
ചെന്നൈ: തന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ ആശയങ്ങൾ ഡി.എം.കെ മോഷ്ടിച്ചെന്ന് തമിഴ് സൂപ്പർ താരം കമൽ ഹാസൻ. വീട്ടുജോലിക്ക് ശമ്പളം, പ്രതിവർഷം 10 ലക്ഷം തൊഴിലവസരങ്ങൾ, ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് കൈതാങ്ങ് തുടങ്ങിയ ആശയങ്ങൾ ഡി.എം.കെ മോഷ്ടിച്ചെന്നാണ് ആരോപണം.
വീട്ടുജോലി ഓഫിസ് ജോലിയായി പരിഗണിച്ച് മാസം 1,000 രൂപ വീട്ടമ്മമാർക്ക് നൽകുമെന്നും പ്രതിവർഷം 10 ലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്നും കുടുംബത്തിന്റെ വരുമാനം ഉയർത്തുമെന്നുമാണ് ഡി.എം.കെയുടെ വാഗ്ദാനം.അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്ന് കമൽഹാസൻ പറഞ്ഞിരുന്നു. അദ്ദേഹം (സ്റ്റാലിൻ) ഞങ്ങളുടെ ആശയങ്ങൾ പകർത്തി അവരുടേതാക്കി മാറ്റി. വീട്ടമ്മമാർക്ക് ശമ്പളം ഉറപ്പാക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്. ഇപ്പോൾ സ്റ്റാലിൻ പറയുന്നു വീട്ടമ്മമാർക്ക് 1000 രൂപ വീതം നൽകുമെന്ന്. ബീജിംഗ് വിളംബരത്തെ അടിസ്ഥാനമാക്കി ഇത്തരമൊരു വാഗ്ദാനം നൽകിയ ആദ്യ രാഷ്ട്രീയ പാർട്ടി ഞങ്ങളുടേതാണ്. സംസ്ഥാനത്ത് 50 ലക്ഷം തൊഴിലുകൾ അഞ്ചുവർഷത്തിനുള്ളിൽ സൃഷ്ടിക്കുമെന്ന് എം.എൻ.എം വാഗ്ദാനം ചെയ്തിരുന്നു. ഒരു വർഷം 10ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്നാണ് ഡി.എം.കെയുടെ വാഗ്ദാനം. അഞ്ചുവർഷം കൊണ്ട് 50 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്നതിന് സമാനമാണിത് - കമൽ പറഞ്ഞു.