
ഏറ്രവും കൂടുതൽആഴ്ച ഒന്നാം സ്ഥാനത്ത് തുടരുന്ന താരമായി ജോക്കോവിച്ച്
ലണ്ടൻ: ഇതിഹാസ താരം റോജർ ഫെഡററിനെ മറികടന്ന് ഏറ്റവും കൂടുതൽ ആഴ്ച ഒന്നാം റാങ്കിൽ തുടരുന്ന താരമെന്ന റെക്കാഡ് സെർബിയൻ ടെന്നീസ് സെൻസേഷൻ നൊവാക്ക് ജോക്കോവിച്ച് സ്വന്തമാക്കി. 311 ആഴ്ചകളാണ് ജോക്കോവിച്ച് ഒന്നാം സ്ഥാനം കൈവശം വച്ചത്. 310 ആഴ്ചകളെന്ന ഫെഡററുടെ റെക്കാഡാണിപ്പോൾ പഴങ്കഥയായത്. 2011 ജൂലായിലാണ് ജോക്കോ ആദ്യമായി ഒന്നാം റാങ്കിലെത്തുന്നത്. ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടമെന്ന നേട്ടം നിലവിൽ കൈവശം വച്ചിരിക്കുന്ന റോജർ ഫെഡററുടേയും റാഫേൽ നദാലിന്റേയും (20 ഗ്രാൻഡ്സ്ലാമുകൾ) തൊട്ടു പിന്നാലേയും 33കാരനായ ജോക്കോയുണ്ട്.
കഴിഞ്ഞ തവണ ആസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കിയതോടെ ജോക്കോവിച്ചിന്റെ ശേഖരത്തിൽ 18 ഗ്രാൻഡ്സ്ലാമുകളായി. ഏറ്റവും കൂടുതൽ തവണ ആസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനായ താരവും ജോക്കോവിച്ചാണ്.
ഇതിഹാസങ്ങൾ നടന്ന വഴിയിലൂടെ സഞ്ചരിക്കാനായതിൽ ഏറെ സന്തുഷ്ടനാണ്. അവർക്കൊപ്പം ഒരുസ്ഥാനം നേടുകയെന്ന എന്റെ കുട്ടിക്കാല സ്വപ്നം സാക്ഷാത്കരിക്കാനായത് മനോഹരമായ ഒരു അനുഭവമാണ്.
ജോക്കോവിച്ച്