ola

ചെന്നൈ: തമിഴ്നാട്ടിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ടൂ-വീലർ നിർമാണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ഓല ക്യാബ് സ്ഥാപകൻ ഭവിഷ് അഗർവാൾ. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ കണ്ടെത്തിയിരിക്കുന്ന 500 ഏക്കറിലാകും പ്ലാന്റ് സ്ഥാപിക്കുക. ഏറ്റവും വലിയ മുടക്ക് മുതലിൽ ഇന്ത്യയിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകളിൽ ഒന്നായിരിക്കും ഇത്.

വർഷം പത്ത് മില്ല്യൺ ഇ-സ്‌കൂട്ടറുകൾ നിർമിക്കാനുളള ശേഷി പ്ലാന്റിനുണ്ടാകും. ഇന്ത്യൻ വിപണി മാത്രമല്ല ലോക വിപണികൂടി ലക്ഷ്യമാക്കിയാകും ടൂ-വീലറുകൾ കമ്പനി നിർമിക്കുക. ഭവിഷ് അഗർവാൾ ഇക്കാര്യത്തിൽ വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ഇലക്ട്രിക് വാഹന വിപണിയിലെ ഭീമനായ ടെസ്‌ല അടക്കമുളള കമ്പനികളുമായാകും ഓലയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് മത്സരിക്കേണ്ടതായി വരിക.

മലിനീകരണ തോത് കൂടുതലുളള ഇന്ത്യയിലെ നഗരങ്ങളിൽ പോലും ഇപ്പോഴും പെട്രോൾ ഡീസൽ വാഹനങ്ങളാണ് കൂടുതൽ ഉപയോഗിക്കുന്നത്. ഇലക്ട്രിക് വാഹന വിപണിയിലേക്ക് ഓലയുടെ കടന്നുവരവേടെ ഇതിന് മാറ്റം വരുമെന്നാണ് കരുതുന്നത്. ഇലക്ട്രിക് വാഹന ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെയും ഉണ്ടായിട്ടുളളത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതും കമ്പനിക്ക് ഗുണകരമാകും.

ഇലക്ട്രിക് വാഹനങ്ങളുടെ വിൽപനയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ മുൻ കാലത്തെ അപേക്ഷിച്ച് വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ചാർജിംഗ് സ്റ്റേഷനുകളുടെ കുറവടക്കമുളള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടാൽ ഇലക്ട്രിക് വാഹന വിപണിയിൽ വൻ ഉണർവുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ധന വില വർദ്ധനവും ഇലക്ട്രിക് വാഹനങ്ങളോട് ഇപ്പോൾ ഉപഭോക്താക്കളെ അടുപ്പിക്കുന്നുണ്ട്.