മറ്റു രേഖകളുമൊക്കെ പ്രയോജനപ്പെടുത്താൻ പ്രത്യേകഅനുമതി വാങ്ങിയിട്ടുള്ള ആളാണ് പ്രകാശൻ. ചടങ്ങിന് മുൻപുതന്നെ അയാൾ അയ്യപ്പനെ പലവുരു കാണുകയും ഒരു ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്തിരുന്നു. പ്രകാശൻ അയ്യപ്പനോട് തന്നെപ്പറ്റി എന്തോ മന്ത്രിക്കുന്നതു ശ്രദ്ധിച്ച ചെറുപ്പക്കാരൻ ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്നു.
അയാൾ പോകുന്നതു നോക്കി നിന്ന അയ്യപ്പൻ പ്രകാശനോട് ചോദിച്ചു:'ഇയാക്കെന്താ പണി?"
അറിയില്ലെന്ന് പ്രകാശൻ മറുപടി പറഞ്ഞു.
''വീട് കൈവിട്ടുപോയതില് ദേഷ്യവും സങ്കടവും കാണും. എന്നാലും സ്വന്തം മക്കളോട് അങ്ങേര് ഇങ്ങനെ കാണിച്ചുകളഞ്ഞല്ലോ.""
സമയം കളയാതെ പ്രകാശൻ ആ വീട്ടിനുള്ളിലെ തന്റെ ഗവേഷണമാരംഭിച്ചു. ജീവചരിത്രമെഴുതാനെന്ന പേരിൽ മരിച്ചുപോയ സാഹിത്യകാരന്മാരുടെ കൈയെഴുത്തുപ്രതികളും രേഖകളും പരിശോധിക്കുക പ്രകാശന്റെ ഒരു വിനോദമായിരുന്നു. ഈ എഴുത്തുകാർ അച്ചടിപ്പിക്കാൻ വിട്ടുപോയതോ വേണ്ടെന്നുവച്ചതോ ആയ രചനകൾ തപ്പിപ്പിടിച്ചെടുത്ത് അയാൾ ആനുകാലികങ്ങൾക്കയച്ചിരുന്നു. കഥയുടെ ഒടുക്കം സമ്പാദകൻ : പി.എസ് .പ്രകാശൻ എന്നച്ചടിച്ചിരിക്കുന്നതുകണ്ടു സായൂജ്യമടയുകയായിരുന്നു അയാളുടെ ഏകലക്ഷ്യം.കേശവദേവിന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും ഏതാനും കഥകൾ അയാൾ ഇത്തരത്തിൽ വാരികകളിൽ പ്രസിദ്ധീകരിപ്പിച്ചു. അവരുടെ ബന്ധുക്കൾ ഈ നടപടിയിൽ അങ്ങേയറ്റം പ്രതിഷേധം രേഖപ്പെടുത്തിയതിനെത്തുടർന്ന് പത്രാധിപന്മാർക്ക് ക്ഷമാപണം പ്രസിദ്ധീകരിക്കേണ്ടിവന്നു.ആ പ്രസിദ്ധീകരണങ്ങളിൽ ഇനി കാൽ കുത്താനാവില്ലെന്ന് പ്രകാശന് നല്ല നിശ്ചയമുണ്ടായിരുന്നുവെങ്കിലും ഈ പുകിലൊന്നുമറിയാത്ത ഏതെങ്കിലും പത്രാധിപരുടെ പ്രസിദ്ധീകരണത്തിൽ ലക്ഷ്മണന്റെ വെളിച്ചം കാണാത്ത രചനകൾ അച്ചടിപ്പിച്ചെടുക്കാമെന്ന് അയാൾ കരുതി. എന്നാൽ, അതിന്റെ ഒരു പരിമിതിയെപ്പറ്റിയും അയാൾക്ക് നിശ്ചയമുണ്ടായിരുന്നു. ലക്ഷ്മണൻ ഒരു കഥാകൃത്തോ പോപ്പുലാരിറ്റിയുള്ള എഴുത്തുകാരനോ ആയിരുന്നില്ല.വാരികക്കാർ ആവേശത്തോടെ അച്ചടിപ്പിക്കാനുള്ള വകയൊന്നും ലക്ഷ്മണന്റെ രചനകളിലുണ്ടായിരുന്നില്ല. പിന്നെന്തിനീ വൃഥാപ്രയത്നം എന്ന് ആർക്കെങ്കിലും തോന്നിയാൽ പ്രകാശനെ അവർക്കറിയില്ല എന്നാണർത്ഥം.കാരണം, വിവാദങ്ങളിൽ അഭിരമിക്കുന്നവരാണ് കേരളത്തിലെ പത്രക്കാരും വായനക്കാരും എന്നും അതിനുള്ള വക ലക്ഷ്മണസാഹിത്യത്തിലുണ്ടാവുമെന്നും പ്രകാശനറിയാമായിരുന്നു.
