karnataka-budget

ബംഗളൂരു: അയോദ്ധ്യയിൽ തീർത്ഥാടകർക്ക് ഗസ്റ്റ് ഹൗസ് നിർമ്മിക്കാൻ ബ‌ഡ്ജറ്റിൽ 10 കോടി രൂപ അനുവദിച്ച് കർണാടക സർക്കാർ. കർണാടകയിൽ നിന്ന് രാമക്ഷേത്ര ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി ഗസ്റ്റ് ഹൗസ് നിർമ്മിക്കാനാണ് തുക അനുവദിച്ചത്. തിരുപ്പതി പോലുള്ള രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലും നേരത്തെ കർണാടക സർക്കാർ സ്വന്തം ചെലവിൽ ഗസ്റ്റ് ഹൗസ് നിർമ്മിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ കാരണം സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ഇടിവ് രേഖപ്പെടുത്തിയെന്നും 2019-20 വർഷത്തെ അപേക്ഷിച്ച് ജി.എസ്.ഡി.പി 2.6 ശതമാനമായി ചുരുങ്ങിയതായും ബ‌ഡ്ജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ വ്യക്തമാക്കി.