cpm-ponnani

പൊന്നാനി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ച് പൊന്നാനി സിപിഎം ഘടകത്തിൽ വൻ പ്രതിഷേധം. ഇടത് മുന്നണി പി.നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് എതിരെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകർ തെരുവിൽ പ്രതിഷേധിക്കുന്നത്. ടിഎം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. 'നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും'-എന്ന ബാനർ ഉയർത്തിയാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. 'കെട്ടിയിറക്കിയ ഭാണ്ഡക്കെട്ടുകളെ വേണ്ട'-എന്നുള്ള മുദ്രാവാക്യവും പ്രതിഷേധക്കാർ ഉയർത്തുന്നു.

പൊന്നാനി പ്രദേശത്തെ തന്നെ ആളായ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ മത്സരിപ്പിക്കാതെ ജില്ലയ്ക്ക് പുറത്തുനിന്നും വന്ന നേതാവിനെ മത്സരിപ്പിക്കുന്നതിലുള്ള എതിർപ്പാണ് ഇവർ തങ്ങളുടെ പ്രതിഷേധത്തിലൂടെ വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള സമ്മർദ്ദങ്ങളും പ്രതിഷേധങ്ങളും കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായിരുന്നു. സിദ്ദിഖിനെ സ്ഥാനാര്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകൾ പൊന്നാനിയിലെ ചില പ്രദേശങ്ങളിൽ കണ്ടിരുന്നു. ഇക്കാര്യം സംബന്ധിച്ച് സിപിഎം പ്രാദേശിക നേതാക്കൾ ജില്ലാ നേതാക്കളെ കാണുകയും ചെയ്തിരുന്നു.

നിയമസഭാ സ്പീക്കർ കൂടിയായ പി ശ്രീരാമകൃഷ്ണൻ ഇവിടെ മത്സരിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. നന്ദകുമാറിനെ സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ സാധിക്കുകയില്ല എന്നും പി. ശ്രീരാമകൃഷ്ണൻ പൊന്നാനിയിൽ മത്സരിക്കുന്നില്ലെങ്കിൽ ടിഎം സിദ്ദിഖിനെ ഇവിടെ മത്സരിപ്പിക്കണമെന്നും പ്രവർത്തകർ ആവശ്യമുയർത്തിയിരുന്നു. എന്നാൽ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം അംഗീകരിക്കാൻ തയ്യാറായില്ല എന്നാണ് വിവരം. ശേഷം സിഐടിയു നേതാവ് കൂടിയായ നന്ദകുമാർ തന്നെ ഇവിടെ മത്സരിച്ചാൽ മതിയെന്നായിരുന്നു തീരുമാനം വന്നത്.

മലപ്പുറം ജില്ലയിൽ സിപിഎമ്മിന് ഏറെ സ്വാധീനമുള്ള പ്രദേശമാണ് പൊന്നാനി. അത്തരമൊരു സ്ഥലത്ത് അണികൾക്ക് ഒട്ടും സ്വീകാര്യനല്ലാത്ത സ്ഥാനാർത്ഥിയെ ഇടത് മുന്നണി മത്സരിപ്പിക്കാൻ ശ്രമിക്കുന്നു എന്നതാണ് പ്രതിഷേധക്കാർ ഉയർത്തുന്ന പ്രധാന ആക്ഷേപം. പാർട്ടിയുടെ ശക്തികേന്ദ്രമായ പൊന്നാനി പോലെയൊരു സ്ഥലത്ത് ഇത്രയും രൂക്ഷമായ ഒരു എതിർപ്പ് വരികയാണെങ്കിൽ പാർട്ടിക്ക് അത് കണ്ടില്ലെന്നു നടിക്കാൻ സാധിക്കുകയുമില്ല. എന്നാൽ സംസ്ഥാന നേതൃത്വത്തെ ഈ സാഹചര്യം അറിയിച്ചു എന്ന് ജില്ലാ നേതൃത്വം പറഞ്ഞിരുന്നുവെങ്കിലും പൊതുവെ അണികളുടെ പ്രതിഷേധം അവർ വിലവച്ചില്ല എന്നുവേണം മനസിലാക്കാൻ.