
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സ്വപ്ന സുരേഷിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. സ്വപ്ന സുരേഷിന്റെ സുരക്ഷാചുമതല ഉണ്ടായിരുന്ന പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലെ സിജി വിജയൻ എന്ന ഉദ്യോഗസ്ഥയാണ് മൊഴി നൽകിയത്.
നേരത്തെ പുറത്തുവന്ന സ്വപ്നയുടെ സംഭാഷണത്തിന്റെ ശബ്ദരേഖയിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി പരാമർശമുണ്ടായിരുന്നു. ഈ ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഈ സംഘത്തോടാണ് പൊലീസുകാരി മൊഴി നൽകിയിരിക്കുന്നത്.
എൻഫോഴ്സ്‌മെന്റിന്റെ കസ്റ്റഡിയിൽ സ്വപ്ന ഉണ്ടായിരുപ്പോൾ അവരുടെ സുരക്ഷാ ചുമതലയായിരുന്നു സിജി വിജയന് ഉണ്ടായിരുന്നത്. സ്വപ്നയെ ചോദ്യംചെയ്യുന്ന സമയത്തൊക്കെ താൻ അടുത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാനായി ഇ ഡി സ്വപ്നയെ നിര്‍ബന്ധിച്ചു. ചോദിക്കുന്ന ചോദ്യങ്ങളില്‍ പലതിലും മുഖ്യമന്ത്രിയുടെ പേര് മനപ്പൂര്‍വ്വം ഉള്‍പ്പെടുത്തി. വളരെ നിര്‍ബന്ധിച്ചാണ് സ്വപ്‌നയെക്കൊണ്ട് ഉദ്യോഗസ്ഥര്‍ സംസാരിപ്പിച്ചത്.
ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടയില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നിരന്തരം ഫോണ്‍കോളുകള്‍ വന്നിരുന്നു.
എൻഫോഴ്സ്‌മെന്റിന്റെ ചോദ്യംചെയ്യലിനിടയിൽ സ്വപ്നയുടെ മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നത് താൻ കേട്ടിട്ടുണ്ടെന്നും പൊലീസുകാരിയുടെ മൊഴിയിൽ പറയുന്നു. കൂടാതെ, നേരത്തെ പുറത്തുവന്ന ശബ്ദരേഖ സ്വപ്നയുടേതുതന്നെയാണെന്നും ശബ്ദരേഖയിൽ പറയുന്നു. താനല്ല ശബ്ദരേഖ റെക്കോർഡ് ചെയ്തത്. സ്വപ്നയുമായി ബന്ധമുള്ള ആൾക്കാർ അവരെ ജയിലിൽ സന്ദർശിക്കാൻ എത്തിയിരുന്നു. ആ സമയത്ത് താൻ അടക്കമുള്ള ഉദ്യോഗസ്ഥർ മാറിനിൽക്കുകയാണ് ചെയ്യാറുള്ളത്. ആ സമയത്തായിരിക്കാം കോൾ റെക്കോർഡ് ചെയ്തതെന്നും അവർ പറയുന്നു.