
മാഞ്ചെസ്റ്റർ: തുടച്ചയായി ഇരുപത്തിയൊന്ന് വിജയങ്ങളുമായി വിസ്മയക്കുതിപ്പ് നടത്തുകയായിരുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് കടിഞ്ഞാണിട്ട് ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പടയോട്ടം. 
കഴിഞ്ഞ ദിവസം നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയെ യുണൈറ്റഡ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്തു. സിറ്റിയുടെ തട്ടകമായ എത്തിഹാദിൽ നടന്ന മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസും (പെനാൽറ്റിയിലൂടെ), ലൂക്ക് ഷോയുമാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്.മത്സരത്തിന്റെ രണ്ടാം മിനിട്ടിൽത്തന്നെ യുണൈറ്റഡിന് അനുകൂലമായി പെനാൽറ്റി കിട്ടി. ആന്റണി മാർട്ടിയാലിനെ ഗബ്രിയേൽ ജീസസ് ബോക്സിൽ വീഴ്ത്തിതിനാണ് റഫറി യുണൈറ്റഡിന് അനുകൂലമായി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത ബ്രൂണോ പിഴവേതുമില്ലാതെ പന്ത് വലയിലാക്കി.ആ ഗോളിന്റെ ലീഡുമായി ഇടവേളയ്ക്ക് പിരിഞ്ഞ യുണൈറ്റഡ് രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിട്ടിനകം തന്നെ ലൂക്ക് ഷോയിലൂടെ ലീഡുയർത്തി. 
റാഷ്ഫോർഡിനൊപ്പം ഷോ നടത്തിയ ഒരു നീക്കമാണ് ഗോളിൽ കലാശിച്ചത്. കളിയിലുടനീളം പാസിംഗിലും ബാൾ പൊസഷനിലും തൊടുത്ത ഷോട്ടുകളിലുമെല്ലാം സിറ്റി യുണൈറ്റഡിനേക്കാൾ വളരെ മുന്നിലായിരുന്നെങ്കിലും ഗോൾ കണ്ടെത്തുന്നതിൽ അവർ പരാജയപ്പെടുകയായിരുന്നു. തോറ്റെങ്കിലും 28 മത്സരങ്ങളിൽ നിന്ന് 65 പോയിന്റുമായി സിറ്റികിരീടപ്പോരാട്ടത്തിൽ ഏറെ മുന്നിൽത്തന്നെയാണ് . രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിന് 54 പോയിന്റാണുള്ളത്.
ലിവറിന് തോൽവി
അതേസമയം നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അവർ ഫുൾഹാമിനോട് ഏകപക്ഷീയമായ ഒരുഗോളിന് തോറ്റു. മാരിയോ ലാമിനയാണ് 45-ാം മിനിട്ടിൽ അവരുടെ വിജയഗോൾ നേടിയത്.
ടോട്ടൽ സൂപ്പർ
ടോട്ടൻഹാം ഹോട്ട്സ്പർ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ കീഴടക്കി. ഗാരത് ബെയ്ലും ഹാരി കേനും ഇരട്ടഗോളുകളുമായി ടോട്ടനത്തിന് തകർപ്പൻ ജയമൊരുക്കുകയായിരുന്നു. ക്രിസ്റ്റ്യൻ ബെന്റക്കി ക്രിസ്റ്റലിനായി ഒരുഗോൾ മടക്കി.
3 സിറ്രിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ തുടർച്ചയായി 3 വിജയങ്ങൾ നേടുന്ന ആദ്യ കോച്ചെന്ന നേട്ടം ഒലെ ഗുണ്ണർ സോൾഷെയർ സ്വന്തമാക്കി
21 സിറ്രി തോൽക്കുന്നത് 21 മത്സരങ്ങൾക്ക് ശേഷം