ഈ ആത്മവിശ്വാസത്തോടെയാണ് ലക്ഷ്മണന്റെ ഫയലുകൾ പ്രകാശൻ ചിക്കിചികഞ്ഞുകൊണ്ടിരിക്കുന്നത്.ലക്ഷ്മണന്റെ ജീവിതത്തിലെ പോരാട്ടങ്ങളും ആകുലതകളും ധർമ്മസങ്കടങ്ങളും രേഖപ്പെടുത്തിയ അനേകം കടലാസുതുണ്ടുകൾ ആ ഫയലുകളിൽ അനാഥമായിക്കിടന്നിരുന്നു.അച്ചടിമഷി പുരണ്ടിട്ടില്ലാത്ത അനുഭവസാക്ഷ്യങ്ങൾ.പല കടലാസുതുണ്ടുകളിലായി പലപ്പോഴായി കുറിച്ചിട്ട ഖണ്ഡികകൾ മാത്രമായിരുന്നു അവ. ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ അവയെ ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന ചിന്ത പ്രകാശമുണ്ടായില്ല. അയാളെസംബന്ധിച്ചേടത്തോളം അവ അർത്ഥശൂന്യമായ കുറിമാനങ്ങൾ മാത്രമായിരുന്നു. എങ്കിലും തനിക്കാവശ്യമായ എന്തെങ്കിലുമൊന്ന് ഈ കടലാസുകാട്ടിൽ നിന്ന് പൊന്തിവരാതിരിക്കില്ലെന്ന് അയാൾ കരുതി.
''നേരം ഒരുപാടായി.""
അയ്യപ്പന്റെ ശബ്ദം കേട്ട് പ്രകാശൻ തലയുയർത്തി നോക്കി. അയാളുടെ മുഖത്തെ പ്രസന്നതയെല്ലാം ചോർന്നുപോയിരുന്നു. ആ കണ്ണുകളിലെ നീരസം പ്രകാശൻ ശ്രദ്ധിച്ചു.
''എനിക്ക് വീട്ടില് പോണം. അത്യാവശ്യമുള്ളതൊക്കെ എടുത്ത് ഇവിടെ എഴുതിവച്ചിട്ട് കൊണ്ടുപോയ്ക്കോളിൻ. പകല് ഞാനിവിടെത്തന്നെ കാണും. ഇപ്പം പിള്ള പോ.""
ലക്ഷ്മണന്റെ കുറെ ആദ്യകാല പുസ്തകങ്ങളും കൈയിൽത്തടഞ്ഞ കുറേ നോട്ടുബുക്കുകളും കടലാസുകളുമൊക്കെയെടുത്ത് പ്രകാശൻ എഴുന്നേറ്റു.
''പോട്ടെ അയ്യപ്പൻ ചേട്ടാ..""
പുറത്തേക്കുള്ള വാതിൽക്കലേക്ക് നീങ്ങിക്കൊണ്ട് പ്രകാശൻ പറഞ്ഞു.അയ്യപ്പൻ അയാളുടെ പുറകെ ചെന്നു.പ്രകാശൻ പടികടന്നപ്പോൾ അയാൾക്കുപിന്നിൽ കളത്തിൽ ഹൗസിന്റെ വാതിൽ കൊട്ടിയടഞ്ഞു.
(തുടരും)